കാട്ടാന ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുമ്പോഴും ശാശ്വത പരിഹാരം കാണാനാകാതെ അധികൃതർ.
Idukki , 29 ഓഗസ്റ്റ് (H.S.) കാട്ടാന ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുമ്പോഴും ശാശ്വത പരിഹാരം കാണാനാകാതെ അധികൃതർ. കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഇടുക്കി ജില്ലയിൽ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 13 പേരാണ്. ഇതിൽ അഞ്ച് മരണങ്ങളും വനംവകുപ്പ് ദേവിക
Wild elephant


Idukki , 29 ഓഗസ്റ്റ് (H.S.)

കാട്ടാന ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുമ്പോഴും ശാശ്വത പരിഹാരം കാണാനാകാതെ അധികൃതർ. കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഇടുക്കി ജില്ലയിൽ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 13 പേരാണ്. ഇതിൽ അഞ്ച് മരണങ്ങളും വനംവകുപ്പ് ദേവികുളം റേഞ്ചിൻ്റെ പരിധിയിലാണ്. കാട്ടാനക്കലിക്ക് ഇരയായവരെല്ലാം തോട്ടം തൊഴിലാളികളും സാധാരണക്കാരുമാണ്.

ഈ വർഷത്തെ ആദ്യ കാട്ടാന ആക്രമണ മരണം ജൂൺ എട്ടിനായിരുന്നു. ചിന്നക്കനാൽ സിങ്കുകണ്ടത്തിന് സമീപം മക്കളെ സ്കൂൾ ബസിൽ കയറ്റിവിടാൻ പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിലാണ് സിങ്കുകണ്ടം അങ്കണവാടി തെരുവിൽ താമസിച്ചിരുന്ന 36കാരിയായ മാരി കൊല്ലപ്പെട്ടത്. മാരിയുടെ മരണത്തിന് പിന്നാലെ കാട്ടാന ശല്യത്തിന് അടിയന്തര പരിഹാരം കാണുമെന്ന് വനം മന്ത്രിയടക്കമുള്ളവർ പ്രഖ്യാപിച്ചെങ്കിലും, നടപടികൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി.

''ചിന്നക്കനാലിലെ അവസാനത്തെ മരണമാണ് ഒച്ചപ്പൻ്റേത്. ഈ ജൂണ് മാസം എട്ടാം തിയതിയാണ് മാരി കൊല്ലപ്പെട്ടത്. തൊഴിലാളികള്ക്ക് നേരെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങള്ക്ക് യൊതൊരു അറുതിയുമില്ല. പുതിയ സർക്കാർ വന്നും വലിയ പ്രഖ്യാപനങ്ങളൊക്കെ നടത്തിയെങ്കിലും ഒന്നും നടപ്പാക്കിയില്ല. സോളാർ ഫെൻസിങ് സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. അതും ഇതുവരെ ചെയ്തിട്ടില്ല.

ധന സഹായം നൽകുന്നതിനപ്പുറം മറ്റൊന്നും സർക്കാർ ചെയ്തിട്ടില്ല. പല പദ്ധതികളും വാഗ്ദാനങ്ങള് മാത്രമായിരുന്നു. അവ ഏകോപിപ്പിച്ചുകൊണ്ട് ഒരു നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ് സർക്കാർ ചെയ്യേണ്ടത്. തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കേണ്ടതുണ്ട്,'' പൊതുപ്രവർത്തകനായ വിപിൻ പറയുന്നു.

മനുഷ്യജീവനും കൃഷിക്കും ഒരുപോലെ ഭീഷണിയായ 18 കാട്ടാനകളുള്ള ചിന്നക്കനാലിൽ പ്രത്യേക ദ്രുതപ്രതികരണ സേനയായ ആർആർടി യൂണിറ്റ് സ്ഥാപിക്കുമെന്ന മന്ത്രിയുടെ വാഗ്ദാനവും സർക്കാർ ഉത്തരവിൽ ഒതുങ്ങി. 2023ൽ പീരുമേട്ടിൽ പ്രഖ്യാപിച്ച ആർആർടി യൂണിറ്റ് പോലും ഇതുവരെ യാഥാർഥ്യമായിട്ടില്ല.

കാട്ടാനകൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് തടയാൻ അടിമാലി കാഞ്ഞിരവേലി, ചിന്നക്കനാൽ, ശാന്തൻപാറ, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളിൽ സൗരോർജ തൂക്കുവേലികൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. മാരിയുടെ മരണശേഷം ചിന്നക്കനാലിലെ അക്രമകാരികളായ കാട്ടാനകളെ പിടികൂടി മാറ്റണമെന്ന് എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിലും വനംവകുപ്പിൻ്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായില്ല.

വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ നിയമനിർമാണം വേണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും തുടരുമ്പോൾ, കാട്ടാന ഭീഷണിയിൽ ജീവിക്കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണ്. മനുഷ്യജീവന് വിലയുണ്ടെങ്കിൽ ഇനി വേണ്ടത് പ്രഖ്യാപനങ്ങളല്ല, അടിയന്തര നടപടിയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News