Enter your Email Address to subscribe to our newsletters

Malappuram, 28 ഓഗസ്റ്റ് (H.S.)
സത്യം പറഞ്ഞതിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ ലീഗിനെയാണ് വിമര്‍ശിച്ചത് മുസ്ലിം സമുദായത്തെ അല്ല. മതം പറഞ്ഞ് സംഘടിച്ചവരും മതമാണ് എന്ന് പറഞ്ഞവരും എവിടെ എത്തി എന്ന് ആലോചിക്കണം. താനാണ് ഇത് പറഞ്ഞതെങ്കില്‍ തല എടുത്തേനെ. മലപ്പുറത്ത് നിന്ന് ഒരു ആവശ്യം വന്നാല്‍ ചട്ടവും നിയമവും ഉണ്ടാകുന്നു. എന്നാല്‍ മലപ്പുറത്ത് മാത്രമല്ല കാസര്‍കോടും ഈഴവ സമുദായത്തിന് ഒന്നും കിട്ടുന്നില്ല. ഈ ദുഃഖം മലപ്പുറത്ത് ഇരുന്ന് പറഞ്ഞാല്‍ കുലദ്രോഹിയായി ചിത്രീകരിച്ച് മതവിദ്വേഷമായി മാറ്റുന്ന കാലമാണിത്. ജാതിയല്ല, നീതിയാണ് താന്‍ പറഞ്ഞതെന്നും മറ്റുള്ളവര്‍ പറഞ്ഞാല്‍ നീതിയും തങ്ങള്‍ പറഞ്ഞാല്‍ ജാതിയുമാകുന്ന അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എസ്.സി യില്‍ മുസ്ലിം പ്രാതിനിധ്യം ശരിയാക്കിയപ്പോള്‍ ഈഴവരെ തിരിഞ്ഞുനോക്കിയില്ല. എന്നും നീതി നിഷേധിക്കപ്പെട്ട അയിത്തം കല്‍പ്പിച്ചു മാറ്റിനിര്‍ത്തുന്ന രീതിയാണ് ഇപ്പോഴുമുള്ളത്. ജാതി സംവരണം ഉള്ള നാട്ടില്‍ ജാതി പറയുന്നത് അഭിമാനമാണെന്നും അപമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഷംസീറിന് മറുപടിയായി, ഗണപതി മിത്താണെന്ന് ഷംസീര്‍ തന്നെ പറഞ്ഞില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു. മതപ്പാര്‍ട്ടികള്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്ത് നിയമസഭയില്‍ ഭരിക്കാനുള്ള സീറ്റിലാക്കി. തന്റെ കുഴപ്പമാണെങ്കില്‍ വടക്ക് എങ്ങനെ ഇത്ര വോട്ട് കിട്ടി എന്ന് പരിശോധിക്കണം. പിണറായിയെയും അച്യുതാനന്ദനെയും ചീത്ത പറയാന്‍ താന്‍ ആളല്ലെന്നും താന്‍ ഒരു സമുദായത്തിനും എതിരല്ലെന്നും സ്വന്തം സമുദായത്തിന്റെ ദുഃഖമാണ് പങ്കുവെച്ചതെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി
എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്‌കാരിക ആഘോഷത്തിലും ഘോഷയാത്രയിലും സംസാരിക്കവേ ആയിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ചാനലുകാരെ കാണുമ്പോള്‍ പേടി തോന്നുന്നുവെന്നും തന്റെ ഭാഷാ ശുദ്ധി നന്നാക്കാന്‍ ആരും പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വളച്ചൊടിച്ച് പറയാന്‍ അറിയില്ലാത്തതുകൊണ്ട് പറയേണ്ട കാര്യങ്ങള്‍ നേരെയാണ് പറയുന്നത്. തനിക്ക് പത്മഭൂഷണ്‍ കിട്ടിയത് പോലും ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ താന്‍ എന്ത് പറഞ്ഞാലും ജാതി പറഞ്ഞു എന്ന് പറഞ്ഞ് വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S