പ്രവര്ത്തനം അനധികൃതം; ആനക്കട്ടിയിലെ 8 റിസോര്ട്ടുകള് പൂട്ടാന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
Chennai, 28 ഓഗസ്റ്റ് (H.S.) കേരള - തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ ആനക്കട്ടിയിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെ നടിപടിയെടുക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. അനുമതിയില്ലാത്ത 8 റിസോര്‍ട്ടുകള്‍ അടച്ചു പൂട്ടാനാണ് മദ്രാസ് ഹൈക്കോടതി ജില്ലാ കലക്ടര്‍ക
Madras HC


Chennai, 28 ഓഗസ്റ്റ് (H.S.)

കേരള - തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ ആനക്കട്ടിയിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെ നടിപടിയെടുക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. അനുമതിയില്ലാത്ത 8 റിസോര്‍ട്ടുകള്‍ അടച്ചു പൂട്ടാനാണ് മദ്രാസ് ഹൈക്കോടതി ജില്ലാ കലക്ടര്‍ക്ക് ഉത്തരവു നല്‍കി. ആനക്കട്ടിക്കു സമീപമുള്ള നമ്പര്‍ 24 വീരപാണ്ടി ഗ്രാമത്തില്‍ ആസൂത്രണ അനുമതിയടക്കം ആവശ്യമായ ലൈസന്‍സുകളില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ പൂട്ടാനാണ് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ പവന്‍കുമാര്‍ ജി.ഗിരിയപ്പനവര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

കൂടാതെ രണ്ടു റിസോര്‍ട്ടുകള്‍ക്ക് പഞ്ചായത്ത് നല്‍കിയ അനുമതികള്‍ പുനഃപരിശോധിക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. അനുമതികളില്‍ ലംഘനങ്ങളോ ക്രമക്കേടുകളോ ഉണ്ടായിട്ടുണ്ടോ എന്നു കോടതിയെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഇനി സെപ്റ്റംബര്‍ 18നു വീണ്ടും പരിഗണിക്കും. കലക്ടറുടെ അധ്യക്ഷതയില്‍ കോടതി രൂപീകരിച്ച, ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍, കോയമ്പത്തൂര്‍ നോര്‍ത്ത് തഹസില്‍ദാര്‍, പെരിയനായ്ക്കന്‍പാളയം ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി അടുത്ത വാദത്തില്‍ ഈ എട്ടു റിസോര്‍ട്ടുകള്‍ പൂട്ടിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ പ്രദേശത്ത് മറ്റു റിസോര്‍ട്ടുകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനും കമ്മിറ്റിയോട് കോടതി നിര്‍ദേശിച്ചു.

ആനക്കട്ടിയിലെ അനധികൃത റിസോര്‍ട്ടുകളെ നിയന്ത്രിക്കണമെന്നും ആനത്താര സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിയും പരിസ്ഥിതിപ്രവര്‍ത്തകനുമായ എന്‍.മുരളീധരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ആനക്കട്ടിയിലും പരിസരത്തുമായി ഇരുപതോളം റിസോര്‍ട്ടുകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, കമ്മിറ്റി നടത്തിയ പരിശോധനയില്‍ 10 റിസോര്‍ട്ടുകളാണു കണ്ടെത്തിയത്. മന്ത്രിമാരും എംഎല്‍എമാരും മറ്റു സ്വാധീനമുള്ള വ്യക്തികളും നടത്തുന്നതാണ് മറ്റ് 10 റിസോര്‍ട്ടുകള്‍ എന്നതിനാല്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം അവയുടെ പേരുകള്‍ ഒഴിവാക്കിയതാണെന്നു സംശയിക്കുന്നതായും പരാതിക്കാരന്‍ പറഞ്ഞു.

അതേസമയം, റിസോര്‍ട്ടുകള്‍ പൂട്ടാന്‍ ജില്ലാ കലക്ടര്‍ ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്നു റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഡിസ്ട്രിക്ട് റൂറല്‍ ഡവലപ്‌മെന്റ് ഏജന്‍സി (ഡിആര്‍ഡിഎ), വനംവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചേര്‍ന്നായിരിക്കും നടപടിയെന്നു തഹസില്‍ദാര്‍ ജയകുമാര്‍ പറഞ്ഞു. ഹൈക്കോടതി നിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ പവന്‍കുമാര്‍ ജി.ഗിരിയപ്പനവര്‍ അറിയിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ പരിസ്ഥിതി, വന്യജീവി സംരക്ഷണം ഉള്‍പ്പെടുന്ന കേസുകള്‍ പരിഗണിക്കുന്ന എന്‍.സതീഷ് കുമാര്‍, കെ.രാജശേഖര്‍ എന്നിവരടങ്ങുന്ന സ്‌പെഷല്‍ ബെഞ്ചാണ് റിസോര്‍ട്ടുകള്‍ പൂട്ടാനുള്ള നിര്‍ദേശം നല്‍കിയത്.

കോയമ്പത്തൂരില്‍ നിന്ന് ആനക്കട്ടിയിലേക്കു പോകുന്ന വനപാതയില്‍ രാത്രിയാത്രാ നിരോധനം നടപ്പാക്കുന്നതു സംബന്ധിച്ചും മദ്രാസ് ഹൈക്കോടതി കോയമ്പത്തൂര്‍ ജില്ലാ കലക്ടറില്‍ നിന്നു റിപ്പോര്‍ട്ട് തേടി. 30 കിലോമീറ്റര്‍ റോഡ് റിസര്‍വ് വനവും ആനത്താരയുമടങ്ങുന്ന മേഖലയിലാണ് ഉള്‍പ്പെടുന്നത്. ഇതു സംബന്ധിച്ചുള്ള തല്‍സ്ഥിതി പഠന റിപ്പോര്‍ട്ടാണ് ഹൈക്കോടതിയുടെ സ്‌പെഷല്‍ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടത്.

കേസ് വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബര്‍ 18ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. വനത്തിലൂടെ വളഞ്ഞുപുളഞ്ഞു കടന്നുപോകുന്ന റോഡില്‍ നിരന്തരം ആനകള്‍ ഉള്‍പ്പെടുന്ന വന്യമൃഗങ്ങള്‍ ഇറങ്ങുന്നതും ഈ കാഴ്ച കാണാന്‍ രാത്രിയാത്രയ്ക്കായി ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നതും കോടതിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News