Enter your Email Address to subscribe to our newsletters

Newdelhi , 03 ഓഗസ്റ്റ് (H.S.)
ന്യൂഡൽഹി: കേരളം വലിയ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന അതിവേഗ റെയിൽ പദ്ധതികളായ സിൽവർലൈനും തിരുവനന്തപുരം-കണ്ണൂർ ഹൈസ്പീഡ് റെയിൽ പദ്ധതിയും സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. സാങ്കേതിക വിദഗ്ധൻ ഇ. ശ്രീധരൻ സമർപ്പിച്ച ഹൈസ്പീഡ് റെയിൽ പദ്ധതി നിർദേശം നിലവിലെ രൂപത്തിൽ നടപ്പിലാക്കാൻ സാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി വ്യക്തമാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പാർലമെന്റിൽ ജനപ്രതിനിധി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം മുതൽ കാസർകോട് വരെ വിഭാവനം ചെയ്ത സിൽവർലൈൻ പദ്ധതിയും അതിനു പകരം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഉയർന്ന വേഗതയിൽ സർവീസ് നടത്തുന്നതിനായി ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ നിർദേശവും ഇനി മുന്നോട്ട് കൊണ്ടുപോകില്ലെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കേരളത്തിന്റെ അതിവേഗ യാത്രാസ്വപ്നങ്ങൾക്കാണ് താൽക്കാലിക തിരിച്ചടിയേറ്റിരിക്കുന്നത്.
അതിവേഗ പാതകൾ ഉപേക്ഷിച്ചെങ്കിലും സംസ്ഥാനത്തെ നിലവിലുള്ള റെയിൽ ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിനായുള്ള മറ്റ് വികസന പദ്ധതികൾ തുടരുമെന്ന് റെയിൽവേ മന്ത്രി പാർലമെന്റിനെ അറിയിച്ചു. ഇതിന്റെ ഭാഗമായി വടക്കൻ കേരളത്തെയും തെക്കൻ കേരളത്തെയും ബന്ധിപ്പിക്കുന്ന വിവിധ പാതകളിൽ മൂന്നും നാലും വരികൾ നിർമിക്കുന്നതിനുള്ള ഫീൽഡ് ലൊക്കേഷൻ സർവേകൾ (FLS) പൂർത്തിയായിട്ടുണ്ട്. മംഗളൂരു–കാസർകോട്–ഷൊർണൂർ, ഷൊർണൂർ–എറണാകുളം, തിരുവനന്തപുരം–കായംകുളം, ഷൊർണൂർ–കോയമ്പത്തൂർ എന്നീ പാതകളിലെ അധിക വരികൾക്കായുള്ള സർവേ നടപടികളാണ് പൂർത്തിയായത്. കോട്ടയം വഴിയുള്ള എറണാകുളം–കായംകുളം മൂന്നാം പാതയുടെ സർവേയും പൂർത്തിയായിട്ടുണ്ട്.
അതേസമയം, റെയിൽവേ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്ന കാലതാമസം പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വികസന പ്രവർത്തനങ്ങൾക്കായി ആവശ്യമുള്ള 618 ഹെക്ടർ ഭൂമിയിൽ 78 ഹെക്ടർ മാത്രമാണ് ഇതുവരെ ഏറ്റെടുത്ത് നൽകിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കലിനായി 1,976 കോടി രൂപ സംസ്ഥാന സർക്കാറിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ദീർഘകാല ആവശ്യമായിരുന്ന പാലക്കാട് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി പദ്ധതിയും പൂർണ്ണമായി ഉപേക്ഷിച്ചതായി റെയിൽവേ മന്ത്രി സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്തുടനീളം ആവശ്യത്തിന് കോച്ച് ഫാക്ടറികൾ ലഭ്യമാണെന്നും പുതിയൊരു ഫാക്ടറിയുടെ ആവശ്യം റെയിൽവേക്കില്ലെന്നുമാണ് ഇതിന് കാരണമായി അറിയിച്ചത്. പദ്ധതിക്കായി സംസ്ഥാന സർക്കാർ 228 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകിയിരുന്നു. ഈ ഭൂമി ഭാവിയിലെ മറ്റ് റെയിൽവേ വികസന ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്നാണ് റെയിൽവേയുടെ വിശദീകരണം.
---------------
Hindusthan Samachar / Roshith K