ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ്റെ ജീവൻ രക്ഷിച്ച് മെഡിക്കൽ കോളജ് പൊലീസ്.
Kozhikode , 30 ഓഗസ്റ്റ് (H.S.) ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ്റെ ജീവൻ രക്ഷിച്ച് മെഡിക്കൽ കോളജ് പൊലീസ്. കോഴിക്കോട് തൊണ്ടയാട് ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. മെഡിക്കൽ കോളജ് എസ്ഐ സജി മണിയേടത്തും സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീഷും, ഹോം ഗാർ
Suicide attempt


Kozhikode , 30 ഓഗസ്റ്റ് (H.S.)

ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ്റെ ജീവൻ രക്ഷിച്ച് മെഡിക്കൽ കോളജ് പൊലീസ്. കോഴിക്കോട് തൊണ്ടയാട് ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. മെഡിക്കൽ കോളജ് എസ്ഐ സജി മണിയേടത്തും സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീഷും, ഹോം ഗാർഡ് ധനീഷും ചേർന്ന് മെഡിക്കൽ കോളജിനടുത്ത് പൊലീസ് സ്റ്റേഷൻ്റെ പരിധിയിൽ രാത്രികാല പെട്രോളിംഗ് നടത്തുന്നതിനിടയിൽ വയർലെസ് സൈറ്റിലേക്ക് ഒരു മെസേജ് വന്നു. കോഴിക്കോട് തൊണ്ടയാട് ഭാഗത്ത് ഒരു വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിക്കുന്നുണ്ടെന്ന്. പിന്നെ ഒന്നും നോക്കിയില്ല എസ്ഐയും സംഘവും പെട്രോളിംഗ് വാഹനവുമായി വേഗത്തിൽ തൊണ്ടയാട് ഭാഗത്തേക്ക് വച്ചു പിടിച്ചു.

പുലർച്ചെ മൂന്നുമണി ആയതിനാൽ വഴി ആരോടും ചോദിക്കാൻ സാധിച്ചില്ലെങ്കിലും മെസേജ് അനുസരിച്ച് ലഭിച്ച വിവരങ്ങൾ പ്രകാരം വീട് കണ്ടുപിടിച്ചു. ഗേറ്റ് തുറന്ന് വീട്ടുമുറ്റത്ത് എത്തിയ പൊലീസ് സംഘം നിരവധി തവണ ബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. പിന്നെ വാതിലിൽ മുട്ടി നോക്കി, എന്നിട്ടും വാതിൽ തുറക്കാൻ ആരും എത്തിയില്ല. എന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് വീടിനു ചുറ്റും പരിശോധിച്ചു.

അതിനിടയിൽ ജനലിനകത്തൂടെ നോക്കുമ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. വയോധികൻ ആത്മഹത്യക്ക് ശ്രമിക്കുന്ന ദൃശ്യങ്ങൾ കണ്ട പൊലീസ് ഉടൻ തന്നെ വീടിൻ്റെ മുൻവശത്തെത്തി വാതിലിൽ വീണ്ടും ശക്തിയായി തട്ടി. അല്പനേരം കഴിഞ്ഞപ്പോൾ വയോധികയായ ഒരു സ്ത്രീ വാതിൽ തുറന്നു.

ഒട്ടും സമയം കളയാതെ പൊലീസ് അകത്തേക്ക് കുതിച്ച് വയോധികനെ രക്ഷിക്കാൻ ശ്രമം തുടങ്ങി

വളരെ പരിശ്രമിച്ചാണ് അൻമ്പത്തി മൂന്നുകാരൻ്റെ ആത്മഹത്യ ശ്രമം പൊലീസ് തടഞ്ഞത്. ശേഷം പ്രാഥമിക ശുശ്രൂഷയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസുകാർ കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. ഭാര്യയും മകളും പിണങ്ങിപ്പോയതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് വയോധികൻ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ബന്ധുക്കളെയെല്ലാം വിളിച്ചുവരുത്തി മറ്റ് നടപടികൾ സ്വീകരിച്ച ശേഷമാണ് മെഡിക്കൽ കോളജ് എസ് ഐ സജിയും സംഘവും മടങ്ങിയത്. പൊലീസ് കാണിച്ച ജാഗ്രതയും അവസരോചിതമായ ഇടപെടലും കാരണമാണ് അൻപത്തിമൂന്നുകാരന് ജീവൻ തിരിച്ചു കിട്ടിയത്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ - 1056 ബന്ധപ്പെടുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News