Enter your Email Address to subscribe to our newsletters

Pathanamthitta , 03 ഓഗസ്റ്റ് (H.S.)
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച കനത്ത മഴ കൂടുതൽ ശക്തിപ്രാപിച്ച് വിനാശകരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. കിഴക്കൻ വനമേഖലയിലും ശബരിമല ഉൾപ്പെടുന്ന ഉൾവനങ്ങളിലും ഇന്നലെ രാത്രി മുതൽ തുടർച്ചയായി പെയ്യുന്ന പെരുമഴയെ തുടർന്ന് ജില്ലയിലെ എല്ലാ പ്രധാന പുഴകളും തോടുകളും കവിഞ്ഞൊഴുകുകയാണ്. മലയോര മേഖലകളിലും സമതല പ്രദേശങ്ങളിലും ഒരുപോലെ വെള്ളപ്പൊക്ക ഭീതി നിലനിൽക്കുകയാണ്. പമ്പാനദിയിൽ ജലനിരപ്പ് വലിയ തോതിൽ ഉയർന്നതിനെ തുടർന്ന് പമ്പ ത്രിവേണിയിൽ വെള്ളം പാലത്തിൽ തൊടുന്ന രീതിയിൽ ഉയർന്നുകഴിഞ്ഞു. കാട്ടരുവികളിൽ നിന്നും വലിയ തോതിൽ വെള്ളം കുത്തിയൊഴുകിയെത്തുന്നതാണ് പമ്പയിലെ ജലനിരപ്പ് അതിവേഗം ഉയരാൻ കാരണമായത്.
മഴ രൂക്ഷമായതോടെ തിരുവല്ല ടൗണിന്റെ വിവിധ ഭാഗങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി വലിയ രീതിയിലുള്ള ഗതാഗത തടസ്സവും ജനജീവിത സ്തംഭനവും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന പാതയായ എം.സി. റോഡിൽ തിരുമൂലപുരത്ത് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുകയാണ്. റാന്നി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ പല ഗ്രാമീണ പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റാന്നി ടൗണിന് സമീപമുള്ള താഴ്ന്ന വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.
ആറന്മുള മേഖലയിലും സ്ഥിതിഗതികൾ വളരെ ഗുരുതരമായി തുടരുകയാണ്. പമ്പാനദിയുടെ തീരങ്ങളോട് ചേർന്നുള്ള നിരവധിയായ വീടുകളിൽ വെള്ളം കയറി. ഇവിടുത്തെ നിവാസികൾ തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളും വളർത്തുമൃഗങ്ങളുമായി സുരക്ഷിതമായ മറ്റ് ഉയർന്ന പ്രദേശങ്ങളിലേക്കും ബന്ധുവീടുകളിലേക്കും മാറിപ്പാർക്കുകയാണ്. റാന്നി താലൂക്കിലെ കക്കാട്ടാർ കരകവിയുന്ന നിലയിലാണ് ഒഴുക്ക് തുടരുന്നത്. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് റാന്നി-ശബരിഗിരി പദ്ധതിയുടെ ഭാഗമായ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുകയാണ്.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇതേ രീതിയിൽ തുടർനാൽ മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഏതു നിമിഷവും തുറന്നുവിട്ടേക്കുമെന്ന് കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗവും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നൽകി. അണക്കെട്ട് തുറന്നാൽ കക്കാട്ടാറിലും തുടർന്ന് പമ്പയിലും ജലനിരപ്പ് വലിയ അളവിൽ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. അതിനാൽ അണക്കെട്ടിന്റെയും നദികളുടെയും തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ പ്രത്യേക നിർദ്ദേശം നൽകി.
അതേസമയം, താഴ്ന്ന പ്രദേശമായ അപ്പർകുട്ടനാടൻ മേഖലയിലും വെള്ളപ്പൊക്ക ഭീഷണി അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്. നിരണം, കടപ്ര, പെരിങ്ങര, നെടുംപുറം, കല്ലൂപ്പാറ എന്നീ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി ഉയർന്നതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ ബോട്ട് മാർഗ്ഗവും ലൈഫ് ജാക്കറ്റുകൾ ഉപയോഗിച്ചുമാണ് റവന്യൂ ഉദ്യോഗസ്ഥരും തദ്ദേശവാസികളും ചേര്ന്ന് രക്ഷപ്പെടുത്തുന്നത്.
ദുരന്തസാധ്യത മുന്നിൽ കണ്ട് ജില്ലാ ഭരണകൂടം എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്ന് സാഹചര്യം വീക്ഷിക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെയും (NDRF) ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം വിവിധയിടങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. നദികളിലോ തോടുകളിലോ ഇറങ്ങുന്നതിനും മീൻപിടിക്കുന്നതിനും കടുത്ത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകളും രാത്രികാല യാത്രകളും പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.
---------------
Hindusthan Samachar / Roshith K