ജന്തര് മന്തറിലെ പ്രതിഷേധങ്ങള് വിലക്കണം; ഹര്ജി സുപ്രീം കോടതി പരിഗണിക്കും
New delhi, 03 ഓഗസ്റ്റ് (H.S.) ജന്തര്‍ മന്തറിലെ പ്രതിഷേധങ്ങള്‍ വിലക്കണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുയോജ്യമല്ലെന്ന് അവകാശപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് പരിഗണിക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചു. ജന്ത
Supreme Court


New delhi, 03 ഓഗസ്റ്റ് (H.S.)

ജന്തര്‍ മന്തറിലെ പ്രതിഷേധങ്ങള്‍ വിലക്കണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുയോജ്യമല്ലെന്ന് അവകാശപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് പരിഗണിക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചു. ജന്തര്‍ മന്തര്‍ പരിസരത്തുണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ പ്രദേശവാസികള്‍ക്ക് അസൗകര്യമുണ്ടാക്കുകയും അവശ്യവസ്തുക്കളുടെ വിതരണം തടസപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ഹര്‍ജിയിലെ വാദം. സതീഷ് ചന്ദ് കൗശിക് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തിനും മറ്റുള്ളവര്‍ക്കും നോട്ടീസ് അയച്ചു.

സമരങ്ങള്‍ക്കായി ബദല്‍ ക്രമീകരണങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിര്‍ദ്ദേശങ്ങള്‍ തേടാനും മറുപടി നല്‍കാനും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ബെഞ്ച് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധങ്ങള്‍ക്കായി ബദല്‍ സംവിധാനം ആവശ്യപ്പെടുന്ന ഹര്‍ജി, ആ പ്രദേശത്തെ പ്രവേശനവും സഞ്ചാരവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ത്തുന്നതായി വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

പ്രവേശനവും പുറത്ത് കടക്കലും ബന്ധിച്ച പ്രശ്നങ്ങള്‍ കാരണം, ഇത്തരം പ്രതിഷേധങ്ങള്‍ക്ക് ജന്തര്‍ മന്തര്‍ ഇനി അനുയോജ്യമായ സ്ഥലമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവശ്യ മരുന്നുകളുടെയും മറ്റും വിതരണത്തെയും ഇത് ബാധിക്കുന്നു. ഇതൊരു പ്രധാനപ്പെട്ട കാര്യമാണെന്ന് തനിക്ക് തോന്നുന്നുവെന്നും ഇക്കാര്യത്തില്‍ സോളിസിറ്ററോട് നിര്‍ദ്ദേശങ്ങള്‍ തേടാനും വിഷയം പ്രത്യേകം പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്യാനും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.

ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ടൗണ്‍ ഹാള്‍ യോഗം വിളിച്ചുചേര്‍ത്ത് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച കാര്യം പരാമര്‍ശിക്കുകയും ജൂലൈ 20-ലേതുപോലൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു

ജന്തര്‍ മന്തറില്‍ സിജെപി യുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം രാജ്യത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. 'കോക്രോച്ച് ജനതാ പാര്‍ട്ടി'യും (CJP) പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്കും ചേര്‍ന്ന് നയിച്ച ഈ സമരത്തില്‍, പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകള്‍ക്കും പേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ പ്രതിഷേധിക്കാന്‍ വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വന്‍നിര തന്നെ അണിനിരന്നു. തുടര്‍ന്ന് സമരത്തെ പിന്തുണച്ച് കൊണ്ട് നിരവധി പ്രമുഖരും രംഗത്തെത്തി.

ഡല്‍ഹിയില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും വിദ്യാര്‍ഥികള്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. പ്രതിഷേധങ്ങളെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും സമരക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ജൂലൈ 25-ന് സമരത്തിന് നേതൃത്വം നല്‍കിയ സിജെപി പ്രവര്‍ത്തകന്‍ അഭിജിത്ത് ദിപ്‌കെ സമരം പിന്‍വലിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News