ഒമ്പത് ദേശങ്ങള് ഒരുങ്ങി; തൃശൂരില് ഇന്ന് പുലികള് ഇറങ്ങും
Thrissur, 29 ഓഗസ്റ്റ് (H.S.) തൃശൂരില്‍ ഇന്ന് പുലികള്‍ ഇറങ്ങും. 9 ദേശങ്ങളും ഒരുങ്ങിക്കഴിഞ്ഞു.ഈ വട്ടം എന്തെല്ലാം വെറൈറ്റി ഉണ്ടാകുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വൈകുന്നേരമാണ് സ്വരാജ് റൗണ്ടില്‍ പുലികളി ആരംഭിക്കുക.ഇതിനോടകം പുലിച്ചമയ പ്രദര്‍ശനം മട
pulikali


Thrissur, 29 ഓഗസ്റ്റ് (H.S.)

തൃശൂരില്‍ ഇന്ന് പുലികള്‍ ഇറങ്ങും. 9 ദേശങ്ങളും ഒരുങ്ങിക്കഴിഞ്ഞു.ഈ വട്ടം എന്തെല്ലാം വെറൈറ്റി ഉണ്ടാകുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വൈകുന്നേരമാണ് സ്വരാജ് റൗണ്ടില്‍ പുലികളി ആരംഭിക്കുക.ഇതിനോടകം പുലിച്ചമയ പ്രദര്‍ശനം മടകളില്‍ ആരംഭിച്ചു കഴിഞ്ഞു. തൃശൂര്‍ നഗരാതിര്‍ത്തിയിലെ വിയ്യൂര്‍ യുവജനസംഘം, കുട്ടന്‍കുളങ്ങര ദേശം, പാട്ടുരായ്ക്കല്‍ ദേശം, സീതാറാം മില്‍ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോള്‍ ദേശം എന്നീ ഒന്പത് ടീമുകളാണ് പുലികളിക്കെത്തുക. വരയന്‍ പുലി, കരിമ്പുലി, പുള്ളിപ്പുലി തുടങ്ങി പരമ്പരാഗത പുലികള്‍ക്കൊപ്പം പെണ്‍പുലികളും കുട്ടിപ്പുലികളും അണിനിരക്കും.

വൈകിട്ട് നാലിന് അതത് പ്രദേശങ്ങളില്‍നിന്ന് പുറപ്പെടുന്ന സംഘങ്ങള്‍ അഞ്ചോടെ സ്വരാജ് റൗണ്ടിലെത്തും. നടുവിലാല്‍ ഗണപതിക്ക് നാളികേരമുടച്ച് സ്വരാജ് റൗണ്ട് ചുറ്റും. ദീപാലംകൃതമായ നിശ്ചല ദൃശ്യങ്ങളുമുണ്ടാകും. മനുഷ്യപ്പുലികളുടെ സമാനതകളില്ലാത്ത നൃത്തോത്സവം പതിനായിരങ്ങള്‍ക്ക് ഹരമാകും. ആനയും എഴുന്നള്ളിപ്പുമില്ലാത്ത തൃശൂരിന്റെ രണ്ടാം പൂരമാണിത്. മന്ത്രി ഒജെ ജനീഷാണ് പുലിക്കളിയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുക. പുതിയ ഭരണസമിതി വന്നതിന് ശേഷമുള്ള ആദ്യത്തെ പുലിക്കളിയാണിത്.

പുരാണകഥകള്‍ക്കൊപ്പം സമകാലിക വിഷയങ്ങളും നിശ്ചലദൃശ്യങ്ങളിലൂടെ അവതരിപ്പിക്കും. 'ഓപ്പറേഷന്‍ തൂഫാന്‍' ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോര്‍പറേഷന്റെ ബോധവത്കരണ നിശ്ചലദൃശ്യവും മുന്നിലുണ്ടാകും. പുലികളി സംഘങ്ങളില്‍ അയ്യന്തോള്‍ ദേശത്തെ ആറാം ക്ലാസുകാരിയായ ആരാധ്യ എന്ന കുട്ടിപ്പുലി നയിക്കുന്നുവെന്നതും പ്രത്യേകതയാണ്. കുട്ടന്‍കുളങ്ങര ദേശമാണ് ആദ്യം സ്വരാജ് റൗണ്ടിലേക്ക് എത്തുക. എംജി റോഡ് വഴി ആറ് സംഘങ്ങളും, ഷൊര്‍ണൂര്‍ റോഡ് വഴി ഒരു സംഘവും, വടക്കെ സ്റ്റാന്‍ഡ് വഴി രണ്ട് സംഘങ്ങളും സ്വരാജ് റൗണ്ടിലേക്കെത്തും. പുലികളിയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, സഹകരണ സംഘങ്ങള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോര്‍പറേഷന്‍ പുലികളി സംഘങ്ങള്‍ക്ക് 3,50,000-രൂപ സഹായധനമായി നല്‍കും. 1,75,000 രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തു. പുലികളിക്ക് ഒന്നാം സമ്മാനം 70,000- രൂപയും രണ്ടാം സമ്മാനം 60,000-രൂപയും മൂന്നാം സമ്മാനം 50,000-രൂപയും ട്രോഫിയും നല്‍കും. ഓരോ ടീമിനും 120 ലിറ്റര്‍ മണ്ണെണ്ണയും കോര്‍പറേഷന്‍ നല്‍കും. നിശ്ചലദൃശ്യം പുരാണം, നിശ്ചലദൃശ്യം സമകാലികം, പുലിക്കൊട്ട്, പുലി വേഷം, പുലി വണ്ടി, അച്ചടക്കം, പുലി വര, പുലിച്ചമയം എന്നിവയ്ക്കും സമ്മാനമുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News