Enter your Email Address to subscribe to our newsletters

Kochi, 28 ഓഗസ്റ്റ് (H.S.)
ലയണല്‍ മെസ്സിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി സാമ്പത്തിക ക്രമക്കേട് നടത്തിയതിന് എതിരെ കേസെടുത്ത് ഇഡി. പരിപാടിയുടെ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി(ആര്‍ബിസി)ക്കെതിരേയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. വിദേശത്തേക്ക് പണം അയച്ചതില്‍ ഗുരുതരചട്ടലംഘനം നടന്നു എന്ന് കണ്ടെത്തിയതോടെ ഫെമ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിദേശത്തേക്ക് കോടികളാണ് ആര്‍ബിസി അയച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ നടപടി. ഏകദേശം 126 കോടിയോളം രൂപ വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പ്രഥമദൃഷ്ട്യാ വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡി. കേസെടുത്ത് വിശദാന്വേഷണത്തിലേക്ക് പോകുന്നത്.
വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട നിര്‍ണായക കരാര്‍ രേഖകളും മറ്റു സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഇ.ഡി. ഇതിനകം ശേഖരിച്ചിട്ടുണ്ട്. എസ്.ബി.ഐ.വഴിയാണ് ഈ പണം വിദേശത്തേക്കയച്ചിരിക്കുന്നത് എന്നതിന്റെ രേഖകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.ഇതോടൊപ്പംതന്നെ, ഈ 126 കോടി രൂപയുടെ വിദേശ കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന ജി.എസ്.ടി. വകുപ്പും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. സേവന നികുതിയിനത്തില്‍ 22 കോടിയോളം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി. വകുപ്പ് റിപ്പോര്‍ട്ടര്‍ ചാനലിന് നേരത്തേ കത്ത് നല്‍കിയിരുന്നു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അക്കൗണ്ട് കേവലം ഒരു ഇടനില അക്കൗണ്ട് മാത്രമായിട്ടാണോ പ്രവര്‍ത്തിച്ചതെന്നും, പണം ഒടുവില്‍ മറ്റു രണ്ട് വിദേശ ധനകാര്യ സ്ഥാപനങ്ങളിലേക്കാണോ എത്തിയതെന്നും ജി.എസ്.ടി. വകുപ്പ് സംശയിക്കുന്നുണ്ട്.
നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫെമ ലംഘന കേസിന് പുറമേ, കൂടുതല്‍ ഗുരുതര സ്വഭാവമുള്ള പി.എം.എല്‍.എ. കേസാക്കി ഇതിനെ മാറ്റുന്നതിനുള്ള സാധ്യതകളും ഇ.ഡി. പരിശോധിക്കുന്നു. എന്നാല്‍ ഇതിനായി സംസ്ഥാനത്ത് വിജിലന്‍സോ മറ്റു അന്വേഷണ ഏജന്‍സികളോ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ നടത്തിയ വിദേശ യാത്രയ്ക്കായി പൊതുഖജനാവില്‍നിന്നുള്ള പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ട് വിജിലന്‍സിന് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സാധിക്കുമോ എന്നതില്‍ സര്‍ക്കാരിന് ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി വി.ഡി. സതീശന്റേതായിരിക്കും.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനു കൈമാറാനായി സ്‌പോണ്‍സര്‍ വിദേശത്തേക്ക് പണം അയച്ചതിന്റെയും അത് അര്‍ജന്റീന അസോസിയേഷന്‍ കൈപ്പറ്റിയതിന്റെയും രേഖകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടില്ലെന്ന് കായിക വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ എത്തിക്കാനുള്ള നീക്കങ്ങളില്‍, സ്‌പോണ്‍സര്‍ക്ക് എതിരായ പൊലീസ് മുന്നറിയിപ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.
സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ സാമ്പത്തിക സ്രോതസ്സുകള്‍ കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ ഇ.ഡി.അന്വേഷണം വന്നാല്‍ അത് സര്‍ക്കാരിനെതിരായ നീക്കമായി മാറുമെന്നും രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലഭിച്ചശേഷവും സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ഉന്നതതല യോഗം ചേരുകയായിരുന്നു. വഞ്ചനക്കുറ്റമടക്കം സ്‌പോണ്‍സര്‍ക്കെതിരായ 19 കേസുകളുടെ വിശദാംശങ്ങള്‍ പൊലീസ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഫിഫയുടെ അനുമതി ലഭിക്കും മുന്‍പേ മെസ്സി വരുമെന്ന പ്രഖ്യാപനം സ്‌പോണ്‍സര്‍ നടത്തിയത് സ്വന്തം പ്രമോഷനുവേണ്ടിയാണെന്ന് സംശയിക്കുന്നതായും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്.
---------------
Hindusthan Samachar / Sreejith S