Enter your Email Address to subscribe to our newsletters

Thiruvanathapuram, 03 ഓഗസ്റ്റ് (H.S.)
മുഖ്യമന്ത്രി വിഡി സതീശന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ കെ.എ രതീഷ് രാജിവെച്ചു. ഖാദി ബോര്‍ഡ് സെക്രട്ടറി, ഖാദി ക്ഷേമനിധി ബോര്‍ഡ്, റൂട്രോണിക്സ് എംഡി എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് കെ.എ രതീഷ് ഒഴിയുന്നത്. കോടിയുടെ കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പ്രതിയാണ് കെഎ രതീഷ്.
കേസിന്റെ വിചാരണാ നടപടികള്‍ ഉടന്‍ ആരംഭിക്കാനിരിക്കേ, പ്രതിസ്ഥാനത്തുള്ള രതീഷ് ഔദ്യോഗിക സ്ഥാനങ്ങളില്‍ തുടരുന്നത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തലുകളുണ്ടായിരുന്നു. സി.ബി.ഐ.യുടെ കുറ്റപത്രത്തില്‍ പ്രതിസ്ഥാനത്തുള്ള ഒരാള്‍ ഇത്രയും പ്രധാനപ്പെട്ട പദവികളില്‍ തുടരുന്നതുസംബന്ധിച്ച് ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.
കേസില്‍ രതീഷിനെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. അഴിമതിക്കേസില്‍ വിചാരണ കാത്തുനില്‍ക്കുന്ന ഒരു പ്രതി എങ്ങനെയാണ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലംമുതല്‍ വിവാദമായ ഈ കേസില്‍, പുതിയ സര്‍ക്കാര്‍ വന്നിട്ടും നടപടിയുണ്ടാകാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു.
2006 മുതല്‍ 2015 വരെയുള്ള കാലത്ത് കശുവണ്ടി വികസനകോര്‍പ്പറേഷന്‍ അസംസ്‌കൃത കശുവണ്ടി ഇറക്കുമതിചെയ്തതില്‍ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തല്‍. കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനായ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എം.ഡി. കെ.എ. രതീഷ് എന്നിവരാണ് പ്രതികള്‍.
അഴിമതിക്കേസില്‍ ഐ.എന്‍.ടി.യു.സി. സംസ്ഥാനപ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിനല്‍കിയിരുന്നു. സി.ബി.ഐ. കുറ്റപത്രം നല്‍കിയ കേസില്‍ പിണറായിസര്‍ക്കാര്‍ മൂന്നുതവണ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടായിട്ടും ഇടതു സര്‍ക്കാര്‍ ആര്‍. ചന്ദ്രശേഖരനെയടക്കം സംരക്ഷിക്കുകയുണ്ടായി. ഇതിന്റെപേരില്‍ വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി. മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നിരുന്നു.
ഇതിന് പിന്നാലെയാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ പുതിയ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നടപടിക്രമങ്ങളിലെ പ്രശ്നങ്ങള്‍ മാത്രമാണ് സി.ബി.ഐ. കണ്ടെത്തിയിട്ടുള്ളതെന്നും ഈ സാഹചര്യത്തില്‍ അനുമതി നല്‍കാനാവില്ലെന്നുമായിരുന്നു പിണറായിസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. എന്നാല്‍, ഹൈക്കോടതി നിര്‍ദേശം പാലിക്കണമെന്ന നിലപാടാണ് യുഡിഎഫ് അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സ്വീകരിച്ചത്.
ഐ.എന്‍.ടി.യു.സി. നേതാവിനെ സംരക്ഷിക്കാന്‍ പിണറായിസര്‍ക്കാര്‍ എന്തിന് ശ്രമിക്കുന്നുവെന്നത് സിപിഎമ്മിലും സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ആശ സമരത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്നാണ് ആര്‍. ചന്ദ്രശേഖരന്‍ നിന്നത്. ഇത് പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതിലുള്ള പ്രത്യുപകാരമാണെന്നും വിമര്‍ശനമുണ്ടായി. ഐ.എന്‍.ടി.യു.സി.യുടേത് കോണ്‍ഗ്രസ് നിലപാടല്ലെന്നുവരെ നേതാക്കള്‍ക്കുപറയേണ്ടിവന്നു. അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രിത്തര്‍ക്കത്തില്‍ സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചന്ദ്രശേഖരന്‍ സ്വീകരിച്ചിരുന്നത്.
---------------
Hindusthan Samachar / Sreejith S