Enter your Email Address to subscribe to our newsletters

Kottayam , 30 ഓഗസ്റ്റ് (H.S.)
മുൻ അഡീഷണൽചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന പിഎച്ച് കുര്യന് വിട നൽകി ജന്മനാട്. ഭൗതികശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാമ്പാടിയിൽ സംസ്കരിച്ചു. തിരുവനന്തപുരം മുട്ടടയിലെ വസതിൽ പൊതുദർശനത്തിന് ശേഷം വൻ ജനാവലിയോടെ ജന്മ നാട്ടിലെത്തിച്ച് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സൗത്ത് പാമ്പാടി സെൻ്റ്തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്കരിച്ചത്.
പാമ്പാടി കുറ്റിക്കലിലെ പുല്ലു കോട്ടയിൽ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ സമൂഹത്തിൻ്റെ വിവിധ തുറകളിൽ ഉള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി മോൻസ് ജോസഫ് റീത്ത് സമർപ്പിച്ചു. നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, മുൻ മന്ത്രി വി എൻ വാസവൻ, ജില്ലാ കലക്ടർ വാസുകി ഐഎഎസ് എന്നിവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു. ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ ഭവനത്തിലെത്തി പ്രത്യേക പ്രാർത്ഥന നടത്തി.
അന്തിമോപചാര കർമ്മത്തിനിടെ സഹപ്രവർത്തകനായിരുന്ന പിഎച്ച് കുര്യൻ്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നതിനിടെ വികാരഭരിതയായി ലേബര് കമ്മീഷണര് കെ വാസുകി ഐഎഎസ്. പാമ്പാടിയിലെ പൊതു ദർശനത്തിനിടെ അദ്ദേഹത്തിന് ആദരാജ്ഞലികള് അര്പ്പിച്ച് സംസാരിക്കവെയാണ് ഒപ്പമുണ്ടായിരുന്ന ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും അദ്ദേഹത്തിൻ്റെ അവസാന ആഗ്രഹവും വാസുകി പങ്കുവച്ചത്.
'തിരുവനന്തപുരം ജില്ലാ കലക്ടറായി സേവനമനുഷ്ഠിച്ചിരുന്ന കാലഘട്ടത്തില് പിഎച്ച് കുര്യന് സംസ്ഥാന റവന്യൂ പ്രിന്സിപ്പല് സെക്രട്ടറിയായി പ്രവര്ത്തിക്കുകയായിരുന്നു. നിരവധി വെല്ലുവിളികൾ നിറഞ്ഞ സമയമായിരുന്നു അത്. അന്നെല്ലാം സഹായത്തിനായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് അവ തരണം ചെയ്ത് ഇവിടെയെത്താൻ സാധിച്ചത്. അന്നത്തെ പ്രകൃതിദുരന്തങ്ങള് ഉള്പ്പെടെയുള്ള വലിയ പ്രതിസന്ധികളും സങ്കീര്ണ്ണവുമായ സാഹചര്യങ്ങളും തരണം ചെയ്യാന് അദ്ദേഹത്തിൻ്റെ ആത്മാർഥമായ പിന്തുണയുണ്ടായിരുന്നു,' വാസുകി ഓര്ത്തെടുത്തു.
അന്ന് അദ്ദേഹം റവന്യൂ സെക്രട്ടറിയായി കൂടെയില്ലായിരുന്നുവെങ്കില് കലക്ടറെന്ന നിലയിൽ തൻ്റെ ചുമതലകളും പ്രവര്ത്തനങ്ങളും ഇരുപത് മടങ്ങ് കഠിനമായി മാറുമായിരുന്നുവെന്ന് കെ. വാസുകി പറഞ്ഞു. അസുഖബാധിതനായി ചികിത്സയില് കഴിഞ്ഞിരുന്ന സമയത്തും താന് അദ്ദേഹത്തെ നേരിട്ട് ചെന്ന് സന്ദര്ശിച്ചിരുന്നു എന്നാൽ അവസാനമായി ഒന്നു കൂടെ കാണണമെന്നുണ്ടായിരുന്നു. അവസാനം അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽ വസ്ത്ര ദാനം ചെയ്യുന്നതിനെപ്പറ്റിയാണ് സംസാരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
രോഗബാധിതനായ അദ്ദേഹം വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് വച്ചാണ് അന്തരിച്ചത്. 1959 ജനുവരി 20 ന് കോട്ടയം പാമ്പാടിയിലെ സാധാരണ കർഷക കുടുംബത്തിലായിരുന്നു ജനനം. ജന്മ നാടിനെ അളവറ്റ് സ്നേഹിച്ച പിഎച്ച് കുര്യൻ്റെ വേർപാട് നാടിന് നികത്താനാകാത്ത നഷ്ടമായി മാറി. പാലക്കാട്, പാലാ സബ്കലക്ടറായും കോട്ടയം, ഇടുക്കി ജില്ലാ കലക്ടറായും പ്രവര്ത്തിച്ച അദ്ദേഹം സംസ്ഥാനത്തിൻ്റെ ഭരണരംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR