Enter your Email Address to subscribe to our newsletters

Kozhikode , 29 ഓഗസ്റ്റ് (H.S.)
മുസ്ലിം ലീഗും സിപിഐയും കോൺഗ്രസും ഒന്നിച്ച് ഭരിച്ച കാലത്തെ ഓർമിപ്പിച്ച് മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷനും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെപിഎ മജീദിൻ്റെ ലേഖനം. ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സിപിഎമ്മിൻ്റെ ഏകാധിപത്യ പ്രവണതകളെയും സിപിഐ നേരിടുന്ന അവഗണനയെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുന്നു.
സി അച്യുതമേനോൻ സർക്കാരിൻ്റെ കാലമാണ് കേരള വളർച്ചയുടെ അടിത്തറ ദൃഢപ്പെടുത്തിയതെന്ന് അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ വിശ്വോത്തരമായ കേരള മോഡൽ രൂപപ്പെട്ടത് അക്കാലത്താണ്. എന്നാൽ ഈ യാഥാർഥ്യത്തിന് നേരെ കണ്ണടക്കുന്ന ഒരേയൊരു പാർട്ടി സിപിഎം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
1969 നവംബർ ഒന്നു മുതൽ 1977 മാർച്ച് 25 വരെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനാണ് കേരളത്തിൽ ഭൂപരിഷ്കരണം യാഥാർഥ്യമാക്കിയത്. കുടിയാൻമാർക്ക് ഭൂമിയുടെ അവകാശം നൽകി കേരളത്തിൻ്റെ സാമൂഹിക ഘടന തന്നെ മാറ്റിമറിച്ച ആ വിപ്ലവകരമായ നിയമം നടപ്പാക്കിയത് സിപിഐ നേതൃത്വം നൽകിയ സർക്കാരാണ്. സാർവത്രിക സ്കൂൾ വിദ്യാഭ്യാസവും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും മുതൽ പിഎസ്സി, ലാൽ ബഹാദൂർ ശാസ്ത്രി സെൻ്റർ, മികച്ച വ്യവസായ നയങ്ങൾ തുടങ്ങി മിന്നുന്ന ട്രാക്ക് റെക്കോഡുള്ള സിപിഐ നേതൃത്വം നൽകിയ ഭരണത്തെ അംഗീകരിക്കാത്തതിന് കാരണം സിപിഎമ്മിൻ്റെ അഹന്തയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രത്തിന് നേരെ കണ്ണടച്ച് ഭൂപരിഷ്കരണത്തിൻ്റെ മുഴുവൻ നേട്ടവും ഇഎംഎസിനും കെആർ ഗൗരിയമ്മക്കും മാത്രം നൽകാനാണ് സിപിഎം ശ്രമിക്കുന്നത്. 2019ൽ ഭൂപരിഷ്കരണത്തിൻ്റെ സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ അച്യുതമേനോൻ്റെ പേര് പോലും പരാമർശിച്ചില്ല. ഇതിനെതിരെ സിപിഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗത്തിലൂടെ പ്രതിഷേധിച്ചപ്പോഴും പിണറായി വിജയൻ അത് മുഖവിലയ്ക്കെടുത്തില്ല.
സിപിഐ നേരിടുന്നത് കടുത്ത അവഗണന
പ്രതിപക്ഷ ഉപനേതൃപദവിയെക്കുറിച്ച് സിപിഐ മിണ്ടരുതെന്നും സിപിഎമ്മിൽനിന്ന് ആരാവണമെന്ന് താൻ തീരുമാനിച്ച് കത്ത് നൽകുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരിക്കുകയാണ്. ഇടതുമുന്നണിയിൽ സിപിഎം വല്യേട്ടൻ ചമയുന്നു എന്ന ആരോപണത്തിൽനിന്ന് മാറി എല്ലാം തമ്പ്രാൻ കൽപിക്കുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. മേൽമുണ്ട് കക്ഷത്തിൽ വച്ച് തിരുമുമ്പിൽ കുനിഞ്ഞുനിന്ന് രാജകൽപന അനുസരിക്കാൻ മാത്രം അടിമകളാണ് സിപിഐക്കാരെന്ന് സിപിഎമ്മുകാരൊഴികെ കേരള രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യ ബോധമുള്ള ആരും പറയില്ല.
തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾക്കപ്പുറം ആധുനിക കേരള ചരിത്രത്തിൽ സിപിഐക്ക് തനതായൊരു വ്യക്തിത്വമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന ശേഷം സിപിഎം ഇല്ലാതെ സിപിഐ തുടർച്ചയായി മുഖ്യമന്ത്രി പദവും തുടർഭരണവുമെല്ലാമായി പതിറ്റാണ്ടോളം അന്തസ്സോടെ നിന്നിരുന്നു. എന്നാൽ സിപിഎമ്മിൻ്റെ വലയിൽ അകപ്പെട്ടതോടെയാണ് എൽഡിഎഫിന് ഭരണം കിട്ടിയിട്ടും ഇന്നേവരെ ഒരു മുഖ്യമന്ത്രി പദവിയോ ഉപമുഖ്യമന്ത്രി സ്ഥാനമോ ലഭിക്കാതെ അവർ സ്വയം താഴ്ന്നുപോയത്. എൽഡിഎഫ് ചെയർമാൻ, കൺവീനർ സ്ഥാനങ്ങളും സിപിഎമ്മിനാണ്. ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഈ ഉടമ അടിമ വ്യവസ്ഥയ്ക്ക് വലിയ മാറ്റമൊന്നുമില്ല.
കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലത്ത് സിപിഐയുടെ വാക്കിനേക്കാൾ സിപിഎം വിലകൽപ്പിച്ചത് കീറച്ചാക്കിനായിരുന്നു എന്ന് എല്ലാവർക്കും അറിയാം. പിണറായി വിജയനും വി ശിവൻകുട്ടിയും പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടപ്പോൾ യുഡിഎഫിൻ്റെ അതേ ശബ്ദത്തിൽ സിപിഐ മുന്നണിയോഗത്തിലും പുറത്തുമെല്ലാം അരുതെന്ന് ഉറക്കെ പറഞ്ഞിരുന്നു. പിഎം ശ്രീ കരാരിൽ ഒപ്പുവച്ച അതേ പിണറായി വിജയന് ആ കരാറിൽനിന്ന് പിൻവാങ്ങാൻ കഴിയാത്ത നിലവിലെ യുഡിഎഫ് സർക്കാരിനെതിരെ സംസാരിക്കാൻ യാതൊരു അർഹതയുമില്ല. വീടിന് തീ കൊടുത്ത സിപിഎം അത് കെടുത്താനെന്ന പേരിൽ പെട്രോൾ ഒഴിക്കുന്നതാണ് പിഎം ശ്രീ വിഷയത്തിൽ തുടരുന്ന വിരോധാഭാസം.
യഥാർഥ ഇടതുപക്ഷം യുഡിഎഫ്
ഇഎംഎസ് രാജിവച്ച് ഒരാഴ്ചയ്ക്കുള്ളിൽ സി അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയ ബാഫഖി തങ്ങളും ആ ഭരണത്തിൽ മന്ത്രിമാരായി തിളങ്ങിയ സിഎച്ച് മുഹമ്മദ് കോയയും കെ അവുക്കാദർക്കുട്ടി നഹയുമെല്ലാം മുസ്ലിം ലീഗിനെയും സിപിഐയെയും ചരിത്രത്തിൻ്റെ സുവർണ ലിപികളിലെഴുതിയ ഒരേ താളിൽ വായിച്ചെടുക്കാൻ സഹായിക്കുന്നവരാണ്. മുന്നണി വിട്ട് സിപിഎമ്മിനൊപ്പം ചേർന്ന ശേഷവും മുസ്ലിം ലീഗും സിപിഐയും ആരോഗ്യകരമായ വിമർശനങ്ങളും സംവാദങ്ങളും നടത്തിയിട്ടുണ്ടെങ്കിലും പരസ്പരം അന്തസ്സ് ഹനിക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ കാൽനൂറ്റാണ്ടായി എൽഡിഎഫിൽ സിപിഐ അനുഭവിക്കുന്ന വീർപ്പുമുട്ടൽ പിണറായി സർക്കാരിൻ്റെ പതനത്തോടെ പാരമ്യതയിലെത്തുമ്പോൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും വേദനയുണ്ടാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 35 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ സിപിഐ 17ൽനിന്ന് എട്ടിലേക്ക് താഴ്ന്നു. എങ്കിലും ആ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണ് സിപിഐ. അവർക്ക് പ്രതിപക്ഷ ഉപനേതൃപദവി നൽകണമോ വേണ്ടയോ എന്നത് മുന്നണിയുടെ ആഭ്യന്തര കാര്യമാണ്. എന്നാൽ അത് മിണ്ടാൻ പോലും അവകാശമില്ലെന്നും എല്ലാം തമ്പ്രാൻ കൽപ്പിക്കുമെന്നും പൊതുസമൂഹത്തിൽ വന്ന് മാധ്യമങ്ങളോട് തുറന്നടിക്കുമ്പോൾ സിപിഐ എന്തിനിത്ര ആട്ടും തുപ്പും സഹിക്കണമെന്ന് ചിന്തിച്ചുപോകും.
പിണറായി വിജയൻ്റെ പത്താണ്ടിൻ്റെ ഭരണത്തിൽ പലതും പൂവണിയാതെ പോയതിൽ ആ സർക്കാരിലെ സിപിഐയുടെ സാന്നിധ്യം ഒരു കാരണമാണെന്നത് കൂടിയാണ് പ്രതിപക്ഷ നേതാവിൻ്റെ വാക്കും നോക്കും കടുത്തതാകാൻ കാരണം. സിപിഐ മുന്നണി വിടണമെന്നോ യുഡിഎഫിൽ അംഗമാകണമെന്നോ ഉള്ള കാര്യങ്ങൾ അവർ ഒരു നിലപാട് വ്യക്തമാക്കിയ ശേഷം മാത്രം ചർച്ച ചെയ്യേണ്ടതാണ്. എന്നാൽ കോർപറേറ്റ് പാർട്ടി ഓഫ് മാഫിയ എന്ന തലത്തിലേക്ക് പൂർണമായും മാറിക്കഴിഞ്ഞ സിപിഎം നയിക്കുന്ന മുന്നണിയിൽ സിപിഐക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന് ആശങ്ക പ്രകടിപ്പിക്കാതിരിക്കാൻ കഴിയില്ല.
ഏതെങ്കിലുമൊരു പാർട്ടിയോ വ്യക്തിയോ വരുന്നതും വരാതിരിക്കുന്നതും ഇപ്പോൾ യുഡിഎഫിന് ഭീഷണിയോ ആശങ്കയോ സൃഷ്ടിക്കുന്നില്ല. ഏകാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് മാറാത്ത പക്ഷം സിപിഐക്ക് എൽഡിഎഫിൽ തുടരുന്നത് ദുഷ്കരമാകും. കേരളത്തിലെ യഥാർഥ ഇടതുപക്ഷം യുഡിഎഫാണെന്ന് നൂറുദിന വിഡിഎസ് ഭരണം വിളിച്ചുപറയുന്നുണ്ട്. എൽഡിഎഫ് എന്ന ലേബലൊട്ടിച്ചതുകൊണ്ട് മാത്രം ഇടതുപക്ഷമാകില്ലെന്ന് സിപിഐക്കെങ്കിലും മനസ്സിലാകാതിരിക്കില്ലെന്നും കെപിഎ മജീദ് ലേഖനത്തിൽ വ്യക്തമാക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR