പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കം: സിപിഐ നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം; മുന്നണിയിൽ പരസ്യപോര് മുറുകുന്നു
Thiruvananthapuram, 29 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികളായ സിപിഐഎമ്മും സിപിഐയും തമ്മിൽ ഉടലെടുത്ത ഭിന്നത പരസ്യപ്പോരിലേക്ക്. സിപിഐ ഉന്നയിക്കുന്നത് രാഷ്ട്രീയ പക്വതയില്ലാത്തതും യ
പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കം: സിപിഐ നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം; മുന്നണിയിൽ പരസ്യപോര് മുറുകുന്നു


Thiruvananthapuram, 29 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികളായ സിപിഐഎമ്മും സിപിഐയും തമ്മിൽ ഉടലെടുത്ത ഭിന്നത പരസ്യപ്പോരിലേക്ക്. സിപിഐ ഉന്നയിക്കുന്നത് രാഷ്ട്രീയ പക്വതയില്ലാത്തതും യുക്തിരഹിതവുമായ ആവശ്യങ്ങളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് സിപിഐ നേതൃത്വത്തിനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ ആഞ്ഞടിച്ചത്.

പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യമുണ്ടായിരുന്നെങ്കിൽ അത് മുന്നണി മര്യാദ പാലിച്ച് എൽഡിഎഫ് യോഗത്തിലായിരുന്നു ഉന്നയിക്കേണ്ടിയിരുന്നത്. അതിനുപകരം വിഷയം മാധ്യമങ്ങളിലൂടെ ഉന്നയിച്ച് അനാവശ്യ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിമരുന്നിടുകയാണ് സിപിഐ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണിയിലെ കീഴ്വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ഏകപക്ഷീയമായ നീക്കങ്ങൾ നടത്തിയത് സിപിഐയാണെന്നും, ഇതിലൂടെ ഇടതുപക്ഷ ഐക്യത്തിന്റെ അന്തസ്സത്തയെയാണ് അവർ ചോദ്യം ചെയ്യുന്നതെന്നും ലേഖനത്തിൽ വിമർശിക്കുന്നു.

1980-ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) രൂപംകൊണ്ട കാലം മുതൽ പ്രതിപക്ഷത്തായിരുന്നപ്പോഴെല്ലാം ഉപനേതൃപദവി സിപിഐഎമ്മിന്റെ കൈവശമായിരുന്നു. ദശാബ്ദങ്ങളായി തുടർന്നുപോരുന്ന ഈ രീതിയെ തള്ളിപ്പറഞ്ഞ്, ഇപ്പോൾ ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ സിപിഐക്ക് എന്ത് ന്യായമാണുള്ളതെന്ന് ലേഖനം ചോദിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് എൽഡിഎഫിൽ കൂട്ടായ പ്രവർത്തനം ഉറപ്പാക്കാനാണ് ഉപനേതൃസ്ഥാനം ആവശ്യപ്പെട്ടതെന്ന സിപിഐ നേതാക്കളുടെ വാദത്തെയും സി.എൻ. മോഹനൻ നിശിതമായി പരിഹസിച്ചു. സിപിഐഎമ്മിന് ലഭിച്ച പദവി ഒഴിഞ്ഞുനൽകിയില്ലെങ്കിൽ മുന്നണിയിൽ കൂട്ടായ പ്രവർത്തനം സാധ്യമാകില്ലെന്നാണോ ഇതിനർത്ഥമെന്നും, സിപിഐഎമ്മിനെ മറികടക്കുന്ന രാഷ്ട്രീയ സ്വാധീനം കേരളത്തിൽ തങ്ങൾക്കുണ്ടെന്ന മിഥ്യാധാരണയിലാണോ സിപിഐ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

പഴയകാല ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ടും സി.എൻ. മോഹനൻ സിപിഐക്കെതിരെ ഒളിയമ്പെയ്തു. അടിയന്തരാവസ്ഥയെ പിന്തുണച്ച പാരമ്പര്യമുള്ള ഏക കമ്യൂണിസ്റ്റ് പാർട്ടിയാണ് സിപിഐയെന്നും, കോൺഗ്രസിന് ഇടതുപക്ഷ മുഖം നൽകിയതും അടിയന്തരാവസ്ഥക്കാലത്തെ ക്രൂരതകൾക്ക് രാഷ്ട്രീയ തണലൊരുക്കിയതും അവരുടെ മുൻകാല നേതൃത്വമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നേരത്തെ, പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിക്കുന്നത് കാലങ്ങളായുള്ള രാഷ്ട്രീയ കീഴ്വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് സിപിഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ, സ്വാഭാവികമായ പാർട്ടി നിലപാട് മാത്രമാണ് പിണറായി വിജയൻ വിശദീകരിച്ചതെന്നും അദ്ദേഹത്തെ അനാവശ്യമായി ലക്ഷ്യമിടാനാണ് സിപിഐ ശ്രമിക്കുന്നതെന്നും സി.എൻ. മോഹനൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ ഉയർത്തിയ അവകാശവാദങ്ങളും അതിനെത്തുടർന്ന് സിപിഐഎം നടത്തിയ രൂക്ഷമായ പ്രത്യാക്രമണവും എൽഡിഎഫിനുള്ളിലെ ആഭ്യന്തര തർക്കങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News