Enter your Email Address to subscribe to our newsletters

Kolkkatha, 29 ഓഗസ്റ്റ് (H.S.)
മമത ബാനർജിക്കും തൃണമൂൽ ഛത്ര പരിഷത്ത് സ്ഥാപക ദിന പരിപാടിയുടെ സംഘാടകർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് ഹേസ്റ്റിങ്‌സ് പൊലീസ്. കോടതി ഉത്തരവ് ലംഘിച്ചു എന്നാണ് കേസ്. അന്നത്തെ പരിപാടിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ഹേസ്റ്റിങ്‌സ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
മമതയുമായി സഖ്യമുണ്ടാക്കിയ തൃണമൂൽ വിഭാഗം നിശ്ചിത സമയത്തിനപ്പുറം പരിപാടി തുടർന്നുവെന്നും അതുവഴി കൽക്കട്ട ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നും പൊലീസിൻ്റെ എഫ്‌ഐആറിൽ പറയുന്നു. കത്തീഡ്രൽ റോഡിലെ സമ്മേളനത്തിനിടെ, ജനക്കൂട്ടത്തിലെ ഒരു വിഭാഗം പൊലീസ് ബാരിക്കേഡുകൾ നീക്കം ചെയ്‌തു. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി സംഘർഷമുണ്ടക്കുകയും ഇത് ഗതാഗതം തടസപ്പെടുത്തുകയും ചെയ്‌തു.
ഹൈക്കോടതി നിർദ്ദേശപ്രകാരം ടിഎംസിപിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 28ന് കത്തീഡ്രൽ റോഡിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ ക്രമസമാധാനം പാലിക്കണമെന്ന കർശന നിബന്ധനയിലാണ് കോടതി അനുമതി നൽകിയത്. പരിപാടിയുടെ ദൈർഘ്യവും ക്രമസമാധാന പരിപാലനവും സംബന്ധിച്ച് കോടതി പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.
എന്നാൽ പരിപാടി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് സബ് ഇൻസ്പെക്‌ടർ അപു ബൈദ്യ ഹേസ്റ്റിങ്‌സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അദ്ദേഹത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 28 ന് കേസ് രജിസ്റ്റർ ചെയ്‌തു. കത്തീഡ്രൽ റോഡിൽ പരിപാടിക്കായി വലിയ ജനക്കൂട്ടമുണ്ടായിരുന്നു.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പരിപാടിക്കിടെ ജനക്കൂട്ടം ബാരിക്കേഡുകൾ തള്ളിമാറ്റി. ഇതോടെ ജനക്കൂട്ടവും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും തമ്മിൽ സംഘർഷവും വാക്കേറ്റവും ഉണ്ടായതായും പരാതിയിൽ പറയുന്നു. അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിൻ്റെ വിദ്യാർഥി വിഭാഗമാണ് തൃണമൂൽ ഛത്ര പരിഷത്ത്. പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘടന, സംസ്ഥാനത്തെ പ്രധാന വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ ഒന്നാണ്
2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷത്തായതിനെ തുടർന്ന്, തൃണമൂൽ ഛത്ര പരിഷത്തിനകത്തും ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായിട്ടുണ്ട്. 2026 ഓഗസ്റ്റ് 28ലെ സ്ഥാപക ദിനത്തിൽ കൊൽക്കത്തയിൽ മമത ബാനർജിയെ അനുകൂലിക്കുന്ന വിഭാഗവും എതിർ വിഭാഗവും വെവ്വേറെ റാലികളാണ് നടത്തിയത്. കൊൽക്കത്ത ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇരുവിഭാഗങ്ങൾക്കും വെവ്വേറെ വേദികൾ അനുവദിച്ചത്.
---------------
Hindusthan Samachar / Sreejith S