Enter your Email Address to subscribe to our newsletters

Kannur, 29 ഓഗസ്റ്റ് (H.S.)
കണ്ണൂർ: സ്ത്രീകളുടെ പൊതുഇടങ്ങളിലെ സാന്നിധ്യത്തെയും പങ്കാളിത്തത്തെയും നിയന്ത്രിച്ചുകൊണ്ട് സമസ്ത എ.പി വിഭാഗം പുറത്തിറക്കിയ സർക്കുലറിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതുകൊണ്ട് ഒരു മതത്തിന്റെയും ആചാരങ്ങളോ വിശ്വാസങ്ങളോ ലംഘിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ അവർ, സ്ത്രീകളെ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ തളച്ചിടാനുള്ള നീക്കം പ്രാകൃതമായ ഫ്യൂഡൽ ആചാരക്രമത്തിന്റെ തുടർച്ചയാണെന്നും തുറന്നടിച്ചു.
സമസ്ത എ.പി വിഭാഗത്തിന്റെ നിലപാടുകൾ കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി. ആധുനിക കേരളത്തിൽ മുസ്ലിം സ്ത്രീകൾ ഉന്നത വിദ്യാഭ്യാസം നേടുകയും സമൂഹത്തിന്റെ നാനാതുറകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണിത്. രാഷ്ട്രീയത്തിലും ഭരണരംഗത്തും സാംസ്കാരിക മേഖലകളിലും നേതൃത്വപരമായ പങ്ക് വഹിക്കാൻ സ്ത്രീകൾക്ക് കഴിയുന്നുണ്ട്. നിയമസഭാംഗങ്ങളായും നഗരസഭാ ചെയർപേഴ്സൺമാരായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായും മറ്റ് തദ്ദേശ ജനപ്രതിനിധികളായും മികവോടെ പ്രവർത്തിക്കുന്ന ഒട്ടേറെ മുസ്ലിം വനിതകൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്. ഈ യാഥാർത്ഥ്യങ്ങളെല്ലാം കണ്ടില്ലെന്ന് നടിച്ചുകൊണ്ട് സ്ത്രീസമൂഹത്തെ പിന്നോട്ട് വലിക്കാനാണ് ഇത്തരം സർക്കുലറുകൾ ശ്രമിക്കുന്നതെന്നും അവർ വിമർശിച്ചു.
സാമൂഹിക പുരോഗതിക്കും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി കേരളം ഒന്നടങ്കം മുന്നേറുമ്പോൾ, മതത്തിന്റെ പേരിൽ യാഥാസ്ഥിതിക ചിന്തകൾ അടിച്ചേൽപ്പിക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാനാവില്ല. ചരിത്രപരമായി പിന്നാക്കം നിന്നിരുന്ന വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ പോരാട്ടങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും കൈവരിച്ച നേട്ടങ്ങളെ റദ്ദുചെയ്യുന്ന ഇത്തരം നിലപാടുകൾക്കെതിരെ ജനാധിപത്യ ബോധമുള്ള പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടതുണ്ട്. സ്വന്തം നിലനിൽപ്പും വ്യക്തിത്വവും തെളിയിക്കാൻ ശേഷിയുള്ള പുതിയ തലമുറ ഇത്തരം പിന്തിരിപ്പൻ നിർദ്ദേശങ്ങളെ പുച്ഛിച്ചു തള്ളുമെന്നും അവർ വ്യക്തമാക്കി.
സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന വിധത്തിലുള്ള പ്രസ്താവനകൾക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ കേരളത്തിന്റെ ജനാധിപത്യ ഉള്ളടക്കം കൂടുതൽ ശക്തമാക്കുമെന്നും, ലിംഗസമത്വത്തെയും പുരോഗമനപരമായ മൂല്യങ്ങളെയും മുറുകെപ്പിടിച്ച് സമൂഹം മുന്നോട്ട് പോകണമെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K