Enter your Email Address to subscribe to our newsletters

Thiruvanathapuram, 28 ഓഗസ്റ്റ് (H.S.)
വര്‍ഷങ്ങളായി കേരള പോലീസ് തിരയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്റര്‍പോളിന്റെ സഹായം തേടി പോലീസ്. കേസ് നിലവില്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന് വിവരങ്ങള്‍ കൈമാറി. അവിടുത്തെ മലയാളികളില്‍നിന്ന് അനൗദ്യോഗികമായി വിവരങ്ങള്‍ ശേഖരിച്ചു. ചിത്രങ്ങള്‍ കേന്ദ്രീകരിച്ച് നാട്ടിലും അന്വേഷണം നടക്കുന്നുണ്ട്.
ചാക്കോ വധക്കേസ് പ്രതിയായ സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നതിനിടെയാണ് ആള്‍ ജീവനോടെയുണ്ടെന്ന വിധത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നത്. ബ്രൂണെ-മലേഷ്യ അതിര്‍ത്തി പ്രദേശത്ത് മറ്റൊരു പേരില്‍ സുകുമാരക്കുറുപ്പ് ഉണ്ടെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ആധികാരികമായ ഒരു വിവരവും കേരളാ പോലീസിന്റെ പക്കലില്ല. അതുകൊണ്ടുതന്നെ പുറത്തെത്തിയ വാര്‍ത്തകളില്‍ എത്രത്തോളം യാഥാര്‍ഥ്യം ഉണ്ടെന്ന് അന്വേഷിക്കാനാണ് തീരുമാനം. തുടര്‍ന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ തുടര്‍നടപടികളിലേക്ക് പോലീസ് കടക്കുന്നത്.
വ്യാഴാഴ്ച തന്നെ പോലീസിന്റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗവും ക്രൈം ബ്രാഞ്ച് സംഘവും വിവരശേഖരണം ആരംഭിച്ചു. ഇന്റര്‍പോളിന് അനൗദ്യോഗികമായി സന്ദേശം അയച്ചിട്ടുണ്ടെന്നാണ് വിവരം. ഇനി ഔദ്യോഗികമായി ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് ഇന്റര്‍പോളിന് കത്ത് നല്‍കും. സുകുമാരക്കുറുപ്പിന്റേതെന്ന് പറഞ്ഞ് പുറത്തെത്തിയ ഫോട്ടോകള്‍ കേരളാ പോലീസ് സൈബര്‍ വിഭാഗം പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്.
സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോണ്‍ മേനോനെക്കുറിച്ച് പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങള്‍ ലഭിച്ചു. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയത്. ദുരൂഹ ഇടപാടുകാരനാണ് ജോണ്‍ മേനോനെന്നാണ് വിവരം. നിര്‍മ്മാണ സാധനങ്ങളുടെ കരാറില്‍ രണ്ടു വര്‍ഷം മുമ്പ് ക്രമക്കേട് നടത്തിയ സംഭവത്തില്‍ ജോണിന്റെ പാര്‍ട്ട്ണറായ പാകിസ്ഥാനിക്കെതിരെ കേസെടുത്തിരുന്നു. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് പരിചയപ്പെട്ട ചിലരോട് ജോണ്‍ പറഞ്ഞിരുന്നത്.
സുകുമാരക്കുറുപ്പ് ബ്രൂണയില്‍ ഉണ്ടെന്നത് അഭ്യൂഹം മാത്രമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ലോങ് പെന്‍ഡിങ് കേസാണിത് ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനോട് അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ട്. കേരളാ പോലീസ്, ഇന്റര്‍പോളുമായി ബന്ധപ്പെട്ട് നിജസ്ഥിതി എന്താണെന്ന് അറിയേണ്ടിയിരിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S