Enter your Email Address to subscribe to our newsletters

Newdelhi , 03 ഓഗസ്റ്റ് (H.S.)
ന്യൂഡൽഹി: അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക ഉറവിടത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങളിലും വിവാദങ്ങളിലും വ്യക്തത വരുത്തി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ. ബോസ്റ്റൺ സർവകലാശാലയിൽ നിന്നുള്ള സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണ് താൻ അമേരിക്കയിൽ പഠനം പൂർത്തിയാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് മറച്ചുവെക്കാൻ ഒന്നുമില്ലെന്നും വിഷയം സംബന്ധിച്ച് ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ തന്റെ പിതാവിന്റെ സാമ്പത്തിക പശ്ചാത്തലത്തെയും വിദേശ പഠന ചെലവുകളെയും കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവരാവകാശ പ്രവർത്തകൻ പരാതി നൽകിയ പശ്ചാത്തലത്തിലാണ് ദിപ്കെയുടെ പ്രതികരണം. ബോസ്റ്റൺ യൂണിവേഴ്സിറ്റിയുടെ സ്കോളർഷിപ്പ് ലഭിച്ചതിനൊപ്പവും ഇനിയും തിരിച്ചടച്ചു തീർക്കാത്ത വിദ്യാഭ്യാസ വായ്പയെടുത്താണ് താൻ പഠിച്ചതെന്നും, ആർക്കും ഇതേക്കുറിച്ച് അന്വേഷണം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീന്റെ വിമർശനങ്ങൾക്കും അഭിജിത് ദിപ്കെ മറുപടി നൽകി. പരീക്ഷാ തിരിമറികൾക്കെതിരെ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ 2024-ൽ ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭങ്ങളുമായി തസ്ലിമ നസ്രീൻ ഉപമിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ വിദ്യാർത്ഥി സമരം പൂർണ്ണമായും വ്യത്യസ്തമാണെന്ന് ദിപ്കെ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിലും നേപ്പാളിലും നടന്ന പ്രക്ഷോഭങ്ങളുടെ പേര് പറഞ്ഞ് തങ്ങളുടെ സമരത്തെ അധിക്ഷേപിക്കാനാണ് ശ്രമിക്കുന്നതെന്നും, ഇന്ത്യൻ വിദ്യാർത്ഥികളുടെ അവകാശ പോരാട്ടം തികച്ചും വ്യത്യസ്തമായ തത്ത്വങ്ങളിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധാരണക്കാർക്ക് ലഭ്യമല്ലാത്ത വിധം ചെലവേറിയതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ചു. അടുത്തിടെ രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ശേഷം സിജെപിയുടെ ഉത്തരവാദിത്തം വർദ്ധിച്ചിട്ടുണ്ടെന്നും പാർട്ടി ഉടൻ തന്നെ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ മഹാരാഷ്ട്ര പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് ദിപ്കെ ആവശ്യപ്പെട്ടു. ഡൽഹിയിലെ ജന്തർ മന്തറിൽ ആരംഭിച്ച് രാജ്യവ്യാപകമായി പടർന്ന ഈ വിദ്യാർത്ഥി പ്രക്ഷോഭം വിദ്യാഭ്യാസ മേഖലയിലെ സുതാര്യത ആവശ്യപ്പെട്ട് കൊണ്ട് അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ സമരങ്ങളിലൊന്നായിരുന്നു. പ്രക്ഷോഭങ്ങളെ തുടർന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്ന സാഹചര്യവുമുണ്ടായി.
---------------
Hindusthan Samachar / Roshith K