ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 സിപിഎം പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി
Kochi, 03 ഓഗസ്റ്റ് (H.S.) പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ പരിശോധന കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ജാമ്യം. കേസ് അന്വേഷണം പൂർത്തിയാവുകയും പ്രതികൾ 67 ദിവസമായി ജയിലിൽ കഴിയുന്നതും ചൂണ്ടിക
kerala high court


Kochi, 03 ഓഗസ്റ്റ് (H.S.)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ പരിശോധന കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ജാമ്യം. കേസ് അന്വേഷണം പൂർത്തിയാവുകയും പ്രതികൾ 67 ദിവസമായി ജയിലിൽ കഴിയുന്നതും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസർ എഡപ്പഗത്ത് ജാമ്യം അനുവദിച്ചത്. വിഷയം വളരെ ഗുരുതരവും ന്യായീകരിക്കാൻ കഴിയാത്തതുമാണെന്നും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ കേസിൽ 67 ദിവസം ഉണ്ടായിട്ടും ആയുധം കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. പൊലീസ് കസ്റ്റഡി ഉൾപ്പെടെ പൂർത്തിയാവുകയും ചെയ്തു. ഇതിനു ശേഷവും എന്തിനാണ് കൂടുതൽ കസ്റ്റഡിയിൽ വയ്ക്കുന്നതെന്ന് ചോദിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾ മുൻപ് കുറ്റകൃത്യത്തിൽ പങ്കെടുത്ത പശ്ചാത്തലമില്ലെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനെ ഇ.ഡി ശക്തമായി എതിർത്തു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്തായിരുന്നുവെന്നും ഇത് എങ്ങനെയാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നതുമാണ് പ്രധാനപ്പെട്ട കാര്യമെന്ന് ഇ.ഡി വാദിച്ചു. ആരാണ് ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇ.ഡി പറഞ്ഞിരുന്നു. അന്വേഷണം തടസപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം ഉണ്ടാക്കിയ ആക്രമണമാണ് അവിടെ നടന്നതെന്നുമായിരുന്നു ഇ‍.ഡിയുടെ വാദം. എന്നാൽ തങ്ങൾ 60–ലേറെ ദിവസങ്ങളായി ജയിലിൽ ആണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ നൽകിയത്. സെഷൻസ് കോടതി രണ്ടു വട്ടം ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയിലെത്തിയത്.

അറസ്റ്റിലായ 26 പേരിൽ കിരൺ പി.എസ്, ജീവൻ, അനിൽ കുമാർ, ശ്രീജിത്, നിഷാദ്, സിദ്ധാർഥ് എസ്, ഷഫീഖ് എന്നിവരുൾപ്പെടെ 9 പേരുടെ ജാമ്യാപേക്ഷയാണ് കോടതി മുമ്പാകെയുണ്ടായിരുന്നത്. ഇതിനു പുറമേ 4 പേരുടെ ജാമ്യാപേക്ഷ കൂടി കോടതി മുൻപാകെയുണ്ട്. ഇത് നാളെ പരിഗണിക്കാനായി മാറ്റി. ഒൻപതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതുവരെ ജാമ്യം അനുവദിച്ചിട്ടുള്ളത്. കേസിലെ 25ാം പ്രതി ഉണ്ണികൃഷ്ണന് പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞ മാസം 30 വരെ ഇടക്കാല ജാമ്യം നൽകിയിരുന്നു. ഇക്കഴിഞ്ഞ മേയ് 27നാണ് തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായത്. സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന 3 ടാക്സി വാഹനങ്ങൾ തടഞ്ഞുനിർത്തി ആക്രമിച്ചു എന്നാണ് കേസ്. കേസിൽ പിന്നീട് ഇ‍.ഡിയും കക്ഷി ചേർന്നിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News