ഓണക്കാലത്തെ അധിക സർവീസുകളിലൂടെ കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് വരുമാനത്തിൽ വൻകുതിപ്പ്.
Thiruvananthapuram, 29 ഓഗസ്റ്റ് (H.S.) ഓണക്കാലത്തെ അധിക സർവീസുകളിലൂടെ കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് വരുമാനത്തിൽ വൻകുതിപ്പ്. ഓണത്തോടനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ചതും യാത്രക്കാരുടെ വർധിച്ച പങ്കാളിത്തവു
KSRTC


Thiruvananthapuram, 29 ഓഗസ്റ്റ് (H.S.)

ഓണക്കാലത്തെ അധിക സർവീസുകളിലൂടെ കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് വരുമാനത്തിൽ വൻകുതിപ്പ്. ഓണത്തോടനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ചതും യാത്രക്കാരുടെ വർധിച്ച പങ്കാളിത്തവുമാണ് വരുമാനവർധനവിന് സഹായകമായത്. ചതയം ദിനമായ വെള്ളിയാഴ്ച മാത്രം എട്ട് കോടിയിലധികം രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കിയതിലൂടെ യാത്രക്കാർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം വരുമാനത്തിലും ഗണ്യമായ നേട്ടം കൈവരിക്കാൻ കോർപറേഷന് സാധിച്ചു.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച വർധനവാണ് രേഖപ്പെടുത്തിയത്. ഉത്രാട ദിനത്തിൽ ആകെ 21,45,267 പേരാണ് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തത്. ഇതിൽ 9,34,056 പേർ പ്രിയദർശിനി ഫ്രീ ടിക്കറ്റ് ആനുകൂല്യം ഉപയോഗപ്പെടുത്തി. അന്ന് ആകെ 7,88,69,469 രൂപയുടെ കളക്ഷൻ ലഭിച്ചപ്പോൾ അതിൽ 2,04,31,007 രൂപയുടെ പ്രിയദർശിനി ഫ്രീ ടിക്കറ്റുകളും ഉൾപ്പെടുന്നു. മറ്റ് യാത്രക്കാരുടെ എണ്ണം 12,11,211 ആയിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 19,31,706 യാത്രക്കാരും 7,57,98,253 രൂപ വരുമാനവുമാണ് ലഭിച്ചിരുന്നത്. തിരുവോണ ദിനത്തിൽ 2,597 ബസുകൾ സർവീസ് നടത്തി 12,95,172 യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. 4,77,14,150 രൂപ വരുമാനം ലഭിച്ചു. മുൻവർഷം ഇത് 9,52,396 യാത്രക്കാരും 4,74,34,359 രൂപയുമായിരുന്നു.

അവിട്ടം, ചതയം ദിനങ്ങളിലും സർവീസുകളുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വർധനവുണ്ടായി. അവിട്ടം ദിനമായ വ്യാഴാഴ്ച 3,490 ബസുകൾ സർവീസ് നടത്തി 7,01,71,004 രൂപയുടെ വരുമാനം നേടി. ഈ ദിവസം19,91,846 യാത്രക്കാരാണ് കോർപറേഷൻ്റെ സേവനം പ്രയോജനപ്പെടുത്തിയത്. മുൻവർഷം ഇത് യഥാക്രമം 6,15,50,237 രൂപയും 17,81,644 യാത്രക്കാരുമായിരുന്നു. ചതയം ദിനമായ വെള്ളിയാഴ്ച ബസുകളുടെ എണ്ണം 3,787 ആയി ഉയർത്തി 12,78,903 കിലോമീറ്ററാണ് സർവീസ് നടത്തിയത്. ആകെ 22,02,992 യാത്രക്കാരിൽ നിന്നായി 8,07,71,743 രൂപയുടെ റെക്കോർഡ് കളക്ഷനാണ് ലഭിച്ചത്. ഇതിൽ 2,30,90,072 രൂപ പ്രിയദർശിനി ഫ്രീ ടിക്കറ്റുകൾ വഴിയുള്ളതാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 18,19,566 യാത്രക്കാരും 7,10,86,516 രൂപ വരുമാനവുമാണ് രേഖപ്പെടുത്തിയിരുന്നത്.

തിരക്ക് കൂടുതലുള്ള ദിവസങ്ങൾ മുൻകൂട്ടി വിലയിരുത്തി അധിക സർവീസുകൾ ക്രമീകരിച്ചതും യാത്രക്കാരുടെ സൗകര്യാർഥം ഫലപ്രദമായ സർവീസ് പ്ലാനിങ് നടപ്പാക്കിയതുമാണ് വരുമാന വർധനവിന് കാരണമായത്. അന്തർസംസ്ഥാന യാത്രകൾക്കായി കൂടുതൽ ബസുകൾ ലഭ്യമാക്കിയത് അമിത ചാർജ് നൽകാതെ നാട്ടിലെത്താൻ യാത്രക്കാർക്ക് സഹായകമായി. യാത്രാത്തിരക്ക് കാര്യക്ഷമമായി നിയന്ത്രിച്ച് കൂടുതൽ യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്താനും കോർപറേഷന് കഴിഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News