നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പൊലീസ് ഏറ്റെടുത്ത വാഹനങ്ങളുടെ വാടക മാസങ്ങൾ കഴിഞ്ഞിട്ടും നൽകിയില്ലെന്ന് പരാതി.
Wayanad , 29 ഓഗസ്റ്റ് (H.S.) നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പൊലീസ് ഏറ്റെടുത്ത വാഹനങ്ങളുടെ വാടക മാസങ്ങൾ കഴിഞ്ഞിട്ടും നൽകിയില്ലെന്ന് പരാതി. ബാങ്ക് വായ്പ തിരിച്ചടവും നികുതിയും മുടങ്ങി സ്വകാര്യ വാഹന ഉടമകൾ കടുത്ത പ്രതിസന്ധിയിലാണ്. അർഹമായ കുടിശിക
ASSEMBLY ELECTION DUTY VEHICLE PAY


Wayanad , 29 ഓഗസ്റ്റ് (H.S.)

നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പൊലീസ് ഏറ്റെടുത്ത വാഹനങ്ങളുടെ വാടക മാസങ്ങൾ കഴിഞ്ഞിട്ടും നൽകിയില്ലെന്ന് പരാതി. ബാങ്ക് വായ്പ തിരിച്ചടവും നികുതിയും മുടങ്ങി സ്വകാര്യ വാഹന ഉടമകൾ കടുത്ത പ്രതിസന്ധിയിലാണ്. അർഹമായ കുടിശിക ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ രണ്ടിന് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തും.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലുമായി പൊലീസ് ഏറ്റെടുത്ത സ്വകാര്യ വാഹനങ്ങളുടെ ഉടമകളാണ് വാടക കുടിശിക ലഭിക്കാതെ പെരുവഴിയിലായത്. ജില്ലയിൽ ആകെ 70 വാഹന ഉടമകൾക്കായി 43 ലക്ഷത്തിലധികം രൂപയാണ് പൊലീസ് നൽകാനുള്ളത്. ഫെബ്രുവരി 20 മുതൽ ഏപ്രിൽ 10 വരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഡീസൽ ചെലവ് പോലും നൽകാതെയാണ് ജീപ്പ്, ട്രാവലർ, കാർ, ബസ് തുടങ്ങിയ വാഹനങ്ങൾ പൊലീസ് ഉപയോഗിച്ചത്.

മാസങ്ങളോളം വാടക കുടിശികയായതോടെ വാഹന ഉടമകളുടെ ബാങ്ക് വായ്പ തിരിച്ചടവുകൾ പൂർണമായും മുടങ്ങി. സമയബന്ധിതമായി നികുതിയും ഇൻഷുറൻസും അടയ്ക്കാനോ ഫിറ്റ്നസ് പുതുക്കാനോ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. നിലവിൽ മറ്റ് വകുപ്പുകൾ ഉപയോഗിച്ച സ്വകാര്യ വാഹനങ്ങൾക്ക് മെയ് മാസം തന്നെ വാടക നൽകിയപ്പോഴാണ് പൊലീസിൻ്റെ ഈ അവഗണന.

നാട്ടുനടപ്പുള്ള വാടകയേക്കാൾ വളരെ കുറഞ്ഞ നിരക്ക് നിശ്ചയിച്ചിട്ടും ആ തുക പോലും നൽകാതെ പൊലീസ് വഞ്ചിക്കുകയാണെന്ന് സിസിഒഎ (കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ) ആരോപിക്കുന്നു. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു അനുഭവമുണ്ടാകുന്നതെന്നും പൊലീസ് വളരെ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും പ്രസിഡൻ്റ് കെബി രാജു കൃഷ്ണ പറഞ്ഞു.

വാടക ലഭിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും പൊലീസ് മേധാവിക്കും പലതവണ നിവേദനം നൽകിയെങ്കിലും ഫണ്ട് എത്തിയില്ലെന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നത്. സിസിഒഎ ജില്ലാ പ്രസിഡൻ്റ് കെ.ബി. രാജു കൃഷ്ണ, മറ്റു ഭാരവാഹികളായ സനില് ഐസക്, രാനിത്ത് രാജ്, പി. അര്ഷാദ് എന്നിവര് വയനാട് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

സെപ്തംബർ രണ്ടിന് രാവിലെ 10 മണിക്ക് പുതിയ സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ചിൽ ജില്ലയിലെ മുഴുവൻ വാഹന ഉടമകളും തൊഴിലാളികളും പങ്കാളികളാകും. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News