Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയും മഴക്കെടുതിയും തുടരുന്നതിനിടെ മലപ്പുറം പൊന്നാനിയിൽ ഉച്ചഭക്ഷണം കഴിച്ചതിനെച്ചൊല്ലി ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻ സർക്കാർ അനുവദിച്ചു നൽകിയ വാടക വാഹനത്തിലാണ് താൻ യാത്ര ചെയ്തതെന്നും, വൈകിട്ട് മൂന്ന് മണിക്ക് ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ സത്കാരത്തിൽ പങ്കെടുത്തതായി ചിത്രീകരിക്കുന്നത് ഹീനമായ അപവാദ പ്രചാരണമാണെന്നും അദ്ദേഹം ആരോപിച്ചു. താൻ സത്കാരത്തിനല്ല പോയതെന്നും വൈകിട്ട് മൂന്ന് മണിക്കാണ് അവിടെ എത്തിയതെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇതിൽ എന്ത് തെറ്റാണുള്ളതെന്ന് ജനം വിലയിരുത്തട്ടെയെന്നും കൂട്ടിച്ചേർത്തു.
കനത്ത മഴയെയും പ്രകൃതിദുരന്തങ്ങളെയും തുടർന്ന് സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വീട്ടിൽ വിരുന്ന് സത്കാരത്തിൽ പങ്കെടുത്തു എന്ന രീതിയിലായിരുന്നു ഒരു വിഭാഗം വിമർശനങ്ങൾ ഉന്നയിച്ചത്. എന്നാൽ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മൂന്ന് മണിക്കാണ് പൊന്നാനിയിൽ എത്തുന്നത്. ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ? എന്ത് തെറ്റാണ് ഇതിലുള്ളത്? ഹീനമായ അപവാദ പ്രചാരണമാണ് എനിക്കെതിരെ നടക്കുന്നത്. ഭക്ഷണം കഴിക്കുന്നതിൽ എന്ത് ഔചിത്യക്കുറവാണുണ്ടായത്? സത്കാരത്തിനല്ല ഞാൻ പോയത്, വീട്ടുകാർ ഞാൻ വരുന്നതും കാത്ത് ഭക്ഷണം കഴിക്കാതെ ഇരിക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് ഭക്ഷണം കഴിക്കാൻ തയാറായത്, എന്ന് അദ്ദേഹം വ്യക്തമാക്കി.
വിമർശകർക്കെതിരെ കടുത്ത ഭാഷയിലാണ് വി.ഡി. സതീശൻ പ്രതികരിച്ചത്. 2018-ലെയും 2019-ലെയും പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി പട്ടിണിയായിരുന്നോ എന്ന് ചോദിച്ച അദ്ദേഹം, ദുരന്തമുഖത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും കൂട്ടിചേർത്തു. രാവിലെ അഞ്ച് മണി മുതൽ തന്നെ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ, ജനപ്രതിനിധികൾ എന്നിവരുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പൂർണ ശ്രദ്ധ നൽകി മുന്നോട്ടുപോകുമ്പോൾ, ഇത്തരം നിസ്സാര കാര്യങ്ങൾ ഉയർത്തിക്കാട്ടി അപവാദ പ്രചാരണം നടത്തുന്നത് കൃത്യമായ രാഷ്ട്രീയ ലാക്കോടെയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിൽ എന്ത് തെറ്റാണുള്ളതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് വി.ഡി. സതീശൻ.
---------------
Hindusthan Samachar / Roshith K