Enter your Email Address to subscribe to our newsletters

Kannur , 30 ഓഗസ്റ്റ് (H.S.)
സിപിഎമ്മിന് പ്രഹരമായി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം. പാർട്ടി നേതൃത്വത്തിലുള്ള നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കോളജ് തുടങ്ങുമെന്ന് വാഗ്ദാനം നൽകി പതിനായിരത്തിലധികം ആളുകളിൽ നിന്ന് 1,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ തുക സമാഹരിച്ചു. പാർട്ടിയുടെ സംഘടനാ സംവിധാനം ഉപയോഗിച്ചായിരുന്നു പിരിവ് നടത്തിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥാപനനിർമ്മാണം ആരംഭിക്കുകയോ അനുയോജ്യമായ സ്ഥലം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും പിരിച്ചെടുത്ത പണത്തെക്കുറിച്ച് വിവരങ്ങളും ഇല്ലെന്നാണ് പ്രാധാന ആരോപണം. ഇരിട്ടിയിലെ പ്രാദേശിക സിപിഎം നേതാക്കളാണ് സൊസൈറ്റിയുടെ ഭാരവാഹികൾ.
പാർട്ടിയിലെ തന്നെ പ്രവർത്തകരും പ്രാദേശിക നേതാക്കളും തന്നെയാണ് ഇപ്പോൾ തെളിവുകൾ സഹിതം പാർട്ടി നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എത്രയും വേഗം കോളജിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയോ അല്ലെങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകുകയോ ചെയ്യണമെന്നാണ് ആവശ്യം. പണത്തെ സംബന്ധിച്ചുള്ള കണക്കുകൾ ബോധ്യപ്പെടുത്താനോ നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കാനോ ഇതുവരെ ഒരു ജനറൽ ബോഡി യോഗം പോലും വിളിച്ചുചേർക്കാൻ ഭരണസമിതി തയ്യാറായിട്ടില്ലെന്നും പരാതിക്കാർ ആരോപിക്കുന്നുണ്ട്.
ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഭാരവാഹികളായുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡൻ്റ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യനാണ്. 2015 ലാണ് ഇരിട്ടി കേന്ദ്രമായി ട്രസ്റ്റ് രജിസ്റ്റർ ചെയ്തത്. അന്നത്തെ ഇരിട്ടി സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചിരുന്നത്.
ആരോപണങ്ങൾ തള്ളി സിപിഎം
കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ വിഷയം ചർച്ചയായിരുന്നുവെന്നാണ് വിവരം. എന്നാൽ ആരോപണങ്ങൾ പൂർണമായും അടിസ്ഥാന രഹിതമാണെന്ന് സൊസൈറ്റി പ്രസിഡൻ്റ് ബിനോയ് കുര്യൻ വ്യക്തമാക്കി. നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത പണം എവിടെയും പോയിട്ടില്ലെന്നാണ് സിപിഎം നൽകുന്ന വിശദീകരണം. കോളജ് നിർമാണത്തിനായി ഇരിട്ടി നഗരത്തോട് ചേർന്ന് 38 സെൻ്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നുമാണ് ബിനോയ് കുര്യൻ്റെ വിശദീകരണം. തുടർന്ന് വിഷയത്തിൽ ഉന്നയിക്കപ്പെടുന്ന പരാതികളും ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. അതേസമയം, ഭൂമി വാങ്ങിയതല്ലാതെ നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടക്കാത്തതിൽ വരും ദിവസങ്ങളിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വിവാദം കൂടുതൽ ശക്തമാകാനാണ് സാധ്യത. മുൻപ് വിവാദമായ ഹലാൽ ഫായ്ദ നിക്ഷേപ തട്ടിപ്പിന് പിന്നാലെയാണ് അടുത്ത ആരോപണവും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR