Enter your Email Address to subscribe to our newsletters

Thiruvananthapuram, 30 ഓഗസ്റ്റ് (H.S.)
ഓണാഘോഷങ്ങള്ക്കും ഉത്സവലഹരിക്കും ഇന്ന് തലസ്ഥാന നഗരിയിൽ കൊടിയിറക്കം. ഈ മാസം 23ന് ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണം വാരാഘോഷത്തിനാണ് ഇന്ന് വർണാഭമായ ഘോഷയാത്രയോടെ കൊടിയിറങ്ങുന്നത്.
തലസ്ഥാനത്ത് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനാണ് ഘോഷയാത്രക്ക് ഫ്ളാഗ് ഓഫ് ചെയ്തത്. മുഖ്യമന്ത്രി വി ഡി സതീശൻ, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്, ആരോഗ്യമന്ത്രി കെ മുരളീധരൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, വനിതാ ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ, ഗതാഗത മന്ത്രി സിപി ജോൺ, പട്ടിക ജാതി വകുപ്പ് ക്ഷേമ മന്ത്രി കെഎ തുളസി, ഗവർണർ രാജേന്ദ്ര ആർലേക്കർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.
ഒരാഴ്ചയിലേറെ ആഘോഷമാക്കിയ ഓണക്കാലത്തിനാണ് വർണാഭമായ ഘോഷയാത്രയോടെ സമാപനമാകുന്നത്. കേരളത്തിൻ്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന ഘോഷയാത്ര കാണാനായി ആയിരങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. ഓണാഘോഷ വാരത്തിൽ കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയും ശാസ്തമംഗലം മുതൽ വെള്ളയമ്പലം വരെയും ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്ന ദീപാലങ്കാരം നഗരവീഥിയെ പ്രഭാപൂരിതമാക്കി.
കളരിപ്പയറ്റും, തെയ്യവും, മായാവിയും, മിറർ ഡാൻസുമെല്ലാമായി വാരാഘോഷം കേമമായി. വനിതാ സംഘത്തിൻ്റെ കോൽക്കളിയും റാലിയിൽ ശ്രദ്ധേയമായി. വ്യത്യസ്ത കലാരൂപങ്ങള് കൊണ്ട് വാരാഘോഷ ഘോഷയാത്ര വ്യത്യസ്തമായി. ഒരാഴ്ചത്തെ ഓണാഘോഷത്തിന് ഇതോടെ സമാപനമാകും.
വന്ദേമാതരം പൂർണമായും ആലപിച്ചു
വേദിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ പ്രോട്ടോകോൾ അനുസരിക്കാതെ പറ്റില്ലെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് നേരത്തെ അറിയിച്ചിരുന്നു. ഉദ്ഘാടന വേദിയിലെ റിഹേഴ്സലിനിടെയും വന്ദേമാതരം പൂർണമായും പാടിയിരുന്നു.
ലോക്ഭവൻ ഗേറ്റിൽ വെച്ച് ഉപരാഷ്ട്രപതിയാണ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചത്. മുഖ്യമന്ത്രി വിഡി സതീശനും ചടങ്ങിൽ പങ്കെടുത്തു. ടൂറിസം വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് വൈസ് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചിട്ടുണ്ടെന്ന് പ്രോട്ടോക്കോൾ വിഭാഗം അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR