സ്ത്രീകളെ ഏകാന്തതയിലേക്ക് തള്ളിവിടാനുള്ള ഒരു നീക്കത്തെയും ബിജെപിയും എൻഡിഎയും അനുവദിക്കില്ല : രാജീവ് ചന്ദ്രശേഖര്
Thiruvananthapuram, 29 ഓഗസ്റ്റ് (H.S.) കേരളത്തിലെ ഓരോ പെൺകുട്ടിക്കും ആജ്ഞകളോ രാഷ്ട്രീയ വിട്ടുവീഴ്ചകളോ ഇല്ലാതെ പൂർണ സ്വാതന്ത്ര്യത്തോടും അന്തസോടും കൂടി പഠിക്കാനും ആഘോഷിക്കാനും നയിക്കാനും സ്വപ്നം കാണാനും ജീവിക്കാനുമുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ബ
Rajeev Chandrasekhar


Thiruvananthapuram, 29 ഓഗസ്റ്റ് (H.S.)

കേരളത്തിലെ ഓരോ പെൺകുട്ടിക്കും ആജ്ഞകളോ രാഷ്ട്രീയ വിട്ടുവീഴ്ചകളോ ഇല്ലാതെ പൂർണ സ്വാതന്ത്ര്യത്തോടും അന്തസോടും കൂടി പഠിക്കാനും ആഘോഷിക്കാനും നയിക്കാനും സ്വപ്നം കാണാനും ജീവിക്കാനുമുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര്. സ്ത്രീകളെ ഏകാന്തതയിലേക്ക് തള്ളിവിടാനുള്ള ഒരു നീക്കത്തെയും ബിജെപിയും എൻഡിഎയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളെ നിഴലുകളിൽ ഒതുക്കി നിർത്താൻ ശ്രമിക്കുന്നവർ ഭൂതകാലത്തിൽ പെട്ടവരാണെന്നും വികസിത് ഭാരതത്തിലോ ഇന്ത്യയുടെ ജനാധിപത്യത്തിലോ അവർക്ക് സ്ഥാനമില്ലെന്നും ചന്ദ്രശേഖർ എക്സിലെ പോസ്റ്റില് കുറിച്ചു. ഇസ്ലാമിക ആഘോഷങ്ങളില് സ്ത്രീകളെ പൊതു ഇടങ്ങളില് പ്രദര്ശിപ്പിക്കരുതെന്ന സമസ്ത നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിജെപി അധ്യക്ഷൻ്റെ പ്രതികരണം .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില് ഇന്ത്യ വനിതാ ശാക്തീകരണത്തില് നിന്ന് വനിതാ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് മുന്നേറിക്കഴിഞ്ഞു. സായുധ സേനയിലും ബഹിരാകാശ ദൗത്യങ്ങളിലും തുടങ്ങി കോര്പ്പറേറ്റ് തലപ്പത്തും സ്റ്റാര്ട്ടപ്പുകളിലും വരെ, യുവതികള് രാജ്യത്തെ മുന്നോട്ട് നയിക്കുകയാണ്. കേരളത്തിലെ നമ്മുടെ പെണ്മക്കള്ക്കും ഈ അവസരങ്ങള് നിഷേധിക്കപ്പെടരുത്. കോണ്ഗ്രസും സിപിഎമ്മും പതിറ്റാണ്ടുകളായി തുടരുന്ന അതിരുകടന്ന പ്രീണന നയമാണ്, നമ്മുടെ പെണ്മക്കളെ നാലു ചുവരുകള്ക്കുള്ളില് തളച്ചിടാന് ആഗ്രഹിക്കുന്ന പിന്തിരിപ്പന് ശക്തികള്ക്ക് കരുത്ത് പകരുന്നത്. സ്ത്രീ ശാക്തീകരണത്തെ എതിര്ക്കുന്നവരോട് കണ്ണടയ്ക്കുന്ന കാര്യത്തില് കോണ്ഗ്രസും സിപിഎമ്മും രണ്ടല്ല ഒന്നാണെന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു.

സമസ്ത പ്രസ്താവനയോട് രൂക്ഷ വിമര്ശനം

പണ്ഡിത സംഘടനയുടെ നിർദ്ദേശത്തിനെതിരെ വെള്ളിയാഴ്ച മുതൽ വിവിധ കോണുകളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും രൂക്ഷമായ പ്രതികരണങ്ങൾ ഉയർന്നു. സിപിഐ (എം) നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ രൂക്ഷമായി പ്രതികരിച്ചു. സ്ത്രീകളെ പൊതുസ്ഥലങ്ങളിലോ വേദികളിലോ പ്രദർശിപ്പിക്കരുതെന്ന പ്രസ്താവന കാലഹരണപ്പെട്ടതെന്നും വളരെ സ്ത്രീവിരുദ്ധമെന്നും കെ കെ ശൈലജ പറഞ്ഞു.

സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നതിലും യോഗങ്ങളിൽ ഒരു വേദി പങ്കിടുന്നതിലും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിലും മതലംഘനമില്ല. കേരളത്തിലെ മുസ്ലീം സ്ത്രീകൾ ഇന്ന് നല്ല വിദ്യാഭ്യാസമുള്ളവരാണെന്നും എംഎൽഎമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ തുടങ്ങിയ മേഖലകളിൽ സ്വയം സ്ഥാപിച്ചിട്ടുണ്ടെന്നും ഷൈലജ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സമസ്തയുടെ വിവാദ പരമാര്ശം

ഇസ്ലാമിക ആഘോഷങ്ങളില് സ്ത്രീകളെ പൊതു ഇടങ്ങളില് പ്രദര്ശിപ്പിക്കരുതെന്ന് സമസ്ത നേതാക്കള് വ്യക്തമാക്കി. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാര്ക്കിടയില് യുവതികളെ പ്രദര്ശിപ്പിക്കുന്നതും ഇസ്ലാമിക അല്ലാത്ത ആചാരങ്ങളും ആഘോഷങ്ങളും കൂട്ടിയിണക്കുന്നതും വിശ്വാസികള്ക്ക് ചേര്ന്നതല്ലെന്നും അത് അനുവദനീയമല്ലെന്നും സമസ്ത പ്രസ്താവനയില് പറഞ്ഞിരുന്നു.

മതകീയ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ച് കൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവന് പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും വരുംതലമുറയിലേക്ക് സന്മാര്ഗീയമായ മാതൃകകള് പകര്ന്നുനല്കാന് എല്ലാവരും ബാധ്യസ്ഥരാണെന്നും പ്രസ്താവനയില് പറയുന്നു. മഹല്ല് ഭാരവാഹികളും പള്ളികളുടെയും മദ്രസകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വവും ജാഗ്രത പാലിക്കണമെന്നും അത്തരം പരിപാടികൾ ഇസ്ലാമിക മാനദണ്ഡങ്ങൾക്കനുസൃതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News