Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്. മഴക്കെടുതിയും കനത്ത മഴയ്ക്കുള്ള സാധ്യതയും മുന്നിൽക്കണ്ട് സംസ്ഥാനത്തെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം കൂടുതൽ കർശനമാക്കിയിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ഈ ജില്ലകളിലെ പ്രാദേശിക ഭരണകൂടങ്ങളോടും ദുരന്തനിവാരണ സേനയോടും സജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളായ തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും പൊതുജനങ്ങളും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
കനത്ത മഴ പ്രവചിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയേറെയാണ്. അതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവരും നദീതീരങ്ങളിൽ ഉള്ളവരും അധികൃതരുടെ നിർദ്ദേശമനുസരിച്ച് സുരക്ഷിതമായ ക്യാമ്പുകളിലേക്കോ സ്ഥലങ്ങളിലേക്കോ മാറാൻ തയ്യാറാകണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും രാത്രികാല മലയോര യാത്രകളും പരമാവധി ഒഴിവാക്കാനും, ജലാശയങ്ങളിലും പുഴകളിലും ഇറങ്ങുന്നത് പൂർണ്ണമായും തടയാനും മുന്നറിയിപ്പുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K