പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ പട്ടാപ്പകൽ വെടിവച്ചുകൊന്നു; അക്രമികൾക്കായി തെരച്ചിൽ ഊർജ്ജിതം
Ferospur, 30 ഓഗസ്റ്റ് (H.S.) ഫിറോസ്പൂർ: പഞ്ചാബിലെ ഫിറോസ്പൂരിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ (എഎപി) പ്രാദേശിക നേതാവിനെ അജ്ഞാത സംഘം വെടിവച്ചുകൊന്നു. നാൽപ്പത്തിയഞ്ചുകാരനായ ഗുർപ്രീത് സിംഗ് എന്ന ഗോപിയാണ് കൊല്ലപ്പെട്ടത്. ജനത്തിരക്കേറിയ മാർക്കറ്റിന് ന
പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ പട്ടാപ്പകൽ വെടിവച്ചുകൊന്നു; അക്രമികൾക്കായി തെരച്ചിൽ ഊർജ്ജിതം


Ferospur, 30 ഓഗസ്റ്റ് (H.S.)

ഫിറോസ്പൂർ: പഞ്ചാബിലെ ഫിറോസ്പൂരിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ (എഎപി) പ്രാദേശിക നേതാവിനെ അജ്ഞാത സംഘം വെടിവച്ചുകൊന്നു. നാൽപ്പത്തിയഞ്ചുകാരനായ ഗുർപ്രീത് സിംഗ് എന്ന ഗോപിയാണ് കൊല്ലപ്പെട്ടത്. ജനത്തിരക്കേറിയ മാർക്കറ്റിന് നടുവിൽ നടന്ന ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ അരുംകൊല അരങ്ങേറിയത്.

ഫിറോസ്പൂർ ജില്ലയിലെ മംദോട്ട് ടൗണിലെ പ്രധാന മാർക്കറ്റിലൂടെ ഗുർപ്രീത് സിംഗും ഹർപ്രീത് എന്ന ഇരുപത്തിരണ്ടുകാരനായ യുവാവും ബൈക്കിൽ സഞ്ചരിക്കവെയാണ് ആക്രമണം ഉണ്ടായത്. കാറിലെത്തിയ നാലംഗ സായുധ സംഘം വാഹനം തടഞ്ഞുനിർത്തി ഇവർക്ക് നേരെ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ആളുകൾ നോക്കിനിൽക്കെ നടത്തിയ ആക്രമണത്തിന് ശേഷം പ്രതികൾ കാറിൽ അതിവേഗം കടന്നുകളഞ്ഞു.

വെടിയേറ്റ ഉടൻ തന്നെ ഗുർപ്രീതിനെയും ഹർപ്രീതിനെയും സമീപത്തെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുർപ്രീതിന്റെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ശരീരത്തിൽ നിരവധി വെടിയുണ്ടകളേറ്റ ഹർപ്രീതിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. അക്രമികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് വിവിധ മേഖലകളിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധനകൾ പുരോഗമിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പഞ്ചാബിലെ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, ശിരോമണി അകാലിദൾ, ബിജെപി എന്നിവർ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പട്ടാപ്പകൽ പോലും ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും സുരക്ഷയില്ലാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഭരണകക്ഷി നേതാവ് തന്നെ കൊല്ലപ്പെട്ടത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്. അക്രമികളെ ഉടൻ പിടികൂടുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

---------------

Hindusthan Samachar / Roshith K


Latest News