രാജസ്ഥാനിലെ ജയ്പൂരില് പരീക്ഷാ കേന്ദ്രങ്ങളില് വൈദ്യുതി തടസം നേരിട്ടതിനെ തുടര്ന്ന് നീറ്റ്-പിജി 2026 പരീക്ഷ തടസപ്പെട്ടു.
Jaipur , 30 ഓഗസ്റ്റ് (H.S.) രാജസ്ഥാനിലെ ജയ്പൂരില് പരീക്ഷാ കേന്ദ്രങ്ങളില് വൈദ്യുതി തടസം നേരിട്ടതിനെ തുടര്ന്ന് നീറ്റ്-പിജി 2026 പരീക്ഷ തടസപ്പെട്ടു. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് രണ്ട് പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് പരീക്ഷ പൂർത്തിയാക്കാനായില്
NEET PG 2026 RESCHEDULE


Jaipur , 30 ഓഗസ്റ്റ് (H.S.)

രാജസ്ഥാനിലെ ജയ്പൂരില് പരീക്ഷാ കേന്ദ്രങ്ങളില് വൈദ്യുതി തടസം നേരിട്ടതിനെ തുടര്ന്ന് നീറ്റ്-പിജി 2026 പരീക്ഷ തടസപ്പെട്ടു. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് രണ്ട് പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് പരീക്ഷ പൂർത്തിയാക്കാനായില്ല. പിന്നാലെ വിദ്യാർഥികൾ പ്രകോപിതരാവുകയും പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതേ വിദ്യാർഥികൾക്കായി സെപ്തംബർ അഞ്ചിന് പുനഃപരീക്ഷ നടത്തും.

ജയ്പൂരിലെ സിതാപുരയിലുള്ള ഐഒഎൻ ഡിജിറ്റൽ സോണിലെ രണ്ട് കേന്ദ്രങ്ങളിലാണ് (ടിസി നമ്പർ 41682 & 41683) നീറ്റ് പിജി 2026 പരീക്ഷയ്ക്കിടെ വൈദ്യുതി തടസം നേരിട്ടത്. ഇതോടെ ഉദ്യോഗാര്ഥികള്ക്ക് പരീക്ഷയെഴുതാനാകാതെ നിരാശരായി മടങ്ങേണ്ടി വന്നു. പരീക്ഷയിലെ ക്രമക്കേടുകള്ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്കും ജന്തര്മന്ദറിലെ സമരവുമെല്ലാം രാജ്യം കണ്ടെങ്കിലും ഇപ്പോഴും അധികൃതരുടെ അനാസ്ഥയ്ക്ക് ശമനമില്ലെന്നതിൻ്റെ ഉദാഹരണമാണിത്.

ജയ്പൂർ ജില്ലയിലെ 15 നിയുക്ത കേന്ദ്രങ്ങളിൽ നടന്ന കമ്പ്യൂട്ടർ അധിഷ്ധിത പരീക്ഷയ്ക്ക് മുമ്പ്, കമ്പ്യൂട്ടർ സിസ്റ്റങ്ങൾ, സെർവറുകൾ, നെറ്റ്വർക്ക് കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ മതിയായ സൗകര്യങ്ങൾ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കേന്ദ്രങ്ങളിൽ തടസമില്ലാത്ത വൈദ്യുതി വിതരണവും ശരിയായ വൈദ്യുത അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ ജയ്പൂർ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡിനും ബന്ധപ്പെട്ട ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കും നിർദ്ദേശങ്ങൾ നൽകി.

ഈ നടപടികൾ ഉണ്ടായിരുന്നിട്ടും, സീതാപുര അയൺ ഡിജിറ്റൽ സോൺ സെൻ്ററിലെ വിദ്യാർഥികൾ വൈദ്യുതി തടസം കാരണം വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു. പെട്ടെന്നുള്ള വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് കേന്ദ്രം വിശദീകരണം നല്കണമെന്ന് വിദ്യാർഥികള് ആവശ്യപ്പെട്ടു. ഇത്രയും നിർണായകമായ ഒരു മത്സര പരീക്ഷയ്ക്ക് തടസമില്ലാത്ത വൈദ്യുതി വിതരണം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതായിരുന്നുവെന്ന് അവർ വാദിച്ചു.

വൈദ്യുതി തടസവും പരീക്ഷാ തടസവും സംബന്ധിച്ച് വിദ്യാർഥികള് ഔദ്യോഗികമായി എതിർപ്പുകൾ രേഖപ്പെടുത്തി. ഉണ്ടായ അസൗകര്യം ഔദ്യോഗികമായി രേഖപ്പെടുത്തണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തെത്തുടർന്ന് പരീക്ഷാ കേന്ദ്രത്തിൽ വന് ബഹളമുണ്ടായി. പരീക്ഷാ കേന്ദ്രത്തിൻ്റെ ക്രമീകരണങ്ങളെ ചോദ്യം ചെയ്യുകയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഉത്തരവാദിത്തം ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് വിദ്യാർഥികളും രക്ഷിതാക്കളും രോഷം പ്രകടിപ്പിച്ചു.

എൻബിഇഎംഎസ് പരീക്ഷ പുനഃക്രമീകരിക്കുന്നു

അതേസമയം വൈദ്യുതി മുടങ്ങിയത് കാരണം പരീക്ഷ പൂർത്തിയാക്കാൻ കഴിയാത്തതില് എൻബിഇഎംഎസ് ഖേദം പ്രകടിപ്പിച്ചു. പരീക്ഷാ നടത്തിപ്പ് ഏജൻസിയായ മെസേഴ്സ് ടിസിഎസ് ലിമിറ്റഡാണ് ഇതിന് കാരണമെന്നും പരീക്ഷ തടസപ്പെട്ടതിന് പിന്നാലെ എൻബിഇഎംഎസ് പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു.

രാജസ്ഥാനിലെ ജയ്പൂരിലുള്ള ഐഒഎൻ ഡിജിറ്റൽ സോൺ ഐഡിസെഡ് സീതാപുര സെൻ്ററുകളിൽ (ടിസി നമ്പർ 41682 & 41683), പവർ കട്ട് കാരണം പരീക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പരീക്ഷാ നടത്തിപ്പ് ഏജൻസിയായ മെസേഴ്സ് ടിസിഎസ് ലിമിറ്റഡാണ് ഇതിന് കാരണം,'' എൻബിഇഎംഎസ് പറഞ്ഞു.

പുനഃപരീക്ഷ 05.09.2026 (ശനി) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് രാജസ്ഥാനിലെ ജയ്പൂരിൽ നടത്തുമെന്ന് പ്രഖ്യാപിച്ചു. കേന്ദ്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉദ്യോഗാർഥികൾക്കുള്ള പുതുക്കിയ അഡ്മിറ്റ് കാർഡുകളെക്കുറിച്ചും ബോർഡ് പ്രത്യേകം പങ്കിടുമെന്നും എൻബിഇഎംഎസ് വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News