Enter your Email Address to subscribe to our newsletters

Thiruvananathapuram, 29 ഓഗസ്റ്റ് (H.S.)
കേരള ക്രിക്കറ്റ് ലീഗിന് ആവേശമായി കരീബിയന് ക്രിക്കറ്റ് ഇതിഹാസം യൂണിവേഴ്സ് ബോസ് ക്രിസ് ഗെയില് തലസ്ഥാനത്ത് എത്തി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംവദിച്ചു. 'കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ പാരൻ്റ് കമ്പനിയായ ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയാണ് താന് ഇപ്പോള്. കേരളം മികച്ച ക്രിക്കറ്റ് താരങ്ങളുടെ നാടാണ്. ഐപിഎല്ലിൽ കേരളത്തിൻ്റെ നിരവധി പ്രതിഭകളാണ് പങ്കെടുത്തത്. കേരള ക്രിക്കറ്റ് ലീഗ് കൂടുതല് പ്രതിഭകള്ക്ക് വളര്ന്നു വരാനുള്ള അവസരം നല്കും എന്നതു കൂടി കണക്കിലെടുത്താണ് ഇത്തരം ഒരു ഫ്രാഞ്ചൈസിയിലേക്കു കൂടി കടക്കാന് തീരുമാനിച്ചത്' അദ്ദേഹം പറഞ്ഞു.
'കേരളത്തിലേക്ക് ഒരിക്കല് കൂടി വരാന് കഴിഞ്ഞതില് അതിയായ സന്തോഷം. കേരളത്തിൻ്റെ കായല് കാഴ്ചകള് അതിമനോഹരമാണ്. ക്രിക്കറ്റ് കളിയില് നിന്ന് വിരമിച്ച ശേഷം ഇന്ന് ക്രിക്കറ്റില് മറ്റൊരു റോളാണ് ഇപ്പോള് താന് നിറവേറ്റുന്നത്' ഗെയില് കൂട്ടിച്ചേർത്തു. കെസിഎല്ലിൻ്റെ ആദ്യ ഘട്ടത്തില് ഓരോ ടീമും അഞ്ചു വീതം മത്സരങ്ങള് ഇതിനോടകം പൂര്ത്തിയാക്കി കഴിഞ്ഞു.
ഇതുവരെ 17 മത്സരങ്ങളിലായി 5264 റണ്സാണ് ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് ഒഴുകിയത്. ഇതില് മൂന്ന് സെഞ്ചുറികളും 21 അര്ധ സെഞ്ചുറികളുമുണ്ട്. 409 ബൗണ്ടറികളും 269 സിക്സറുകളുമാണ് കാര്യവട്ടത്തെ പിച്ചില് പിറന്നത്. ആലപ്പി റിപ്പിള്സിൻ്റെ വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന് രണ്ട് സെഞ്ചുറികള് ഉള്പ്പെടെ 419 റണ്സുമായി ബാറ്റ്സ്മാൻമാരിൽ ഒന്നാമതാണ്. ആലപ്പിയുടെ അഭിജിത് പ്രവീണ് ഒമ്പത് വിക്കറ്റുമായി ബൗളര്മാരില് ഒന്നാമതാണ്. സെമിഫൈനല് സ്ഥാനമുറപ്പിക്കാന് വിജയം അനിവാര്യമായ മത്സരങ്ങളാണ് ഇനിയുള്ളത്. സെപ്തംബർ നാലിനാണ് സെമി ഫൈനല്. ഫൈനല് മത്സരം സെപ്തംബർ അഞ്ചിന് നടക്കും.
അതിരാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ജമൈക്കന് ഇടങ്കയ്യന് കേരള ക്രിക്കറ്റ് അസോസിയേഷന് പ്രവര്ത്തകര് ഊഷ്മളമായ വരവേല്പ്പാണ് നല്കിയത്. കേരളത്തിൻ്റെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി തിരുവനന്തപുരം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് മുന്നേറുന്ന കേരള ക്കിക്കറ്റ് ലീഗ് രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നതിൻ്റെ ആവേശം പങ്കിടാന് കൂടിയാണ് ടി20 ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ കൂടിയായ ഗെയില് എത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ്-തൃശൂര് ടൈറ്റന്സ് മത്സരത്തിനു മുന്നോടിയായി ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് ഗെയിലിൻ്റെ പ്രത്യേക ബാറ്റിങ് പ്രകടനം അരങ്ങേറും. പുതുപ്പള്ളിയില് ഉമ്മന്ചാണ്ടി ചാരിറ്റബിള് ട്രസ്റ്റിൻ്റെ പരിപാടിയില് നാളെ മുഖ്യാതിഥിയായും അദ്ദേഹം പങ്കെടുക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR