Enter your Email Address to subscribe to our newsletters

Thiruvanathapuram, 28 ഓഗസ്റ്റ് (H.S.)
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 38 കേസുകളിലായി 38 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9771 ആയി. ആകെ 10535 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8517.479 ഗ്രാം എം.ഡി.എം.എയും 1100.086 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 11 കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 27 കേസുകളും കോട്പ പ്രകാരം 28 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 0.655 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
പൊലീസിന്റെ യൂണിഫോമും വ്യാജ ഐഡി കാര്‍ഡും ഉപയോഗിച്ച് തട്ടിപ്പു നടത്തി വന്ന വിരുതനെയും ഇന്ന് പോലീസ് പിടികൂടിയിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശി റോജിത്താണ് സിറ്റി ഡാന്‍സാഫ് സംഘത്തിന്റെയും ഫറോക്ക് പൊലീസിന്റെയും സംയുക്ത നീക്കത്തില്‍ രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റോജിത്ത് തട്ടിപ്പ് നടത്തിയിരുന്നത്. ലഹരിമരുന്ന് വില്‍പ്പനക്കാരെ കബളിപ്പിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ ലഹരി ഉല്‍പന്നങ്ങള്‍ കൈക്കലാക്കും. പിന്നീട് ഇത് മറിച്ച് വിറ്റ് പണം സമ്പാദിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. റോജിത്തില്‍ നിന്ന് 2.5 ഗ്രാം എംഡിഎംഎ, എയര്‍ പിസ്റ്റള്‍, കൈവിലങ്ങ്, വ്യാജ സബ് ഇന്‍സ്പെക്ടര്‍ ഐഡി കാര്‍ഡ്, യൂണിഫോമിലുള്ള ഫോട്ടോ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് ഒന്‍പത് ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9362 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 602 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6638 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
---------------
Hindusthan Samachar / Sreejith S