Enter your Email Address to subscribe to our newsletters

Idukki, 30 ഓഗസ്റ്റ് (H.S.)
പന്ത്രണ്ട് ആണ്ടുകളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ മൂന്നാറിൻ്റെ കിരീടമായ ചൊക്രമുടി മലനിരകളിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം. കണ്ണെത്താദൂരത്തോളം പൂത്തുലഞ്ഞു നിൽക്കുന്ന ഈ അപൂർവ്വ പ്രകൃതിവിസ്മയം നേരിട്ടുകാണാൻ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് സഞ്ചാരികളാണ് മലകയറിയെത്തുന്നത്.
എന്നാൽ കുറിഞ്ഞിവസന്തത്തിൻ്റെ മനോഹര കാഴ്ചകൾക്കിടയിലും റവന്യു വകുപ്പും ബൈസൺവാലി പഞ്ചായത്തും തമ്മിലുള്ള കടുത്ത അധികാരത്തർക്കവും പ്രദേശവാസികളുടെ പ്രതിഷേധവും ചൊക്രമുടിയിൽ പുകയുകയാണ്.
വ്യാജ പട്ടയം റദ്ദാക്കി റവന്യു വകുപ്പ് കയ്യേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിച്ച ചൊക്രമുടിയിലെ പത്തേക്കറിലധികം വരുന്ന ഭൂമിയിലും വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്. എന്നാൽ ഈ സ്ഥലത്തേക്ക് പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും പ്രവേശനം പൂർണമായി വിലക്കിക്കൊണ്ട് വില്ലേജ് ഓഫീസർ ഉത്തരവിറക്കി.
സന്ദർശകർക്കായി ഉദ്യാനം തുറന്നുകൊടുത്ത് ആറ് ദിവസം പിന്നിടുമ്പോൾ ഏഴായിരത്തോളം സഞ്ചാരികളാണ് ചൊക്രമുടിയിലെത്തിയത്. ഇതുവരെ ഏഴ് ലക്ഷത്തോളം രൂപയുടെ വരുമാനമാണ് വനംവകുപ്പിന് ലഭിച്ചത്. നിലവിൽ പെയ്യുന്ന മഴ പൂർണമായും മാറിനിൽക്കുകയാണെങ്കിൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ ചൊക്രമുടി മലനിരകൾ പൂർണമായും കുറിഞ്ഞിപ്പൂക്കളാൽ നിറയും. സെപ്തംബർ 30 വരെ നീലക്കുറിഞ്ഞി വസന്തം തുടരുമെന്നാണ് വനംവകുപ്പ് അധികൃതരുടെ വിലയിരുത്തൽ.
വ്യാജ പട്ടയം റദ്ദാക്കി റവന്യു വകുപ്പ് കയ്യേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിച്ച പത്തേക്കറിലധികം വരുന്ന ഭൂമിയിലും വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്. എന്നാൽ ഈ സ്ഥലത്തേക്ക് പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും പ്രവേശനം പൂർണ്ണമായി വിലക്കിക്കൊണ്ട് വില്ലേജ് ഓഫീസർ ഉത്തരവിറക്കി. ഈ പ്രദേശത്ത് അനിയന്ത്രിതമായി ജീപ്പ് സ്റ്റണ്ടിങ്ങിനും ഓഫ് റോഡ് ട്രക്കിങ്ങിനായി വാഹനങ്ങൾ കടത്തിവിടുന്നതും വൻ അപകടങ്ങൾക്ക് വഴിവെക്കുമെന്ന നിലപാടിലാണ് റവന്യു വകുപ്പ്.
തന്നെയുമല്ല, സർക്കാർ തിരിച്ചുപിടിച്ച ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് നിലവിൽ കോടതിയുടെ പരിഗണനയിലുമാണ്. ഫീസ് ഈടാക്കൽ തർക്കവും പ്രദേശവാസികൾക്കുള്ള ഇളവും റവന്യു ഭൂമിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരിൽ നിന്ന് ഫീസ് ഈടാക്കാൻ ബൈസൺവാലി പഞ്ചായത്ത് അധികൃതർ അനുമതി തേടി ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നെങ്കിലും റവന്യു വകുപ്പ് ഈ ആവശ്യം തള്ളി.
ഇതിനിടെ, തദ്ദേശീയരിൽ നിന്ന് ഫീസ് ഈടാക്കാൻ നീക്കം നടക്കുന്നതായി നാട്ടുകാർ ആരോപണമുന്നയിച്ചു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച വനംവകുപ്പ് അധികൃതർ, പ്രദേശവാസികൾക്ക് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ടെന്നും ആദിവാസി വിഭാഗത്തിൽപ്പെട്ട തദ്ദേശീയരെ പൂർണ്ണമായും സൗജന്യമായാണ് കടത്തിവിടുന്നതെന്നും വ്യക്തമാക്കി.
''ബൈസണ്വാലിയിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് സ്ഥലമാണ് ചൊക്രമുടി മലനിരകൾ. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഭൂമാഫിയയുടെ കൈകളിലായിരുന്ന ചൊക്രമുടി. ഇതിനെതിരെ ബൈസണ്വാലി നിവാസികൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതിഷേധിച്ചു. നിരന്തരമായ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് സർക്കാരിനെക്കൊണ്ട് ഭൂമി ഏറ്റെക്കാനുള്ള നടപടികൾ നടത്തിയത്.
ബൈസണ്വാലി പഞ്ചായത്തിൽ പൂത്ത് നിൽക്കുന്ന നീലക്കുറിഞ്ഞി കാണാൻ പ്രദേശവാസികളേയും ടൂറിസ്റ്റുകളേയും വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് വില്ലേജ് ഓഫീസർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതുമൂലം നിരവധിപേർക്ക് കുറിഞ്ഞിപ്പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുന്നില്ല,'' പ്രദേശവാസികള് പറയുന്നു.
പ്രകൃതിയുടെ അപൂർവ്വ ചാരുത നുകരാൻ എത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, റവന്യു ഭൂമിയുടെ സംരക്ഷണവും മുൻനിർത്തി കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ചൊക്രമുടിയിൽ നിലവിൽ വനം-റവന്യു വകുപ്പുകൾ മുന്നോട്ടുപോകുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR