Enter your Email Address to subscribe to our newsletters

Newdelhi , 30 ഓഗസ്റ്റ് (H.S.)
രാജ്യത്തെ ലഹരിമരുന്നെന്ന വിപത്തിൽ നിന്ന് പൂർണമായി മുക്തമാക്കാനും യുവാക്കൾക്കായി ശക്തമായ ഭാവി കെട്ടിപ്പടുക്കാനും എല്ലാ പൗരന്മാരും ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പരിപാടിയായ 'മൻ കീ ബാത്തിൻ്റെ' പ്രതിമാസ പ്രസംഗത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
രാജ്യത്തുടനീളം ശക്തമായി മുന്നേറുന്ന 'വികസിത ഭാരതത്തിനായി ലഹരിമുക്ത യുവാക്കൾ' എന്ന പ്രചാരണം വൻ മുന്നേറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരിമുക്ത യുവാക്കളും ലഹരിമുക്ത ഭാരതവുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും ഇതിനായി സമൂഹം ഒന്നായി രംഗത്തിറങ്ങണമെന്നും മോദി വ്യക്തമാക്കി. നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാൻഡ് റിഡക്ഷൻ (NAPDDR) പദ്ധതിയുടെ ഭാഗമായി 2020 ഓഗസ്റ്റ് 15 നാണ് കേന്ദ്ര സർക്കാർ 'നശാ മുക്ത് ഭാരത് അഭിയാൻ' (NMBA) എന്ന ഈ മുൻനിര പദ്ധതിക്ക് തുടക്കം കുറിച്ചത്. ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി വിപുലമായ ബോധവൽക്കരണം, കമ്മ്യൂണിറ്റി പങ്കാളിത്തം, ചികിത്സ, പുനരധിവാസം, സാമൂഹിക പുനരേകീകരണം എന്നിവയാണ് ഈ പ്രചാരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
തെരുവ് കച്ചവടക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ 'പിഎം സ്വനിധി' (PM SVANidhi) പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ വിശദീകരിച്ചു. പദ്ധതിയുടെ ആനുകൂല്യം ലഭിച്ചവരിൽ 46 ശതമാനത്തോളം പേരും സ്ത്രീകളാണെന്നത് രാജ്യത്തെ സ്ത്രീശാക്തീകരണത്തിൻ്റെ വലിയൊരു ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 35 ലക്ഷത്തോളം സ്ത്രീകൾ ഈ പദ്ധതിയിലൂടെ തങ്ങളുടെ ബിസിനസ്സ് വികസിപ്പിക്കാനും വരുമാനം വർദ്ധിപ്പിക്കാനും കുടുംബത്തിന് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാനും മുന്നോട്ടുവന്നിട്ടുണ്ട്. എന്നാൽ സ്ത്രീശാക്തീകരണത്തിൻ്റെ ഈ വശം വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരിയുടെ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടിലായ തെരുവ് കച്ചവടക്കാരെ സഹായിക്കാനായി 2020 ജൂണിലാണ് പിഎം സ്വനിധി പദ്ധതി ആരംഭിച്ചത്. കേവലം സാമ്പത്തിക സഹായത്തിനപ്പുറം തെരുവ് കച്ചവടക്കാർക്ക് ഒരു ഔദ്യോഗിക തിരിച്ചറിയലും സാമ്പത്തിക ഭദ്രതയും നൽകാൻ ഇതിലൂടെ സാധിച്ചു. പ്രാരംഭത്തിൽ 2024 ഡിസംബർ 31 വരെ ആയിരുന്ന പദ്ധതിയുടെ കാലാവധി, പിന്നീട് 2030 മാർച്ച് 31 വരെ കേന്ദ്ര സർക്കാർ നീട്ടി നൽകുകയായിരുന്നു. ഔദ്യോഗിക സന്ദർശനത്തിനായി ഉസ്ബെക്കിസ്ഥാനിലുള്ള പ്രധാനമന്ത്രിയുടെ റേഡിയോ പ്രസംഗം മുൻകൂട്ടി റെക്കോർഡ് ചെയ്ത ശേഷമാണ് സംപ്രേഷണം ചെയ്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR