വെള്ളപ്പൊക്കത്തിൽ പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകർഷകന് മന്ത്രി ബിന്ദു കൃഷ്ണ നാല് പശുക്കളെ കൈമാറി
Kottayam, 03 ഓഗസ്റ്റ് (H.S.) കോട്ടയം: പാലാ തീക്കോയിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 11 പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകർഷകൻ അനിൽകുമാറിന് മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നാല് പശുക്കളെ കൈമാറി. ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് അനിൽകുമാറിന്റെ
Bindu Krishna


Kottayam, 03 ഓഗസ്റ്റ് (H.S.)

കോട്ടയം: പാലാ തീക്കോയിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 11 പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകർഷകൻ അനിൽകുമാറിന് മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നാല് പശുക്കളെ കൈമാറി. ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് അനിൽകുമാറിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന ഗർഭിണിയായ പശു ഉൾപ്പടെ വെള്ളപ്പൊക്കത്തിൽ ചത്തത്. വിവരം അറിഞ്ഞ ഉടൻ തന്നെ മന്ത്രി ബിന്ദു കൃഷ്ണ ഫോണിൽ വിളിച്ച് അനിൽകുമാറിന് വേണ്ട സഹായം ഉറപ്പ് നൽകിയിരുന്നു. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് 4 മണിയോടെ മന്ത്രി ബിന്ദു കൃഷ്ണ തീക്കോയിയിൽ നേരിട്ടെത്തിയാണ് അനിൽകുമാറിന് പശുക്കളെയും കാലിത്തീറ്റയും കൈമാറിയത്. ക്ഷീരകർഷകന് നൽകിയ പശുക്കളിൽ രണ്ടെണ്ണം ഗർഭിണികളാണ്. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ, വെറ്ററിനറി ടീച്ചേഴ്സ് അസോസിയേഷൻ, കെഎൽഡിബി, മിൽമ, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, കേരള ഫീഡ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പശുക്കളെ കൈമാറിയത്.

കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്‍റ് ബോർഡ് നല്‍കിയ രണ്ട് പശുക്കളെയും കേരള വെറ്റിനറി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനും കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ സംസ്ഥാന സമിതിയും നല്‍കിയ ഓരോ പശുക്കളെയുമാണ് മന്ത്രി കൈമാറിയത്. കേരള വെറ്റിനറി അസോസിയേഷൻ നൽകിയ 1,15,000 രൂപയുടെ ചെക്കും ബിന്ദു കൃഷ്ണ അനില്‍കുമാറിനു നല്‍കി. വാഗമണ്ണിലെ കെ.എൽ .ഡി .ബി യിൽ നിന്ന് ആണ് പശുക്കളെ എത്തിച്ചത്

യുഡിഎഫ് സർക്കാർ ഒപ്പമുണ്ട് എന്നത് വെറും വാക്കല്ല പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് എന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കർഷകന് ധനസഹായം ലഭ്യമാക്കാൻ വേണ്ടത് ചെയ്യുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്‍റ് ബി. ഗോപകുമാര്‍, മിൽമ എറണാകുളം മേഖലാ ചെയർമാൻ സി.എൻ. വത്സലൻ പിള്ള, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യൻ,തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആശ റിജു, കെ എൽ ഡി ബി മാനേജിംഗ് ഡയറക്ടർ ഡോ. ആർ. രാജീവ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബിനു ഗോപിനാഥ്,ഡോ. അബ്ദുൽ ഫിറോസ് , ഡോ. ബിനോയ്, ഡോ. സ്മിത, ഡോ. അജിൻ ജോസ്,ബേബി തോമസ്, ഹരി മണ്ണുമഠം, രോഹിണി ബായ് ഉണ്ണികൃഷ്ണൻ, കെ.കെ. വിജയൻ ടി.ടി .തോമസ്, ഓമന ഗോപാലൻ, കൃപ ബിജു എന്നിവർ സന്നിഹിതരായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News