Enter your Email Address to subscribe to our newsletters

Thiruvanathapuram, 28 ഓഗസ്റ്റ് (H.S.)
പി.എസ്.സിയില് ഇനി നിയമന പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. നിയമനങ്ങള്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ പരിശോധിക്കുമെന്നും അതില്‍ പട്ടികജാതി-വര്‍ഗക്കാരുടെ പ്രാതിനിധ്യത്തില്‍ ആനുപാതിക കുറവുണ്ടെങ്കില്‍ സ്പെഷല്‍ റിക്രൂട്ട്മെന്റിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍.
കുറെ വര്‍ഷങ്ങളായി പിന്‍വാതില്‍ നിയമനങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. പി.എസ്.സിയില്ല, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്ല, സംവരണമില്ല. എല്ലാം പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. അതുകൊണ്ടാണ് ഈ സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തത്. മൂന്നുവര്‍ഷത്തിലൊരിക്കല്‍ പി.എസ്.സി നിയമനങ്ങള്‍ മൊത്തം പരിശോധിക്കും. എല്ലാ വിഭാഗങ്ങള്‍ക്കും ആനുപാതികമായി കിട്ടേണ്ട സംവരണം ലഭിച്ചിട്ടുണ്ടോ എന്ന് നോക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചേരമസാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി സംഘടിപ്പിച്ച അയ്യന്‍കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് വളരെ ഗൗരവകരമായ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഇതില്‍ ശക്തമായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.
എല്‍.പി.എസ്.ടി ഉള്‍പ്പെടെയുള്ള അധ്യാപക നിയമന പരീക്ഷകളുമായി ബന്ധപ്പെട്ട ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധവും ആശങ്കകളും സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം വിഷയങ്ങളില്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പട്ടികജാതി -വര്‍ഗ വിഭാഗങ്ങള്‍ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുവദിച്ച കോളജ് യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കും. ദലിത് ക്രൈസ്തവരുടെ പ്രശ്നം പരിഹരിക്കാനും ശ്രമിക്കും. പിന്നാക്ക വിഭാഗത്തില്‍ ഭവനരഹിതര്‍ ഉണ്ടാകരുതെന്നാണ് സര്‍ക്കാറിന്റെ സ്വപ്നമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ -സാമൂഹിക പരിഷ്‌കരണരംഗത്ത് അയ്യന്‍കാളി നല്‍കിയ സംഭാവനകളെയും പോരാട്ടങ്ങളെയും മുഖ്യമന്ത്രി അനുസ്മരിച്ചു. അയ്യന്‍കാളി മുന്നോട്ടുവച്ച പുരോഗമനസ്വഭാവത്തോട് നീതിപുലര്‍ത്തുന്നതായിരിക്കും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെന്നും ഉറപ്പുനല്‍കി.
കൊടിക്കുന്നില്‍ സുരേഷ് എം.പി, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, ജനറല്‍ സെക്രട്ടറി സുനില്‍ കെ. തങ്കപ്പന്‍, സെക്രട്ടറി ലീലാമ്മ ബെന്നി, സാമൂഹ്യപ്രവര്‍ത്തക ധന്യ രാമന്‍, ട്രഷറര്‍ പ്രവീണ്‍ ജയിംസ് എന്നിവര്‍ സംസാരിച്ചു.
---------------
Hindusthan Samachar / Sreejith S