Enter your Email Address to subscribe to our newsletters

Ernakulam , 29 ഓഗസ്റ്റ് (H.S.)
ലോകപ്രശസ്ത അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക കൈമാറ്റങ്ങളിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന കൂടുതല് ഊര്ജിതമാക്കി. സംഭവത്തിൽ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി) മാനേജ്മെന്റിനോട് സാമ്പത്തിക കൈമാറ്റത്തിന്റെ പൂർണമായ വിവരങ്ങളും ബാങ്ക് രേഖകളും നൽകാൻ അന്വേഷണ ഏജൻസി നിർദേശിച്ചതായാണ് വിവരം.
അർജന്റീന ഫുട്ബോൾ അസോസിയേഷന് (എ.എഫ്.എ) നൽകിയതായി പറയപ്പെടുന്ന 126 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട തെളിവുകളും, ഇതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർ.ബി.ഐ) നിന്ന് മുൻകൂട്ടി അനുമതി വാങ്ങിയതിന്റെ പത്രങ്ങളുമാണ് ഇ.ഡി ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് രാജ്യത്തിന് പുറത്തേക്ക് വലിയ തുകകൾ കൈമാറ്റം ചെയ്യുന്നതിന് ആർ.ബി.ഐയുടെ ഔദ്യോഗിക പണമിടപാട് അനുമതി നിർബന്ധമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ, വിദേശ പണമിടപാടുകൾക്കായി ആർ.ബി.സി അനുമതി തേടിയിട്ടുണ്ടോ എന്ന യാഥാർഥ്യം സ്ഥിരീകരിക്കുന്നതിനായി ഇഡി റിസർവ് ബാങ്കിലേക്ക് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്.
വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ - FEMA) പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കമ്പനിക്കെതിരെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്ത് വിവര ശേഖരണം നടത്തുന്നത്. മാസങ്ങൾക്ക് മുമ്പ് തന്നെ രജിസ്റ്റർ ചെയ്ത ഈ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വ്യക്തമാക്കുന്നതിന് കൂടുതൽ രേഖകൾ ഹാജരാക്കേണ്ടതുണ്ട്.
നിലവിലുള്ള ഫെമ അന്വേഷണത്തിന് പുറമെ, പ്രെഡിക്കേറ്റ് ഒഫൻസ് (Predicate Offence) രജിസ്റ്റർ ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ - PMLA) നടപടികളിലേക്ക് കടക്കുന്നതിനുള്ള സാധ്യതകളും ഏജൻസി പരിശോധിക്കുന്നുണ്ട്. എന്നാൽ ഇതിനായി വിഷയത്തിൽ സംസ്ഥാന വിജിലൻസോ മറ്റ് അന്വേഷണ ഏജൻസികളോ പ്രാദേശികമായി കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
ആവശ്യപ്പെട്ട രേഖകൾ ലഭ്യമായ ശേഷം അവ വിശദമായി പരിശോധിച്ച് മാത്രമായിരിക്കും കമ്പനി ഭാരവാഹികളെ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് ഇ.ഡി കടക്കുക. നൽകുന്ന രേഖകൾ തൃപ്തികരമല്ലെങ്കിൽ കമ്പനിയുടെ ഓഫീസുകളിലും സാമ്പത്തിക ഇടപാടുകൾ നടന്ന മറ്റ് കേന്ദ്രങ്ങളിലും കൂടുതൽ തെളിവെടുപ്പുകളും പരിശോധനകളും നടത്താനുമായ അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, സംസ്ഥാനത്ത് ജിഎസ്ടി വെട്ടിപ്പും നികുതി വരുമാന ചോർച്ചയും കണ്ടെത്താൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മെസി വിവാദത്തിലെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രി വിഡി സതീശൻ്റെ ഓഫിസിൽ ലഭിച്ച പരാതികൾക്കും മാധ്യമ റിപ്പോർട്ടുകൾക്കും പിന്നാലെയാണ് സംസ്ഥാനത്തെ ജിഎസ്ടി വെട്ടിപ്പും നികുതി ചോർച്ചയും കണ്ടെത്താൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വൻതോതിലുള്ള നികുതി വെട്ടിപ്പ് കണ്ടെത്തുക, പണമിടപാടുകളുടെ ഉറവിടവും പണമൊഴുക്കും പരിശോധിക്കുക, നികുതി വെട്ടിപ്പിന് പിന്നിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി നടപടി സ്വീകരിക്കുക എന്നിവയാണ് സംഘത്തിൻ്റെ പ്രധാന ചുമതല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR