കര്ണാടകയുടെ നീക്കം ഫലം കാണുന്നു;കൊങ്കണിനെ ഏറ്റെടുക്കുന്നതോടെ റയില്വേ മംഗളൂരു ഡിവിഷന് യാഥാര്ത്ഥ്യത്തിലേക്ക്
New delhi, 28 ഓഗസ്റ്റ് (H.S.) കൊങ്കണിനെ ഏറ്റെടുത്ത് മംഗളൂരു പ്രത്യേക റെയില്‍വേ ഡിവിഷനാക്കാനുള്ള പദ്ധതി അവസാനഘട്ടത്തിലേക്ക്. വര്‍ഷങ്ങളായി കര്‍ണാടകം നടത്തുന്ന നീക്കങ്ങളാണ് വിജയം കാണുന്നത്. ഉള്ളാള്‍ ഉള്‍പ്പെടെയുള്ള മംഗളൂരു മേഖല പാലക്കാട് ഡിവിഷനില്‍നി
Railway


New delhi, 28 ഓഗസ്റ്റ് (H.S.)

കൊങ്കണിനെ ഏറ്റെടുത്ത് മംഗളൂരു പ്രത്യേക റെയില്‍വേ ഡിവിഷനാക്കാനുള്ള പദ്ധതി അവസാനഘട്ടത്തിലേക്ക്. വര്‍ഷങ്ങളായി കര്‍ണാടകം നടത്തുന്ന നീക്കങ്ങളാണ് വിജയം കാണുന്നത്. ഉള്ളാള്‍ ഉള്‍പ്പെടെയുള്ള മംഗളൂരു മേഖല പാലക്കാട് ഡിവിഷനില്‍നിന്നു മാറ്റി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിലെ മൈസൂരു ഡിവിഷനിലേക്ക് ചേര്‍ത്തതോടെ ഇതിലെ സുപ്രധാനഘട്ടമായി. കേരളത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ഈ തീരുമാനം റയില്‍വേ നടപ്പാക്കിയത്. ഇനി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ഇന്ത്യന്‍ റെയില്‍വേയുമായി ലയിപ്പിക്കുന്നതോടെ നീക്കം പൂര്‍ണമാകും.

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേക്ക് കീഴില്‍ മൈസൂരു, ബെംഗളൂരു, ഹുബ്ബള്ളി എന്നിവയ്‌ക്കൊപ്പം പുതിയ മംഗളൂരു ഡിവിഷന്‍കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമം നേരത്തേ തുടങ്ങിയിരുന്നു. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് കീഴിലുള്ള തൊക്കൂര്‍മുതല്‍ (മഡ്ഗോണ്‍ ഉള്‍പ്പെടെ) ഗോവ സംസ്ഥാനത്തുവരുന്ന തിവിം സ്റ്റേഷന്‍വരെ ഏറ്റെടുക്കാനാണ് നീക്കം. 30 സ്റ്റേഷനുകള്‍ ഇതിലുണ്ട്. ഇതിനൊപ്പം മംഗളൂരു മേഖലയിലെ സ്റ്റേഷനുകളും വരും. റോഹ മുതല്‍ തിവിം വരെ (38 സ്റ്റേഷനുകള്‍) സെന്‍ട്രല്‍ റെയില്‍വേയില്‍ ഉള്‍പ്പെടുത്തും. എന്നാല്‍, മഡ്ഗോണ്‍ വേണമെന്ന ഇരുസോണുകളുടെയും തര്‍ക്കമാണ് ഡിവിഷന്‍നീക്കം വൈകിപ്പിച്ചത്.

പരിമിത വരുമാനസ്രോതസ്സുള്ള കൊങ്കണില്‍ പാത ഇരട്ടിപ്പിക്കല്‍, തുരങ്കനവീകരണം ഉള്‍പ്പെടെ പ്രവൃത്തികള്‍ ഇഴയുകയാണ്. ഈ സാഹചര്യത്തിലാണ് കൊങ്കണിനെ റെയില്‍വേയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി ലയിപ്പിക്കാന്‍ തീരുമാനിച്ചത്. കൊങ്കണ്‍ റെയില്‍വേയില്‍ പങ്കാളികളായ സംസ്ഥാനങ്ങള്‍ അവരുടെ ഓഹരികള്‍ തിരികെനല്‍കണമെന്ന് റെയില്‍വേ ബോര്‍ഡ് കഴിഞ്ഞവര്‍ഷം ആവശ്യപ്പെട്ടിരുന്നു. കേരളം ഉള്‍പ്പെടെ അത് സമ്മതിച്ചിട്ടുണ്ട്.

22 ശതമാനം ഓഹരിയുള്ള മഹാരാഷ്ട്രയ്ക്ക് 396.54 കോടിരൂപയാണ് തിരികെനല്‍കേണ്ടത്. കേരളത്തിന് 90 കോടിയോളം രൂപ തിരിച്ചുനല്‍കണം. 1990-ലാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് രൂപവത്കരിച്ചത്. റെയില്‍വേ മന്ത്രാലയത്തില്‍ 51 ശതമാനം ഓഹരിയും നാല് സംസ്ഥാനങ്ങളില്‍നിന്ന് 49 ശതമാനവും ഉണ്ട് (മഹാരാഷ്ട്ര-22 ശതമാനം, കര്‍ണാടക-15 ശതമാനം, കേരളം, ഗോവ-ആറു ശതമാനം വീതം). കൊങ്കണ്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിച്ചാല്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേക്ക് മംഗളൂരുമുതല്‍ ഗോവവരെ (തിവിം) ലഭിക്കും.

മംഗളൂരു മേഖല പാലക്കാട് ഡിവിഷനില്‍നിന്നു മാറ്റുന്നതില്‍ കേരളം എതിര്‍പ്പ് ഉന്നയിച്ചതാണ്. പാലക്കാട് റെയില്‍വെ ഡിവിഷനില്‍ നിന്നും മംഗലുരു സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

കേരളത്തിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം സംബന്ധിച്ച് കേരള സര്‍ക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയില്‍വെ ബോര്‍ഡ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.

---------------

Hindusthan Samachar / Sreejith S


Latest News