ഡൽഹിയിൽ പഠനയാത്ര കഴിഞ്ഞ് ട്രെയിനിൽ മടങ്ങുകയായിരുന്ന തൃശൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ട്രെയിനിൽ വെച്ച് ഭക്ഷ്യവിഷബാധയേറ്റു
Bhopal , 29 ഓഗസ്റ്റ് (H.S.) ഡൽഹിയിൽ പഠനയാത്ര കഴിഞ്ഞ് ട്രെയിനിൽ മടങ്ങുകയായിരുന്ന തൃശൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ട്രെയിനിൽ വെച്ച് ഭക്ഷ്യവിഷബാധയേറ്റു. ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സിൽ (126
THRISSUR STUDENTS FOOD POISONING


Bhopal , 29 ഓഗസ്റ്റ് (H.S.)

ഡൽഹിയിൽ പഠനയാത്ര കഴിഞ്ഞ് ട്രെയിനിൽ മടങ്ങുകയായിരുന്ന തൃശൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ട്രെയിനിൽ വെച്ച് ഭക്ഷ്യവിഷബാധയേറ്റു. ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സിൽ (12618) വെള്ളി രാത്രിയോടെയാണ് സംഭവം. തൃശൂരിൽ നിന്നുള്ള 80 അംഗ സംഘത്തിലെ അൻപതോളം കുട്ടികൾക്കാണ് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടത്. ഇറ്റാർസി സ്റ്റേഷൻ പിന്നിട്ട ശേഷമാണ് പല കുട്ടികൾക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങിയത്. ഇതോടെ ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്കൂൾ അധികൃതരും ഉടൻ തന്നെ റെയിൽവേ ജീവനക്കാരെയും റെയിൽവേ ഹെൽപ്പ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു. കുട്ടികളെല്ലാം പതിനഞ്ചിനും പതിനെട്ടിയും ഇടയില് പ്രായമുള്ളവരാണ്.

പാൻ്ററി കാറിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ

യാത്രയിലുടനീളം ട്രെയിനിലെ പാൻ്ററി കാറിൽ നിന്നുള്ള ഭക്ഷണമാണ് വിദ്യാർത്ഥികൾ കഴിച്ചിരുന്നത്. ഇറ്റാർസി സ്റ്റേഷന് സമീപത്തു വെച്ച് കഴിച്ച ഭക്ഷണത്തിന് പിന്നാലെ കുട്ടികൾക്ക് തുടരെത്തുടരെ ഛർദ്ദിയും ദാഹവും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ മധ്യപ്രദേശിലെ ഖാണ്ഡവ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ അധികൃതർ മുൻകൂട്ടി മെഡിക്കൽ ടീമിനെ സജ്ജമാക്കി നിർത്തി.

ഖണ്ട്വ സ്റ്റേഷനിൽ 40 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ട് ചികിത്സ

വെള്ളി രാത്രി ഒൻപതരയോടെ ട്രെയിൻ ഖണ്ട്വ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയ ഉടൻ തന്നെ കുട്ടികളെ പുറത്തിറക്കി അടിയന്തര പ്രാഥമിക ചികിത്സ നൽകി. ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ ഒ പി ജുഗ്താവത്, സിവിലി സർജൻ ഡോ അനിരുദ്ധ കൗശൽ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘവും റെയിൽവേ മെഡിക്കൽ ടീമും ചേർന്നാണ് കുട്ടികൾക്ക് പരിശോധനയും മരുന്നുകളും ലഭ്യമാക്കിയത്. കുട്ടികളുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം 40 മിനിറ്റോളം വൈകി ട്രെയിൻ യാത്ര തുടർന്നു.

മുൻകരുതൽ എന്ന നിലയിൽ റെയിൽവേയുടെ പ്രത്യേക മെഡിക്കൽ ടീം ഖണ്ട്വയിൽ നിന്ന് ഭുസാവൽ സ്റ്റേഷൻ വരെ വിദ്യാർത്ഥികളെ ട്രെയിനിൽ അനുഗമിക്കുകയും ചെയ്തു. അപകടനില തരണം ചെയ്ത കുട്ടികളെല്ലാം നിലവിൽ സുരക്ഷിതരായി യാത്ര തുടരുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. റെയിൽവേ പാൻ്ററി കാറുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് വീണ്ടും ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ് തൃശൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവം. കുട്ടികളുടെ ആരോഗ്യാവസ്ഥ വേഗത്തിൽ വീണ്ടെടുക്കാൻ കഴിഞ്ഞെങ്കിലും, ട്രെയിനുകളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ശക്തമായ പരിശോധനകളും കർശന നടപടികളും റെയിൽവേ മന്ത്രാലയത്തിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News