നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട 36 അംഗ സംഘം നാട്ടില് തിരിച്ചെത്തി.
Kochi, 30 ഓഗസ്റ്റ് (H.S.) പ്രകൃതിയുടെ രൗദ്രഭാവത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കൂടുതൽ മലയാളികൾ നാട്ടിൽ തിരിച്ചെത്തി. നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട 36 അംഗ സംഘം നാട്ടില് തിരിച്ചെത്തി. ആശങ്കയുടെ മണിക്ക
KERALITES RETURN SAFELY


Kochi, 30 ഓഗസ്റ്റ് (H.S.)

പ്രകൃതിയുടെ രൗദ്രഭാവത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കൂടുതൽ മലയാളികൾ നാട്ടിൽ തിരിച്ചെത്തി. നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട 36 അംഗ സംഘം നാട്ടില് തിരിച്ചെത്തി. ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ അതിർത്തി കടന്ന സംഘം ഉത്തർപ്രദേശിലെ ഗൊരഖ്പുർ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. ഇവിടെ നിന്നും രണ്ട് വിമാനങ്ങളിലായാണ് ഇവർ കേരളത്തിലേക്ക് മടങ്ങിയത്.

ഇതില് 31 അംഗ സംഘം ഇന്ന് പുലർച്ചെ 2.15നോടെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷിതരായി വിമാനമിറങ്ങിയത്. കഴിഞ്ഞ ആഴ്ച നേപ്പാളിലേക്ക് പോയ സംഘമാണ് തിരിച്ചെത്തിയത്. അത്ഭുതകരമായി 10 മിനിറ്റിൻ്റെ വ്യത്യാസത്തിലാണ് തങ്ങള് രക്ഷപ്പെട്ടതെന്ന് തിരിച്ചെത്തിയവര് മാധ്യമങ്ങളോട് പ്രതികരിച്ചു.

ദുരന്തം നടന്ന സ്ഥലത്തേക്ക് ഞങ്ങളും പോകാനിരിക്കുകയായിരുന്നു. എന്നാല് ക്ഷേത്രത്തില് കയറിയതിനാല് 10 മിനിറ്റ് വൈകി. അതുകൊണ്ടാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് നാട്ടില് തിരിച്ചെത്തിയ വിനോദ സഞ്ചാരി പ്രതികരിച്ചു.

അതേസമയം, കാസർകോട് നിന്നുള്ള അഞ്ചംഗ സംഘം ബെംഗളൂരുവിൽ വിമാനമിറങ്ങിയ ശേഷം ട്രെയിൻ മാർഗം നാട്ടിലേക്ക് തിരിച്ചെത്തി. പെരിയ പോളിടെക്നിക്കിലെ അധ്യാപകനും ചെറുവത്തൂർ സ്വദേശിയുമായ രാജൻ, അധ്യാപകൻ അനിൽ നീലാംബരി, മുൻ എസ്ഐ പ്രദീപ് കുമാർ, കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻ കരുണാകരൻ, മുഴക്കോയ സ്വദേശി രാജീവൻ എന്നിവരാണ് തിരിച്ചെത്തിയത്.

അതേസമയം, കൊച്ചിയിൽ നിന്നുള്ള ട്രാവൽ പാക്കേജ് വഴി യാത്രതിരിച്ച സംഘത്തിലെ കണ്ണൂർ സ്വദേശികളടക്കമുള്ള ബാക്കി യാത്രക്കാർ ഉച്ചയോടെ നാട്ടിലെത്തും. തീർത്ഥാടകരും വിനോദസഞ്ചാരികളുമടങ്ങുന്ന ഇവർ മരണത്തെ മുഖാമുഖം കണ്ടതിൻ്റെ കടുത്ത നടുക്കത്തിലാണെങ്കിലും, ഭാഗ്യം കൊണ്ടുമാത്രം ജീവനോടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് തിരിച്ചെത്താനായതിൻ്റെ വലിയ ആശ്വാസത്തിലാണ്.

16 പേർ കൂടി മടങ്ങി; 45 പേർ സുരക്ഷിതർ

നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ കൂടി സുരക്ഷിതരായി കഴിഞ്ഞ ദിവസം രാത്രിയോടെ മടങ്ങിയെത്തിയതായി മുഖ്യമന്ത്രി വിഡി സതീശൻ സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിൽ നിന്നുള്ള 14 അംഗ സംഘവും കാക്കനാട് സ്വദേശി ശ്രുതി ശിഖാമണി, പിറവം സ്വദേശി റിനീത് മോഹൻ എന്നിവരുമാണ് ഈ സംഘത്തിലുള്ളത്. പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിയ ബാക്കി മലയാളി യാത്രികരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള വിപുലമായ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു.

പ്രളയം ബാധിച്ചപ്പോൾ ആകെ 83 മലയാളികളാണ് നേപ്പാളിലെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്നത്. ഇതിൽ 45 മലയാളികൾ നിലവിൽ സുരക്ഷിതരാണെന്നും ഇവരെ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയതായും വ്യക്തമാക്കിയിട്ടുണ്ട്. മടങ്ങിയെത്തുന്നവർക്കും കുടുങ്ങിക്കിടക്കുന്നവർക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് നോർക്കയും അറിയിച്ചു.

7 മലയാളികളെ കണ്ടെത്താനുണ്ട്; അഞ്ചാം നാളും തെരച്ചിൽ തുടരുന്നു

പ്രളയമേഖലയിലുള്ള 7 പേരെ ഇനിയും ഫോണിലോ മറ്റ് മാർഗങ്ങളിലോ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇതിൽ നാല് പേർ ഓസ്ട്രേലിയൻ പൗരത്വമുള്ള മലയാളി വംശജരാണ്. ഇവരെ കണ്ടെത്താനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം വിവരങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. ദുരന്തമേഖലകളിൽ അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം അതിതീവ്രമായി തുടരുകയാണ്. 7 മലയാളികൾ ഉൾപ്പെടെ 287 ഇന്ത്യക്കാരെയാണ് ഇനി കണ്ടെത്താനുള്ളത്. കാണാതായ രണ്ടായിരത്തി അഞ്ഞൂറോളം പേർക്കായി നേപ്പാൾ സൈന്യവും ദുരന്തനിവാരണ സേനയും തെരച്ചിൽ തുടരുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News