നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം തലനാരിഴയ്ക്ക് ദുരന്തമുഖത്തുനിന്നും രക്ഷപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തി.
Kasaragod , 29 ഓഗസ്റ്റ് (H.S.) നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം തലനാരിഴയ്ക്ക് ദുരന്തമുഖത്തുനിന്നും രക്ഷപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തി. ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ അതിർത്തി കടന്ന സംഘം ഉത്തർപ്രദേശിലെ ഗൊരഖ്പുർ വിമാനത്
Nepal flood


Kasaragod , 29 ഓഗസ്റ്റ് (H.S.)

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം തലനാരിഴയ്ക്ക് ദുരന്തമുഖത്തുനിന്നും രക്ഷപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തി. ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ അതിർത്തി കടന്ന സംഘം ഉത്തർപ്രദേശിലെ ഗൊരഖ്പുർ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ഇവിടെ നിന്നും രണ്ട് വിമാനങ്ങളിലായാണ് ഇവർ കേരളത്തിലേക്ക് മടങ്ങുന്നത്.

ഗൊരഖ്പുരിൽ നിന്നും ഉച്ചയ്ക്ക് 2.50നുള്ള വിമാനത്തിൽ സംഘം ബെംഗളൂരുവിലേക്ക് തിരിക്കും. നേപ്പാൾ അതിർത്തിയിൽ നിന്നും നൂറ് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവർ വിമാനത്താവളത്തിൽ എത്തിയത്. കാസർകോട് നിന്നുള്ള സംഘം ബെംഗളൂരുവിൽ വിമാനമിറങ്ങിയ ശേഷം ട്രെയിൻ മാർഗം നാട്ടിലേക്ക് മടങ്ങും. സംഘത്തിലുള്ള ബാക്കിയുള്ളവർ ഇന്ന് രാത്രിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചേരും.

പെരിയ പോളിടെക്നിക്കിലെ അധ്യാപകനും ചെറുവത്തൂർ സ്വദേശിയുമായ രാജൻ, അധ്യാപകൻ അനിൽ നീലാംബരി, മുൻ എസ്ഐ പ്രദീപ് കുമാർ, കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻ കരുണാകരൻ, മുഴക്കോയ സ്വദേശി രാജീവൻ എന്നിവരാണ് കാസർകോട് നിന്നുള്ള യാത്രാസംഘത്തിലുള്ളത്.

ഭീതിയുടെ നിമിഷങ്ങൾ

ഇന്ന് രാവിലെയോടെയാണ് സംഘം ഇന്ത്യൻ അതിർത്തി കടന്നത്. എറണാകുളത്തെ ഒരു ട്രാവൽ ഏജൻസി വഴി ഈ മാസം 23നാണ് 36 പേരടങ്ങുന്ന സംഘം നേപ്പാളിലേക്ക് വിനോദയാത്ര പോയത്. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം 25ന് കാഠ്മണ്ഡുവിൽ എത്തിയ ഇവർ അവിടെ തുടരുകയായിരുന്നു. പിന്നീട് കാഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായി മിന്നൽപ്രളയം ഉണ്ടായത്.

കൺമുന്നിലൂടെ വാഹനങ്ങളും വീടുകളും ഒലിച്ചുപോകുന്നതും ആളുകളുടെ കൂട്ടനിലവിളിയുമാണ് കേട്ടതെന്ന് സംഘത്തിലുള്ള അനിൽ നീലാംബരി പറഞ്ഞു. പെട്ടെന്ന് എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസിലായില്ല. നിമിഷനേരം കൊണ്ട് റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പിന്നീട് മറ്റൊരു വഴിയിലൂടെ കൊടുംകാട്ടിലൂടെയാണ് ഇവർ യാത്ര തുടർന്നത്.

വെളിച്ചം പോലുമില്ലാത്ത കാട്ടിൽ മണിക്കൂറുകളോളമാണ് സംഘം ചെലവഴിച്ചത്. കുടിക്കാൻ വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത സാഹചര്യത്തിൽ വാഹനത്തിൽ ബാക്കിയുണ്ടായിരുന്ന ആപ്പിൾ കഴിച്ചാണ് വിശപ്പടക്കിയത്. ഒടുവിൽ സുരക്ഷിതമായ സ്ഥാനത്ത് എത്തി അതിർത്തി കടന്നപ്പോഴാണ് ശ്വാസം നേരെ വീണതെന്നും അനിൽ കൂട്ടിച്ചേർത്തു. വിനോദയാത്ര പോയവർ ദുരന്തത്തിൽ കുടുങ്ങിയതറിഞ്ഞ് നാട്ടിലെ ബന്ധുക്കളും കടുത്ത ആശങ്കയിലായിരുന്നു. ഇവരുടെ സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കാൻ ജനപ്രതിനിധികളും നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു.

നേപ്പാളിൽ വൻ നാശനഷ്ടംഅതേസമയം നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 616 ആയി ഉയർന്നു. കാണാതായ നിരവധി ആളുകളുടെ മൃതദേഹങ്ങൾ ശനിയാഴ്ച രക്ഷാപ്രവർത്തകർ കണ്ടെടുത്തതോടെയാണ് മരണസംഖ്യ കുതിച്ചുയർന്നത്. ബുധനാഴ്ച മധ്യനേപ്പാളിലെ റസുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലുണ്ടായ പ്രളയത്തിൽ 1,924 ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നേപ്പാൾ പൊലീസിൻ്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ തെരച്ചിലും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥയും തകർന്ന റോഡുകളും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. രക്ഷാപ്രവർത്തകർക്കും സൈന്യത്തിനും ഒപ്പം നാട്ടുകാരും സജീവമായി രംഗത്തുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News