കേരള എന്നതിന് പകരം കേരളം എന്ന് മാറ്റാൻ അനവശ്യ ചെലവ് വേണ്ടെന്ന സർക്കുലറുമായി ചീഫ് സെക്രട്ടറി
Thiruvananthapuram, 30 ഓഗസ്റ്റ് (H.S.) കേന്ദ്ര സർക്കാരിൻ്റെ പച്ചക്കൊടിക്ക് പിന്നാലെ സംസ്ഥാനത്തിൻ്റെ പേര് മാറ്റം ഔദ്യോഗികമായി നിലവിൽ വന്നു കഴിഞ്ഞു. എന്നാൽ, പേര് ''കേരളം'' ആയതോടെ സാധാരണക്കാരായ ജനങ്ങളും വിവിധ സർക്കാർ ഓഫീസുകളും ഒരല്പം കൺഫ്യൂഷനിലാണ്.
Keralam


Thiruvananthapuram, 30 ഓഗസ്റ്റ് (H.S.)

കേന്ദ്ര സർക്കാരിൻ്റെ പച്ചക്കൊടിക്ക് പിന്നാലെ സംസ്ഥാനത്തിൻ്റെ പേര് മാറ്റം ഔദ്യോഗികമായി നിലവിൽ വന്നു കഴിഞ്ഞു. എന്നാൽ, പേര് 'കേരളം' ആയതോടെ സാധാരണക്കാരായ ജനങ്ങളും വിവിധ സർക്കാർ ഓഫീസുകളും ഒരല്പം കൺഫ്യൂഷനിലാണ്.

കൈവശമുള്ള സർട്ടിഫിക്കറ്റുകൾ, ഫയലുകൾ, ലെറ്റർ ഹെഡുകൾ, ഓഫീസ് ബോർഡുകൾ എന്നിവയെല്ലാം ഇനി മാറ്റിപ്പണിയണോ? ഇതിനായി കോടികൾ പൊടിക്കണോ? ഈ ആശങ്കകൾക്കെല്ലാം കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ. വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ ഈ പേര് മാറ്റം എങ്ങനെ പ്രായോഗികമാക്കാം എന്നതിനായി ചീഫ് സെക്രട്ടറി ഒരു സർക്കുലര് പുറത്തിറക്കിയിട്ടുണ്ട്.

പേനയെടുക്കൂ, ഒരു 'M' ചേർക്കൂ!

കേരള എന്നതിന് പകരം കേരളം എന്ന് മാറ്റാൻ അനവശ്യ ചെലവ് വേണ്ടെന്ന് സർക്കുലറിൽ വ്യക്കമാക്കുന്നു. നിലവിലുള്ള രേഖകളിലൊ ഫയലുകളൊ വെറുതെ കളയരുതെന്നും ഇംഗ്ലീഷിൽ എം (M) എന്നും മലയാളത്തിൽ ആണെങ്കിൽ 'o' എന്നും മഷി കൊണ്ട് ചേർക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഓഫീസിൽ സ്ഥാപിച്ചിരിക്കുന്ന നെയിം ബോർഡുകൾ, ഫലകങ്ങൾ തുടങ്ങിയവ മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും പേരുമാറ്റത്തിന് വേണ്ടി മാത്രമായി അധികമായി പണം ചെലവാക്കരുതെന്നും ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ നിർദേശിച്ചു. കേരള എന്ന് എഴുതിയ നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ എന്നിവയുടെ നിലവിലുള്ള സ്റ്റോക്ക് വെറുതെ കളയരുത് എന്ന ആശയത്തിലാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ പുരത്തുവന്നത്. സ്റ്റോക്ക് പൂർണ്ണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തൽ വരുത്തി ഉപയോഗിക്കാൻ സാധിക്കും.

സംസ്ഥാനത്തിൻ്റെ പേര് മാറ്റിയതിൻ്റ പേരിൽ മാത്രം നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യേണ്ടതില്ലെന്നും സർക്കുലർ വ്യക്തമാക്കുന്നു. കേരള എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിലവിലുള്ള ഔദ്യോഗിക മുദ്രകൾ, റബർ സ്റ്റാമ്പുകൾ, സമാന ഉപകരണങ്ങൾ എന്നിവ സാധാരണ നിലയിൽ മാറ്റേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ ഉപയോഗിക്കാൻ സാധിക്കും. ആവശ്യമായതും പ്രായോഗികവുമായ സാഹചര്യങ്ങളിൽ, അടിയന്തരമായി പുതിയ മുദ്രകൾ തയ്യാറാക്കുന്നതിനുപകരം മഷി ഉപയോഗിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി ഉപയോഗിക്കാവുന്നതാണെന്നും സർക്കുലറിൽ പറയുന്നു.

മലയാളത്തിൽ കേരള സർക്കാർ ഇനിമുതൽ 'കേരളം സർക്കാർ' എന്നായിരിക്കും അറിയപ്പെടുക. സർക്കാർ ഓഫിസുകളുടെ ബോർഡുകളിൽ ഉൾപ്പെടെ ഈ മാറ്റം പ്രതിഫലിക്കും. ഭരണ, പ്രതിപക്ഷ ഭേദമന്യേ കേരളത്തിൽ നിന്നുള്ള എല്ലാ അംഗങ്ങളും പാർലമെൻ്റിൽ ഈ മാറ്റത്തെ സ്വാഗതം ചെയ്തിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരമാണ് സംസ്ഥാനങ്ങളുടെ പേര് മാറ്റാനുള്ള അധികാരം പാർലമെൻ്റിൽ നിക്ഷിപ്തമായിരിക്കുന്നത്.

1956 നവംബർ 1-ന് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ രൂപംകൊണ്ട നമ്മുടെ നാടിൻ്റെ മാതൃഭാഷാ സ്നേഹവും പ്രാദേശിക തനിമയും ഉച്ചാരണശുദ്ധിയും അന്താരാഷ്ട്ര തലത്തിൽ പോലും ഒരുപോലെ നിലനിർത്തുക എന്നതാണ് പുതിയ ഭേദഗതിയുടെ പ്രധാന ലക്ഷ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News