മുഖ്യമന്ത്രിയെ തടഞ്ഞ കോൺഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ കേസ്
Thiruvananthapuram, 29 ഓഗസ്റ്റ് (H.S.) ശ്രീനാരായണ ഗുരു ജയന്തി ആഘോഷ പരിപാടിക്ക് പോകുന്നതിനിടെ മുഖ്യമന്ത്രി വി.ഡി സതീശൻ്റെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം അറസ്റ്റിൽ. തിരുവനന്തപുരം ഡിസിസി നേതാവ് അനിൽ കുമാർ എന്ന ചേന്തി അനിലിനെയാണ് ശ്രീകാര്യം പൊലീസ്
DCC MEMBER CHENTHI ANIL


Thiruvananthapuram, 29 ഓഗസ്റ്റ് (H.S.)

ശ്രീനാരായണ ഗുരു ജയന്തി ആഘോഷ പരിപാടിക്ക് പോകുന്നതിനിടെ മുഖ്യമന്ത്രി വി.ഡി സതീശൻ്റെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം അറസ്റ്റിൽ. തിരുവനന്തപുരം ഡിസിസി നേതാവ് അനിൽ കുമാർ എന്ന ചേന്തി അനിലിനെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.

വെള്ളിയാഴ്ച വൈകിട്ട് ചെമ്പഴന്തിയിൽ നടന്ന ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. യാത്രാമധ്യേ ചേന്തിയിൽ മറ്റൊരു ഗുരുജയന്തി പരിപാടി സംഘടിപ്പിച്ചവർ മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ച് നിർത്തുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി വി.ഡി സതീശൻ കോൺഗ്രസ് നേതാവായ അനിലുമായി തർക്കിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുറച്ചുനേരം അവിടെ ചെലവഴിച്ച ശേഷം മുഖ്യമന്ത്രി വാഹനത്തിൽ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ പട്ടികയിൽ ചേന്തിയിലെ ചടങ്ങ് ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

പൊലീസ് നടപടിയും സംഘാടകരുടെ വിശദീകരണവും

സംഭവത്തിന് പിന്നാലെ, മാസങ്ങൾക്ക് മുൻപ് സെക്രട്ടേറിയറ്റിൽ വച്ച് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരിപാടിയിലേക്ക് ക്ഷണിക്കുന്നതിൻ്റെ ചിത്രങ്ങൾ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘാടകർ പുറത്തുവിട്ടു. വ്യാഴാഴ്ച പൊലീസ് വേദിയിലെത്തി പരിശോധന നടത്തുകയും വേദിയിൽ ഇരിക്കേണ്ട ആളുകളുടെ എണ്ണം സംബന്ധിച്ച് നിർദേശം നൽകുകയും ചെയ്തിരുന്നതായി ഇവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് അനിലിനെ കസ്റ്റഡിയിലെടുത്ത് ശ്രീകാര്യം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

അന്യായമായി തടഞ്ഞുവയ്ക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പൊതുസേവകൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ബിഎൻഎസ് 126(2), 351(2), 132 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വൈകിട്ട് 5.55ഓടെ മുതിർന്ന കോൺഗ്രസ് നേതാക്കളെ കണ്ട് വാഹനം നിർത്തിയ മുഖ്യമന്ത്രി അവരുമായി സംസാരിക്കുന്നതിനിടെയാണ് പ്രശ്നങ്ങളുണ്ടായതെന്ന് എഫ്ഐആറിൽ പറയുന്നു. ക്ഷണിച്ചിട്ടും പരിപാടിയിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് പ്രതി മുഖ്യമന്ത്രിയോട് കയർത്തു.

ശാന്തനാകാൻ ആവശ്യപ്പെട്ടപ്പോൾ, 'ഞാൻ ദേഷ്യപ്പെട്ടാൽ നിങ്ങൾ എന്ത് ചെയ്യും' എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. മുഖ്യമന്ത്രിയെ പരസ്യമായി അപമാനിച്ചതിനും സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനുമാണ് കേസ്. റൂട്ട് ക്ലിയറൻസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ദൃശ്യങ്ങൾ പരിശോധിച്ച് മറ്റുള്ളവർക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പാർട്ടിക്കുള്ളിലെ അതൃപ്തി

അതേസമയം, അറസ്റ്റ് പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തി. മുഖ്യമന്ത്രിയോട് അനിൽ മോശമായി സംസാരിച്ചിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തകനായ സുഹൈൽ ഷാജഹാൻ പറഞ്ഞു. 'നീ എന്ത് ചെയ്യുമെടാ' എന്ന് മുഖ്യമന്ത്രിയോട് അനിൽ ചോദിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് ഭരിക്കുമ്പോൾ ഒരു കോൺഗ്രസുകാരനെ തന്നെ അറസ്റ്റ് ചെയ്യുന്നതിൽ കടുത്ത പ്രതിഷേധമുണ്ടെന്നും സുഹൈൽ കൂട്ടിച്ചേർത്തു. ചേന്തിയിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിലും അനിലിൻ്റെ അറസ്റ്റിലും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ആശങ്കയുണ്ട്. സംഭവത്തിൻ്റെ വിശദാംശങ്ങൾ ഡിസിസി നേതൃത്വം ശേഖരിച്ചുവരികയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News