Enter your Email Address to subscribe to our newsletters

New delhi, 28 ഓഗസ്റ്റ് (H.S.)
രാജസ്ഥാന്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുപ്രീം കോടതി ജസ്റ്റിസ് സന്ദീപ് മേത്ത. ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മയ്‌ക്കെതിരെയാണ് സുപ്രീം കോടതി ജഡ്ജി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനു കത്തുകളയച്ചു. ആരോപണം ഉന്നയിക്കുന്നതിനൊപ്പം തന്നെ പദവിയില്‍നിന്നു നീക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇതോടെ അസാധാരണ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.
ജസ്റ്റിസ് ശര്‍മയ്‌ക്കെതിരെ ആരോപണങ്ങളുമായി ഓഗസ്റ്റ് 2, 10, 17 തീയതികളിലായി 3 കത്തുകളാണ് ജസ്റ്റിസ് മേത്ത നല്‍കിയത്. രാജസ്ഥാന്‍ ഹൈക്കോടതിയാണ് ജസ്റ്റിസ് മേത്തയുടെ മാതൃകോടതി. കത്തിന്റെ പകര്‍പ്പ് സുപ്രീം കോടതി കൊളീജിയത്തിലെ മറ്റംഗങ്ങള്‍ക്കും രാഷ്ട്രപതിക്കും നല്‍കിയിട്ടുണ്ട്.
എന്നാല്‍, ആരോപണങ്ങളെ കണ്ടെത്തലായി കണക്കാക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പരാതികള്‍ ശ്രദ്ധയില്‍പെട്ടു. മറുപടി നല്‍കാന്‍ ജസ്റ്റിസ് ശര്‍മയ്ക്ക് അവസരം നല്‍കണം. ശേഷമേ തീരുമാനമെടുക്കാനാകൂ- ചീഫ് ജസ്റ്റിസ് പറഞ്ഞു. നടപടിക്രമം പാലിച്ച് തീരുമാനമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രതികരിച്ചു.
2016 നവംബറിലാണ് ജസ്റ്റിസ് ശര്‍മ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായത്. പിന്നീട് പട്‌ന ഹൈക്കോടതിയിലെത്തി. രാജസ്ഥാനിലേക്കു തിരികെയെത്താനുള്ള അദ്ദേഹത്തിന്റെ ആവശ്യം 2023 മാര്‍ച്ചില്‍ കൊളീജിയം നിരസിക്കുകയും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കു മാറ്റുകയും ചെയ്തു. രാജസ്ഥാനിലേക്കു തിരിച്ചയയ്ക്കാന്‍ 2025 മേയിലാണ് അനുമതി നല്‍കിയത്; ജൂലൈയില്‍ ചുമതലയേറ്റു.
ചില ജഡ്ജിമാരെ സ്ഥലംമാറ്റുമെന്നു ഭീഷണിപ്പെടുത്തുന്നതായും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി അടുപ്പമുണ്ടെന്ന് അവകാശപ്പെടുന്നതായും പരാതിയുണ്ട്. ചില അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും അനുകൂലമായി ജഡ്ജിമാരെ നിയോഗിച്ചതായും (റോസ്റ്റര്‍ അധികാരം) ചില കേസുകളില്‍ അധികാര ദുരുപയോഗവും പക്ഷപാതവും പ്രകടമായതായും പരാതി ലഭിച്ചു. സെപ്റ്റംബര്‍ അവസാനം വിരമിക്കുന്നതു കണക്കിലെടുത്ത് ചില കേസുകള്‍ പ്രത്യേക താല്‍പര്യമെടുത്തു പരിഗണിച്ചു. ജസ്റ്റിസ് ശര്‍മ നടത്തിയ ലോക് അദാലത്ത് നിയമനങ്ങളില്‍ സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെട്ടെന്ന് ആരോപണമുണ്ട്. സജീവ പ്രാക്ടിസ് ഇല്ലാത്ത 4 വനിതാ അഭിഭാഷകരെ ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ നല്‍കിയെന്നും പരാതിയുണ്ട്. 10 മാസം കഴിഞ്ഞിട്ടും ആക്ടിങ് ചീഫ് ജസ്റ്റിസായി തുടരാന്‍ അനുവദിക്കുന്നു.'
---------------
Hindusthan Samachar / Sreejith S