Enter your Email Address to subscribe to our newsletters

Thiruvanathapuram, 03 ഓഗസ്റ്റ് (H.S.)
കാലവര്‍ഷ കെടുതികള്‍ക്കിടയിലെ മുഖ്യമന്ത്രിയുടെ വിരുന്ന് വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. ഉച്ചയ്ക്ക് ആരായാലും ഭക്ഷണം കഴിക്കും. വിഷയദാരിദ്ര്യത്തിന്റെ ഭാഗമായാണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നത്. ദുരന്തത്തെ പോലും രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
'ഒരു സ്ഥലത്ത് ഭക്ഷണം ഏര്‍പ്പാടാക്കിയതിനാല്‍ അവിടെ പോയി കഴിച്ചു എന്നേയുള്ളൂ. അതല്ലാതെ മറ്റൊന്നുമില്ല. പ്രളയമുണ്ടായിരുന്നപ്പോള്‍ പോലും അന്ന് പിണറായി വിജയന്‍ എവിടെയെങ്കിലും പോയി ഭക്ഷണം കഴിച്ചതായി ഞങ്ങള്‍ പറഞ്ഞിട്ടുണ്ടോ' എന്നും മുരളീധരന്‍ ചോദിച്ചു.
കേരളം മഴക്കെടുതിയെ നേരിടുമ്പോള്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കുകയാണെന്ന് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചു. റോം കത്തിയെരിയുമ്പോള്‍ നീറോ വീണ മീട്ടുന്നത് പോലെ എന്നാണ് ഇതിനെ കുറിച്ച് മുന്‍ വിദ്യാഭ്യാസമന്ത്രി കൂടിയായ വി ശിവന്‍കുട്ടി കുറ്റപ്പെടുത്തിയത്.
വൈകിട്ട് മൂന്ന് മണിക്ക് ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ സത്കാരത്തില്‍ പങ്കെടുത്തതായി ചിത്രീകരിക്കുന്നത് ഹീനമായ അപവാദ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. താന്‍ സത്കാരത്തിനല്ല പോയതെന്നും വൈകിട്ട് മൂന്ന് മണിക്കാണ് അവിടെ എത്തിയതെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇതില്‍ എന്ത് തെറ്റാണുള്ളതെന്ന് ജനം വിലയിരുത്തട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.
കനത്ത മഴയെയും പ്രകൃതിദുരന്തങ്ങളെയും തുടര്‍ന്ന് സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ വിരുന്ന് സത്കാരത്തില്‍ പങ്കെടുത്തു എന്ന രീതിയിലായിരുന്നു ഒരു വിഭാഗം വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ഈ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മൂന്ന് മണിക്കാണ് പൊന്നാനിയില്‍ എത്തുന്നത്. ഞാന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലേ? എന്ത് തെറ്റാണ് ഇതിലുള്ളത്? ഹീനമായ അപവാദ പ്രചാരണമാണ് എനിക്കെതിരെ നടക്കുന്നത്. ഭക്ഷണം കഴിക്കുന്നതില്‍ എന്ത് ഔചിത്യക്കുറവാണുണ്ടായത്? സത്കാരത്തിനല്ല ഞാന്‍ പോയത്, വീട്ടുകാര്‍ ഞാന്‍ വരുന്നതും കാത്ത് ഭക്ഷണം കഴിക്കാതെ ഇരിക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് ഭക്ഷണം കഴിക്കാന്‍ തയാറായത്,' എന്ന് അദ്ദേഹം വ്യക്തമാക്കി.
വിമര്‍ശകര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. 2018-ലെയും 2019-ലെയും പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി പട്ടിണിയായിരുന്നോ എന്ന് ചോദിച്ച അദ്ദേഹം, ദുരന്തമുഖത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും കൂട്ടിചേര്‍ത്തു. രാവിലെ അഞ്ച് മണി മുതല്‍ തന്നെ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പൂര്‍ണ ശ്രദ്ധ നല്‍കി മുന്നോട്ടുപോകുമ്പോള്‍, ഇത്തരം നിസ്സാര കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി അപവാദ പ്രചാരണം നടത്തുന്നത് കൃത്യമായ രാഷ്ട്രീയ ലാക്കോടെയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതില്‍ എന്ത് തെറ്റാണുള്ളതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് വി.ഡി. സതീശന്‍.
---------------
Hindusthan Samachar / Sreejith S