Enter your Email Address to subscribe to our newsletters

Alappuzha , 30 ഓഗസ്റ്റ് (H.S.)
അധികാരമേറ്റ് ഏഴ് മാസം തികയുമ്പോൾ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപിക്ക് അധികാരം നഷ്ടമായി. യുഡിഎഫ് അവതരിപ്പിച്ച പ്രമേയത്തിന് എൽഡിഎഫ് പിന്തുണ നൽകിയതോടെ ഭരണപക്ഷത്തിൻ്റെ കണക്കുകൂട്ടലുകൾ പിഴച്ചു. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ബിജെപി ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി കോൺഗ്രസ് അധികാരത്തിൽ എത്തി. എൽഡിഎഫ് പിന്തുണയോടെയാണ് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായത്. പഞ്ചായത്ത് പ്രസിഡൻ്റ് വി. വിനീതയ്ക്കും വൈസ് പ്രസിഡൻ്റ് ദിനേശ് കുമാറിനുമെതിരെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
12.7 വോട്ടുകൾക്കാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്. തുടക്കത്തിലെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ അധികാരമേറ്റ് ഏഴ് മാസം തികയുമ്പോഴാണ് വി വിനീതയ്ക്ക് പദവി നഷ്ടമാകുന്നത്. യുഡിഎഫ് അവതരിപ്പിച്ച പ്രമേയത്തിന് എൽഡിഎഫ് പിന്തുണ നൽകിയതോടെ ഭരണപക്ഷത്തിൻ്റെ കണക്കുകൂട്ടലുകൾ പിഴച്ചു. ഗ്രാമപഞ്ചായത്തിൽ മൊത്തം 19 വാർഡുകളാണുള്ളത്. കക്ഷിനില കോൺഗ്രസ് - 7, ബിജെപി-7, എൽഡിഎഫ്- 5 ഇങ്ങനെയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് വിനീതയ്ക്ക് പ്രസിഡൻ്റ് സ്ഥാനവും ദിനേശ് കുമാറിന് വൈസ് പ്രസിഡൻ്റ് സ്ഥാനവും ലഭിച്ചത്. പക്ഷപാതപരമായ ഭരണമാണ് പഞ്ചായത്തിൽ കാഴ്ചവച്ചതെന്നും അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും കമ്മിറ്റി വിളിച്ചുകൂട്ടാൻ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും തയ്യാറായില്ലെന്നുമാണ് പ്രമേയത്തിൽ പറയുന്നത്. എന്നാൽ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ഓവ് നിർമ്മിച്ച് നൽകിയത് ഉൾപ്പെടെയുള്ള ജനകീയ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും ചിലർ തങ്ങൾക്കെതിരെ ഒത്തുകളിക്കുകയായിരുന്നുവെന്നും പ്രസിഡൻ്റ് വി വിനീത പറഞ്ഞു.
പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റായതിന് ശേഷം നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നുവെന്നും പ്രതിപക്ഷം അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ കാരണം നോക്കിയിരിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇവർ അവതരിപ്പിച്ച പ്രമേയം തികച്ചും അവിശ്വസനീയമാമെന്നും ആളുകളെ വിവരമറിയക്കാനാണ് സമൂഹമാധ്യമങ്ങളിൽ ആക്ടീവായതെന്നും വിനീത പറഞ്ഞു.
'എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിൻ്റെ ഭാഗമായാണ് ബിജെപി ഭരണസമിതിയെ താഴെയിറക്കിയത്. 131 ദിവസത്തെ ഭരണപാരമ്പര്യം കൊണ്ടാണ് ബിജെപി ഈ ഭരണസമിതിയിൽ നിന്ന് പടിയിറങ്ങുന്നത്' വൈസ് പ്രസിഡൻ്റ് ദിനേശ് കുമാർ പറഞ്ഞു. അതേസമയം ഇന്ത്യയിലെ കോണ്ഗ്രസുകാരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകുന്ന കാര്യമാണ് ബിജെപിയെ ഭരണത്തിൽ നിന്ന് താഴെയിറക്കിയതെന്ന് കോണ്ഗ്രസ് നോർത്ത് മണ്ഡലം പ്രസിഡൻ്റ് ടോമി പറഞ്ഞു.
'ബിജെപിയെ താഴെയിറക്കുക എന്നതാണ് ഇന്ത്യൻ നാഷണൽ കോണ്ഗ്രസിൻ്റെ നയവും തീരുമാനവും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അവിശ്വാസ പ്രമേയം നൽകിയത്, ഇത് ജനങ്ങളുടെ കൂടി വിജയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ഏഴ് സീറ്റ് കിട്ടി നറുക്കെടുപ്പിലൂടെ പ്രസിഡൻ്റും വൈസ്പ്രസിഡൻ്റുമാവാൻ ബിജെപിക്ക് സാധിച്ചുവെങ്കിലും കഴിഞ്ഞ എട്ടുമാസക്കാലം ബജെപി നേതാക്കളുടെ ഒത്താശയോട് കൂടിയാണ് ഇവിടത്തെ പ്രിഡൻ്റും വൈസ്പ്രസിഡൻ്റും ഭരിച്ചുകൊണ്ടിരുന്നത്' അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരിൽ സീനിയോറിറ്റിയുള്ളയാൾക്ക് താൽക്കാലിക അധ്യക്ഷ പദവി നൽകും. ഇതിനുശേഷം 15 ദിവസത്തിനുള്ളിൽ കോൺഗ്രസിൽ നിന്നും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും. തൈക്കാട്ടുശേരി ബിഡിഒ ജി. മോളായിരുന്നു പ്രിസൈഡിങ് ഓഫീസർ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR