Enter your Email Address to subscribe to our newsletters

Melbourne , 29 ഓഗസ്റ്റ് (H.S.)
സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാറിന് ഓസ്ട്രേലിയൻ വനിതാ ബിഗ് ബാഷ് ലീഗിൽ കളിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നൽകിയതിനെച്ചൊല്ലി വൻ വിവാദം. ട്രാൻസ്ജെൻഡർ അത്ലറ്റുകൾ വനിതാ ക്രിക്കറ്റിൽ മത്സരിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം മരിസാൻ കാപ്പ് പരസ്യമായി രംഗത്തെത്തിയതോടെയാണ് ചർച്ചകൾ ചൂടുപിടിച്ചത്. എന്നാൽ തന്നെ വിമർശിക്കുന്നവർ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ തയ്യാറാകണമെന്ന് അനായ ബംഗാർ ശക്തമായ മറുപടി നൽകി.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് താൻ മുന്നോട്ട് പോകുന്നതെന്നും തനിക്ക് മത്സരങ്ങളിൽ മറ്റ് വനിതാ താരങ്ങളെ അപേക്ഷിച്ച് പ്രത്യേക ആനുകൂല്യങ്ങളോ മുൻഗണനകളോ ലഭിക്കുന്നില്ലെന്നും അനായ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അനായ ബംഗാറിന് ഓസ്ട്രേലിയയിലെ കമ്മ്യൂണിറ്റി ക്രിക്കറ്റിലും പ്രീമിയർ ക്രിക്കറ്റിലും കളിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നൽകിയത്. വരാനിരിക്കുന്ന 2027 മാർച്ച് മുതൽ അന്താരാഷ്ട്ര തലത്തിലുള്ള വനിതാ ക്രിക്കറ്റിലേക്ക് ചുവടുവെക്കാനുള്ള അനായയുടെ ശ്രമങ്ങൾക്ക് ഇത് വഴിയൊരുക്കിയിരുന്നു. എന്നാൽ ഇതിനെതിരെ ദക്ഷിണാഫ്രിക്കൻ വനിതാ താരം മരിസാൻ കാപ്പ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തി. ഇത് തികച്ചും പരിഹാസ്യമാണ്, ഇതിനൊരിക്കലും അനുമതി നൽകരുത്, എന്നായിരുന്നു കാപ്പിന്റെ പ്രതികരണം.
തനിക്കെതിരെ ശബ്ദമുയർത്തുന്നവർ ആദ്യം ട്രാൻസ്ജെൻഡർ നിയമങ്ങളെയും കായിക രംഗത്തെ ഇതിന്റെ മാനദണ്ഡങ്ങളെയും കുറിച്ച് ബോധവാന്മാരാകണമെന്ന് അനായ പറഞ്ഞു. എനിക്ക് മത്സരത്തിൽ യാതൊരുവിധ അനാവശ്യ മുൻഗണനകളും ലഭിക്കുന്നില്ലെന്ന് ഞാൻ തെളിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ എല്ലാ നിയമങ്ങളും ഞാൻ പാലിക്കുന്നുണ്ട്. വ്യക്തിപരമായ അഭിപ്രായങ്ങൾ പറയുന്നവർ ദയവായി ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പഠിക്കണം, അനായ വ്യക്തമാക്കി.
അടുത്ത ലക്ഷ്യം ബിഗ് ബാഷ് ലീഗ്
ഓസ്ട്രേലിയയിലെത്തി ക്ലബ് ക്രിക്കറ്റിൽ കളിച്ച് മികച്ച പ്രകടനം പുറത്തെടുക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് അനായ പറഞ്ഞു. അവിടെ തിളങ്ങാൻ കഴിഞ്ഞാൽ ബിഗ് ബാഷ് ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ തനിക്ക് അവസരം ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, 2027 മുതൽ ഡബ്ല്യു.ബി.ബി.എൽ കളിക്കണമെങ്കിൽ അനായയ്ക്ക് മുന്നിൽ കടുത്ത നിബന്ധനകളാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വെച്ചിട്ടുള്ളത്. രക്ത പരിശോധനയിലൂടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് 10 nmol/L-ൽ താഴെയാണെന്ന് സ്ഥിരമായി തെളിയിക്കേണ്ടതുൾപ്പെടെയുള്ള കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ അനായയ്ക്ക് പാലിക്കേണ്ടി വരും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR