Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ഓഗസ്റ്റ് (H.S.)
കാണാമറയത്ത് ജീവനോടെയുണ്ടോ എന്നു തന്നെ ഉറപ്പില്ലാത്ത സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന വെളിപ്പെടുത്തലും എന്നാല് അത് സുകുമാരക്കുറുപ്പല്ലെന്ന മറ്റൊരു വെളിപ്പെടുത്തലും പുറത്തുവന്നതോടെ ചര്ച്ചകളില് പിന്നെയും പിന്നെയും നിറയുകയാണ് മലയാളികളുടെ മനസിലെ എക്കാലത്തെയും കൊടും ക്രിമിനലായ സുകുമാരക്കുറുപ്പ്.
സുകുമാരക്കുറുപ്പ് ബ്രൂണെയില് ജീവനോടെയുണ്ടെന്നും നിര്മ്മാണ മേഖലയില് ജോലി ചെയ്യുകയാണെന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് അലി അക്ബറിൻ്റേയും ബ്രൂണെയില് താമസിച്ചിരുന്ന വിദേശ മലയാളിയുടെ വെളിപ്പെടുത്തലുമാണ് പുതിയ ഊഹാപോഹങ്ങള്ക്ക് വഴി വച്ചിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണെന്നും ക്രൈം ബ്രാഞ്ച് എഡിജിപിയോട് ഇക്കാര്യം അന്വേഷിക്കാന് നിര്ദ്ദേശം നല്കിയതായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് മാധ്യമങ്ങളോടു പറഞ്ഞു. എന്നാല് വയലാര് രവി ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലത്തെ സംഭവമാണിതെന്നും പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങള് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത ഹൃദ്രോഗിയായിരുന്ന സുകുമാരക്കുറുപ്പ് ഒളിവു ജീവിതത്തിനിടെ മരിച്ചിരിക്കാമെന്ന നിഗമനത്തില് കേസന്വേഷണം അവസാനിപ്പിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകള് പുറത്തുവരുന്നത്. അതേസമയം സുകുമാരക്കുറുപ്പിൻ്റേതെന്ന തരത്തില് പുറത്തുവന്ന പാസ്പോര്ട്ടിലെ ചിത്രങ്ങളും വിവരങ്ങളും അദ്ദേഹത്തിൻ്റേതല്ലെന്നും തൃശൂര് വടക്കാഞ്ചേരി സ്വദേശി ദാമോദരമേനോൻ്റേതാണെന്നും സ്ഥിരീകരിച്ച് അദ്ദേഹത്തിൻ്റെ ബന്ധുക്കള് രംഗത്ത് എത്തിയതോടെ അദ്ദേഹത്തെ കണ്ടെന്ന കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തല് സംശയ നിഴലിലായി.
ജോണ് മേനോന് എന്ന പേരില് ബ്രൂണെയില് കഴിയുന്നത് സുകുമാരക്കുറുപ്പാണെന്ന മുന് പൊലീസ് ഉദ്യോഗസ്ഥന് അലി അക്ബറിൻ്റെ അവകാശവാദവും ദാമോദരമേനോൻ്റെ കുടുംബം തള്ളി. വര്ഷങ്ങളായി മലേഷ്യയില് പ്രവാസിയായി കഴിയുന്ന ദാമോദര മേനോന് അവസാനമായി നാട്ടിലെത്തിയത് 30 വര്ഷങ്ങള്ക്കു മുന്പാണെന്ന് ബന്ധുക്കള് പറയുന്നു. ഒരു മാസം മുന്പ് ഇദ്ദേഹം തങ്ങളോട് ഫോണില് സംസാരിച്ചിരുന്നതായും ആരോഗ്യനില മോശമായ ദാമോദര മേനോന് വീണു പരിക്കേറ്റ് കിടപ്പിലാണെന്നും കട്ടിലില് പിടിച്ചാണ് എഴുന്നേറ്റു നില്ക്കുന്നതെന്നും ബന്ധുക്കള് പറഞ്ഞു.
പുറത്തുവന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കരിമത്ര സ്വദേശി ദാമോദരമേനോൻ്റെ ബന്ധുക്കളുടെ മൊഴി അന്വേഷണ സംഘം എടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ പാസ്പോർട്ടിലെ ചിത്രം ദാമോദരമേനോൻ്റേതാണെന്നാണ് കരുതുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴി എടുക്കും , പ്രാഥമിക അന്വേഷണ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കും. ദാമോദരമേനോൻ്റെ ഭാര്യയേയും മക്കളേയും കുറിച്ച് അന്വേഷിക്കുമെന്നും അന്വേഷണസംഘം പറഞ്ഞിട്ടുണ്ട്.
അതേസമയം ഇപ്പോള് പ്രചരിക്കുന്ന വാര്ത്തകളുടെ നിജസ്ഥിതി വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് പറഞ്ഞു. ഈ കേസ് നിലവില് ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പി അന്വേഷണം നടത്തി വരികയാണ്. ഇൻ്റർപോളിൻ്റെ റെഡ് കോര്ണര് നോട്ടീസിലുള്ള ഒരു വ്യക്തിയാണ് സുകുമാരക്കുറുപ്പ്. അങ്ങനെയുള്ള ഒരു കുറ്റവാളി ലോകത്തെവിടെയെങ്കിലും സ്വതന്ത്രമായി ജീവിക്കുന്നു എന്നത് അത്രത്തോളം വിശ്വസനീയമല്ലെന്നും ഇക്കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും എഡിജിപി പറഞ്ഞു.
ബ്രൂണെയില് കണ്ടത് സുകുമാരക്കുറുപ്പാണെന്ന് സഥിരീകരിക്കേണ്ടത് കേന്ദ്ര ഏജന്സികളാണെന്ന് കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര് പറയുന്നു. അതിന് ശാസ്ത്രീയ തെളിവുകളും ആവശ്യമുണ്ട്.
ചാക്കോ കൊലപാതകക്കേസും സുകുമാരക്കുറുപ്പ് തിരോധാനവും
1984 ജനുവരി 22 ലാണ് ഗോപാലകൃഷ്ണക്കുറുപ്പ് എന്ന സുകുമാരക്കുറുപ്പ് ചാക്കോ എന്നയാളെ കൊലപ്പെടുത്തുന്നത്. സുകുമാരക്കുറുപ്പിൻ്റെ പേരിലുള്ള എട്ട് ലക്ഷം രൂപയുടെ ഇന്ഷ്വറന്സ് പോളിസി തട്ടിയെടുക്കാന് മരിച്ചത് സുകുമാരക്കുറുപ്പ് എന്നു വരുത്താനായിരുന്നു ശ്രമം. സുകുമാരക്കുറുപ്പം കൂട്ടാളികളും ചേര്ന്ന് ചാക്കോയെ കാറിലിട്ടു കത്തിച്ചു കൊലപ്പെടുത്തിയ ശേഷമായിരുന്നു ഈ നാടകീയ നീക്കങ്ങള്. എന്നാല് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില് ചാക്കോ എന്നയാളെ രണ്ടു ദിവസമായി കാണാനില്ലെന്നു മനസിലാക്കി.
പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില് ചാക്കോയെ കൊലപ്പെടുത്തിയത് സുകുമാരക്കുറുപ്പാണെന്നു മനസിലാക്കി. സുകുമാരക്കുറുപ്പിനായി പൊലീസ് വ്യാപകമായി വലവിരിച്ചെങ്കിലും അദ്ദേഹം സമര്ത്ഥമായി രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം ഇത്രയും കാലമായിട്ടും സുകുമാരക്കുറുപ്പിനെ കണ്ടെത്താന് കേരള പൊലീസിന് ആയിട്ടില്ല. മൂന്നു മാസം മുന്പ് പഴയ കേസുകള് പുന പരിശോധിക്കുന്നതിൻ്റെ ഭാഗമായി ചാക്കോ വധക്കേസ് ക്രൈം ബ്രാഞ്ച് വീണ്ടും അന്വേഷിക്കാനെടുത്തിരുന്നു.
ഇതിൻ്റെ ഭാഗമായി നാലു പതിറ്റാണ്ടു മുന്പ് സുകുമാരക്കുറുപ്പിനെ കണ്ടെന്നു വെളിപ്പെടുത്തിയ ഝാര്ഖണ്ഡിലെ മലയാളി നഴ്സും ആലപ്പുഴ സ്വദേശിനിയുമായ രത്നമ്മയുടെ മൊഴി രഖപ്പെടുത്തി. താന് നഴ്സ് ആയിരിക്കുന്ന ആശുപത്രിയില് നഴ്സായി കുറുപ്പ് എത്തിയെന്നായിരുന്നു രത്നമ്മയുടെ മൊഴി. പക്ഷേ കടുത്ത ഹൃദ്രോഗിയായിരുന്ന കുറുപ്പ് ഇത്രയും കാലം ഉണ്ടാകുമോ എന്നാണ് പൊലീസ് സംശയം പ്രകടിപ്പിക്കുന്നത്.
1984 മുതല് 1996 വരെ സംസ്ഥാന പൊലീസ് സുകുമാരക്കുറുപ്പിന കെണ്ടെത്താന് രാജ്യ വ്യാപക തെരച്ചില് നടത്തിയിരുന്നു. മുംബൈ, ഡല്ഹി, ബിഹാര്, മധ്യപ്രദേശിലെ ഹോംഷംഗാബാദ് തുടങ്ങിയ നിരവധി സ്ഥലങ്ങളില് കുറുപ്പ് വേഷം മാറി കഴിഞ്ഞിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. പിടിയിലാകാതിരിക്കാന് വ്യാജ പേരുകളിലും വേഷങ്ങളിലുമാണ് കുറുപ്പ് സഞ്ചരിച്ചിരുന്നത്.
1990ല് മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിനു സമീപം ജോഷി എന്ന പേരില് കുറുപ്പ് താമസിച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സുകുമാരക്കുറുപ്പ് കടുത്ത ഹൃദ്രോഗിയാണെന്നും അധികകാലം ജീവിച്ചിരിക്കാന് സാധ്യതയില്ലെന്നും സുകുമാരെ കുറുപ്പിനെ പരിശോധിച്ച ഡോക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് 42 വര്ഷങ്ങള്ക്കു ശേഷം കുറുപ്പ് ജീവനോടെയില്ലെന്ന നിഗമനത്തില് കേസ് അവസാനിപ്പിക്കാന് ക്രൈം ബ്രാഞ്ച് തയ്യാറെടുക്കുന്നതിനിടെയാണ് വീണ്ടും പുതിയ ഊഹാപോഹങ്ങള് ഉയര്ന്നിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR