ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരു വീഴ്ചയും വന്നിട്ടില്ല; പെയ്തത് അസാധാരണ മഴ; ഐ എം ഡി ക്കും പിഴച്ചു; മുഖ്യമന്ത്രി
Thiruvananthapuram, 03 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് മഴക്കെടുതി മുന്നൊരുക്കങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സർക്കാർകൃത്യമായ ഏകോപനത്തോടെയാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുന്നോട്ട
VD Satheeshan


Thiruvananthapuram, 03 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് മഴക്കെടുതി മുന്നൊരുക്കങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സർക്കാർകൃത്യമായ ഏകോപനത്തോടെയാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്..എന്നാൽ പ്രതിപക്ഷവും ചില മാധ്യമങ്ങളും തെറ്റായ പ്രചരണം നടത്തുകയാണ് അദ്ദേഹം ആരംഭിച്ചു. മഴക്കെടുതി വിലയിരുത്തുന്നതിനായി ജില്ല കലക്ടർമാരുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മഴക്കെടുതിയിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്ക് 10,000 രൂപ അടിയന്തര ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യമാണുള്ളതെന്നും ദുരന്തങ്ങളെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ പൂർണസജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. ഏഴുപേരെ കാണാതായിട്ടുണ്ട്. കോട്ടയം ജില്ലയിൽ മൂന്നുപേർ മരിച്ചു. ഈരാറ്റുപേട്ട പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ രണ്ടുപേരും പുതുപ്പള്ളിയിൽ ടാങ്കിൽ വീണ് ഒരു കുട്ടിയുമാണ് മരിച്ചത്. ഇടുക്കിയിൽ രണ്ടുപേർ മരിച്ചു. വിഴിഞ്ഞത്തും മുതലപ്പൊഴിയിലുമായി ഓരോരുത്തർ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. കൊല്ലത്ത് രണ്ടുപേർ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിൽ നാലുപേർ മരിച്ചു, ഒരാളെ കാണാതായി. കണ്ണൂരിൽ ഒരാൾ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. കോഴിക്കോട് ജില്ലയിൽ ഒരാളും മരിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്ത് 164.98 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 3596 കർഷകരെ ഇത് ബാധിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്സ് സംവിധാനങ്ങൾ സജ്ജമാണ്. ഹെലികോപ്ടർ വഴിയും അല്ലാതെയും വിതരണം ചെയ്യുന്നതിനായുള്ള ഭക്ഷണപ്പൊതികൾ എല്ലാ സ്ഥലങ്ങളിലും തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 316 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. രാവിലെ ഒമ്പത് മണിവരെയുള്ള കണക്കുകൾ പ്രകാരം 11,018 പേർ ഇവിടെ കഴിയുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) ഒരു സംഘത്തെ പത്തനംതിട്ടയിലും രണ്ട് സംഘങ്ങളെ കോട്ടയത്തും നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമെ അരക്കോണത്തുനിന്നും രണ്ട് സംഘങ്ങളെക്കൂടി അധികമായി ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾക്കായി ഹെലികോപ്ടർ എത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ആലപ്പുഴയിൽ ഐടിബിപിയെയും കണ്ണൂർ, വയനാട് ജില്ലകളിൽ ഡിഫൻസ് സെക്യൂരിറ്റി കോർപ്സിനെയും നിയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകൾ നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല. രാത്രിയിലാണ് മത്സ്യത്തൊഴിലാളികൾ സാധാരണയായി കടലിൽ പോകുന്നത്. എന്നാൽ അവർക്ക് നൽകാൻ തക്കവണ്ണമുള്ള യാതൊരു മുന്നറിയിപ്പും ആ സമയത്ത് ഉണ്ടായിരുന്നില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ (ഐഎംഡി) വെബ്സൈറ്റ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ അലർട്ടുകളിൽ മാറ്റം വരുത്താൻ സാധിക്കൂ. ആദ്യം യെല്ലോ അലർട്ട് നൽകുകയും പിന്നീട് ശക്തമായ മഴ പെയ്തതിനെ തുടർന്ന് രാത്രി 7.30 മുതൽ എട്ടുമണിയോടെ അത് ഓറഞ്ച് അലർട്ടായി മാറ്റുകയുമാണ് ചെയ്തത്. ഇത് കാലാവസ്ഥ വകുപ്പിൻ്റെ സാധാരണ നടപടിക്രമം (എസ്ഒപി) മാത്രമാണ്.

അതിതീവ്ര മഴ സംബന്ധിച്ച് ഐഎംഡിക്ക് യാതൊരു മുന്നറിയിപ്പും നൽകാൻ കഴിഞ്ഞിരുന്നില്ല. രാത്രി വൈകിയാണ് അതിതീവ്ര മഴയുണ്ടാകുമെന്ന അറിയിപ്പ് ലഭിച്ചത്. നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ സാധിക്കുമായിരുന്നു. സാധാരണയായി 200 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിക്കുന്നതിനെയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ 300 മില്ലിമീറ്ററും വടശ്ശേരിക്കര പോലുള്ള പ്രദേശങ്ങളിൽ 350 മില്ലിമീറ്ററും മഴയാണ് പെയ്തത്.

ഐഎംഡിയുടെ റഡാറുകളിൽ പോലും മഴയുടെ സൂചനകൾ കൃത്യമായി ലഭിക്കുന്നില്ല. കഴിഞ്ഞ വർഷം എറണാകുളം നഗരത്തിൽ ഇടപ്പള്ളിയിലടക്കം യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് മഴ പെയ്തത് ഇതിന് ഉദാഹരണമാണ്. എൽനിനോ പ്രതിഭാസത്തിൻ്റെ ഭാഗമായാണ് ഇത്തരം കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടാകുന്നത്. ചൂട് കൂടുമ്പോൾ കടലിലെ ജലം നീരാവിയായി മാറി മേഘങ്ങളായി നിൽക്കുകയും ഏത് സമയത്തും അതിതീവ്ര മഴയായി പെയ്യുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. എൽനിനോയുടെ ഭാഗമായി ഇനി വരാൻ പോകുന്നത് കടുത്ത വരൾച്ചയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേരളം കാലാവസ്ഥ വ്യതിയാനത്തിൻ്റെ കാര്യത്തിൽ വലിയ ഭീഷണി നേരിടുന്ന പ്രദേശമാണ്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഐപിസിസി റിപ്പോർട്ടും നാസയുടെ അനാലിസിസും പ്രതിപക്ഷത്തിരിക്കെ നിയമസഭയിൽ ആദ്യമായി കൊണ്ടുവന്നപ്പോൾ താൻ വലിയ രീതിയിൽ പരിഹസിക്കപ്പെട്ടിരുന്നു. ഇതൊക്കെ നിയമസഭയിൽ കൊണ്ടുവരേണ്ട കാര്യങ്ങളാണോ എന്നായിരുന്നു അന്ന് പലരുടെയും ചോദ്യം. മുൻകാലങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഇപ്പോൾ അറബിക്കടലിലും പ്രകടമാണ്. കന്യാകുമാരി മുതൽ ഗുജറാത്ത് വരെയുള്ള പ്രദേശങ്ങൾ നിലവിൽ അതീവ ദുർബലമാണ്. ഏത് സമയത്തും അതിതീവ്ര മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കാര്യം നിയമസഭയിൽ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.

കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി മുൻ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ബജറ്റിൽ ഡിസാസ്റ്റർ മാനേജ്മെൻ്റ് റെസിലിയൻസ് പ്രോഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയാകുന്ന രീതിയിലുള്ള ഈ പ്രൊജക്ടിൻ്റെ നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ അഭിലാഷ് ഉൾപ്പെടെയുള്ള വിദഗ്ധരെയും ഹ്യൂം സെൻ്റർ അടക്കമുള്ള ഏജൻസികളെയും ഏകോപിപ്പിച്ച് മികച്ച പ്രവചന മോഡൽ തയാറാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നാല് ദിവസം മുമ്പ് പ്രത്യേക യോഗം ചേർന്നിരുന്നു. ആറ്, ഏഴ് തീയതികളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അഞ്ചാം തീയതിയോടെ മാത്രമേ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണം നൽകാൻ സാധിക്കൂ. അലർട്ടുകൾ പ്രഖ്യാപിച്ചാൽ ഉടൻ തന്നെ ദുരന്തനിവാരണ അതോറിറ്റി, ജില്ല കലക്ടർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെ വിവരം അറിയിക്കുകയും പ്രാരംഭ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News