Enter your Email Address to subscribe to our newsletters

Coiambatore , 29 ഓഗസ്റ്റ് (H.S.)
കോയമ്പത്തൂർ / മലപ്പുറം: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പത്ത് കോടിയിലധികം രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) മൂന്ന് മലയാളികൾ കോയമ്പത്തൂരിൽ പിടിയിലായി. മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 12.8 കിലോഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സിന്തറ്റിക് ലഹരിവേട്ടയാണിത്.
സംസ്ഥാനത്ത് വേരൂന്നിയ ലഹരി മാഫിയാ ശൃംഖലകളെ പൂർണ്ണമായി പിഴുതെറിയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസും ചേർന്ന് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' (The Narco Hunt) പദ്ധതിയുടെ ഭാഗമായാണ് ഈ നിർണ്ണായക ഓപ്പറേഷൻ നടന്നത്. സംസ്ഥാനത്തെ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഓപ്പറേഷൻ തൂഫാനിലൂടെ പോലീസ് നടത്തുന്നത്. ലഹരിയുടെ പ്രാദേശിക വിൽപ്പനക്കാരെ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിക്കുന്ന വൻകിട മൊത്തവിതരണക്കാരെയും സാമ്പത്തിക സ്രോതസ്സുകളെയും ലക്ഷ്യമിട്ടാണ് ഈ പ്രത്യേക ക്യാമ്പയിൻ ആവിഷ്കരിച്ചിരിക്കുന്നത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരം മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 97 ഗ്രാം എംഡിഎംഎയുമായി ആറുപേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ആധുനിക സൈബർ ഫോറൻസിക് മാർഗ്ഗങ്ങളിലൂടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയും ചോദ്യം ചെയ്തപ്പോഴാണ് അന്തർസംസ്ഥാന ലഹരി റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവന്നത്.
തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ദിവസങ്ങളോളം പ്രതികളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുകയും കോയമ്പത്തൂരിലെ പ്രധാന സംഭരണ കേന്ദ്രത്തിലേക്ക് എത്തുകയുമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വിതരണത്തിനായി എത്തിച്ച 12.8 കിലോ എംഡിഎംഎയാണ് സംഘം കണ്ടെടുത്തത്.
പിടിയിലായ മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ സാമ്പത്തിക ഇടപാടുകൾ, ബിനാമി അക്കൗണ്ടുകൾ, ലഹരി എത്തിച്ച മുഖ്യ സൂത്രധാരന്മാർ എന്നിവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് ഒഴുകുന്ന ലഹരിയുടെ വേരുകൾ അറുക്കാൻ ലക്ഷ്യമിട്ടുള്ള 'ഓപ്പറേഷൻ തൂഫാൻ' വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും ലഹരി കടത്തിൽ പങ്കാളികളായ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും പോലീസ് ഉന്നതർ വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K