Enter your Email Address to subscribe to our newsletters

Alappuzha , 30 ഓഗസ്റ്റ് (H.S.)
ഉപരാഷ്ട്രപതി ശ്രീ സിപി രാധാകൃഷ്ണൻ ഇന്ന് ആലപ്പുഴയിൽ നടന്ന കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുത്തു. കേരളകൗമുദിയുടെ 115 വർഷത്തെ പ്രയാണം വിശ്വസ്തതയുടെയും ധൈര്യത്തിൻ്റെയും ആശയങ്ങളുടെ നിലനിൽക്കുന്ന കരുത്തിൻ്റെയും തെളിവാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
1911-ൽ ശ്രീ സിവി കുഞ്ഞിരാമൻ തുടക്കമിട്ട കേരളകൗമുദിയുടെ പാരമ്പര്യം ഓർമ്മിപ്പിച്ച ഉപരാഷ്ട്രപതി, സാമൂഹിക ഉണർവിനും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമുയർത്തുന്നതിനും പത്രം നിർണായക സംഭാവന നൽകിയിട്ടുണ്ടെന്ന് പറഞ്ഞു.
സംസ്ഥാനത്തിൻ്റെ പേര് 'കേരളം' എന്ന് മാറ്റിയതിൽ കേരളത്തിലെ ജനങ്ങളെ അഭിനന്ദിച്ച ശ്രീ സിപി രാധാകൃഷ്ണൻ, 2026 ഓഗസ്റ്റ് 12-ന് ബിൽ പാസാക്കുമ്പോൾ താനായിരുന്നു രാജ്യസഭയുടെ അധ്യക്ഷത വഹിച്ചിരുന്നതെന്ന് അനുസ്മരിച്ചു. ഒരു ചരിത്രപരമായ തെറ്റ് തിരുത്തിയതിൻ്റെ സന്തോഷമാണ് അംഗങ്ങളിൽ നിഴലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആദിശങ്കരാചാര്യരുടെ അദ്വൈത സന്ദേശം, ശ്രീനാരായണഗുരുവിൻ്റെ സമത്വ സന്ദേശം, മന്നത്ത് പത്മനാഭൻ്റെ വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ എന്നിവ ഭാരതത്തിന് കേരളം നൽകിയ മികച്ച സംഭാവനകളിൽ ഉൾപ്പെടുന്നുവെന്ന് ശ്രീ സിപി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
മാധ്യമപ്രവർത്തനം അച്ചടിയിൽ നിന്ന് ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സാമൂഹിക മാധ്യമങ്ങൾ, നിർമിത ബുദ്ധി (എഐ) എന്നിവയിലേക്ക് മാറിയെങ്കിലും വിശ്വസനീയമായ വിവരങ്ങളും മാധ്യമ ധാർമ്മികതയും പ്രധാനമായി നിലനിൽക്കുന്നുവെന്ന് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. കൃത്യത, നിഷ്പക്ഷത, സ്വാതന്ത്ര്യം, ഉത്തരവാദിത്തം എന്നിവയിലൂടെ നേടിയെടുക്കുന്ന ജനവിശ്വാസമാണ് ഒരു പത്രത്തിൻ്റെ ഏറ്റവും വലിയ സമ്പത്ത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിയാത്മകമായ മാധ്യമപ്രവർത്തനത്തിന് ആഹ്വാനം ചെയ്ത ശ്രീ സിപി രാധാകൃഷ്ണൻ, നവീനാശയങ്ങൾ, ശാസ്ത്ര നേട്ടങ്ങൾ, കാരുണ്യപ്രവർത്തനങ്ങൾ, സാമൂഹിക സേവനം, പോസിറ്റീവായ സാമൂഹിക മാറ്റങ്ങൾ എന്നിവയ്ക്ക് മാധ്യമങ്ങൾ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. അതുവഴി സമൂഹത്തെ ബോധവൽക്കരിക്കാനും രാഷ്ട്രനിർമ്മാണത്തിനായി പൗരന്മാരെ പ്രചോദിപ്പിക്കാനും സാധിക്കും.
വികസനവും പരിസ്ഥിതി പ്രശ്നങ്ങളും തമ്മിൽ സന്തുലിതമായ സമീപനം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവൽക്കരിക്കുകയോ വികസനത്തെ എതിർക്കുകയോ ചെയ്യുന്നതിന് പകരം പ്രായോഗിക പരിഹാരങ്ങളിലൂടെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഊന്നിപ്പറഞ്ഞു. നദികളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, സമയബന്ധിതവും അനുയോജ്യവുമായ നടപടികളിലൂടെ അവയുടെ ആഴവും ആരോഗ്യവും സംരക്ഷിക്കപ്പെടണമെന്നും പറഞ്ഞു.
സത്യം, വിശ്വസനീയത, ജനവിശ്വാസം എന്നിവ മാധ്യമപ്രവർത്തനത്തിൻ്റെ അടിസ്ഥാന തത്വങ്ങളായി ഉയർത്തിപ്പിടിക്കാനും മലയാള മാധ്യമരംഗത്തെ ശക്തമായ ശബ്ദമായി തുടരാനും കേരളകൗമുദിക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ കേരളകൗമുദി എക്സലൻസ് അവാർഡുകളും ഉപരാഷ്ട്രപതി വിതരണം ചെയ്തു.
കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം. ജോൺ, ആലപ്പുഴ എം.എൽ.എ ശ്രീ എ. ഡി. തോമസ്, ചാത്തന്നൂർ എം.എൽ.എ ശ്രീ ബി. ബി. ഗോപകുമാർ, കേരളകൗമുദി ചീഫ് എഡിറ്റർ ശ്രീ ദീപു രവി, ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ എന്നിവർ പരുപാടിയിൽ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR