കനത്ത മഴ: സ്കൂളുകളിൽ അടിയന്തര സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി
Thiruvananthapuram , 03 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ
കനത്ത മഴ: സ്കൂളുകളിൽ അടിയന്തര സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി


Thiruvananthapuram , 03 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. സ്കൂൾ വളപ്പുകളിലും പരിസരങ്ങളിലുമുള്ള അപകടാവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചു മാറ്റാനും, ഇലക്ട്രിക് പോസ്റ്റുകളുടെയും ലൈനുകളുടെയും സുരക്ഷ ഉറപ്പാക്കാനും മന്ത്രി പൊതുവിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

സംസ്ഥാനത്തുടനീളം കനത്ത മഴ പെയ്യുന്നതിനാൽ പലയിടങ്ങളിലും മണ്ണിടിച്ചിലും സംരക്ഷണ ഭിത്തികളും സ്കൂൾ മതിലുകളും ഇടിയുന്ന സാഹചര്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ സ്കൂളുകളിൽ എന്തെങ്കിലും അപകടസാധ്യതകളുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കാൻ തീരുമാനിച്ചത്.

മഴ ശക്തമായി തുടരുന്നതിനാൽ സ്കൂൾ പരിസരങ്ങളിലെ അപകട സാധ്യതകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് മന്ത്രി എടുത്തുപറഞ്ഞു. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

-

മരങ്ങളും ചില്ലകളും: പഴുതോ ജീർണ്ണതയോ ഉള്ളതും സ്കൂൾ കെട്ടിടങ്ങൾക്ക് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്നതുമായ മരങ്ങൾ അടിയന്തരമായി നീക്കം ചെയ്യും.

-

വൈദ്യുതി സുരക്ഷ: സ്കൂൾ വളപ്പിലെയും സമീപത്തെയും ഇലക്ട്രിക് പോസ്റ്റുകൾ, അയഞ്ഞുകിടക്കുന്ന വയറുകൾ എന്നിവ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ചേർന്ന് പരിശോധിച്ച് അപകടരഹിതമാക്കും.

-

മതിലുകളും കെട്ടിടങ്ങളും: അപകടനിലയിലുള്ള സംരക്ഷണ ഭിത്തികൾ, സ്കൂൾ മതിലുകൾ, പഴയ കെട്ടിടങ്ങൾ എന്നിവയുടെ ദൃഢത വിലയിരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടും.

സ്കൂളുകൾ കേന്ദ്രീകരിച്ച് അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയായിരിക്കും പരിശോധനകൾ നടപ്പിലാക്കുക. കുട്ടികൾ കളിക്കുന്ന സ്ഥലങ്ങളിലും വഴിനടക്കുന്ന ഭാഗങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്താൻ അധ്യാപകർക്കും സ്കൂൾ അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

കാലവർഷം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, യാതൊരുവിധ വീഴ്ചകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സുരക്ഷാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News