സാംസ്കാരിക തലസ്ഥാനത്തെ ആവേശത്തിലാഴ്ത്തിയ 2026 ലെ പുലിക്കളി മഹോത്സവത്തിൽ അയ്യന്തോൾ ദേശം വീണ്ടും ചാമ്പ്യന്മാരായി
Thrissur , 30 ഓഗസ്റ്റ് (H.S.) നാടൻ താളമേളങ്ങളുടെയും നിറപ്പകിട്ടിൻ്റെയും അകമ്പടിയോടെ സാംസ്കാരിക തലസ്ഥാനത്തെ ആവേശത്തിലാഴ്ത്തിയ 2026 ലെ പുലിക്കളി മഹോത്സവത്തിൽ അയ്യന്തോൾ ദേശം വീണ്ടും ചാമ്പ്യന്മാരായി. മണിക്കൂറുകൾ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ, താള
AYYANTHOLE DESAM PULIKKALI


Thrissur , 30 ഓഗസ്റ്റ് (H.S.)

നാടൻ താളമേളങ്ങളുടെയും നിറപ്പകിട്ടിൻ്റെയും അകമ്പടിയോടെ സാംസ്കാരിക തലസ്ഥാനത്തെ ആവേശത്തിലാഴ്ത്തിയ 2026 ലെ പുലിക്കളി മഹോത്സവത്തിൽ അയ്യന്തോൾ ദേശം വീണ്ടും ചാമ്പ്യന്മാരായി. മണിക്കൂറുകൾ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ, താളമേളം, പുലിവര, പുലിക്കൊട്ട്, അച്ചടക്കം എന്നിവ മുൻനിർത്തി വിധികർത്താക്കൾ നൽകിയ വിധിനിർണയത്തിലാണ് അയ്യന്തോൾ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ആദ്യമായി മത്സരക്കളത്തിലിറങ്ങിയ ഒളരിക്കര ദേശം വിസ്മയകരമായ പ്രകടനത്തോടെ രണ്ടാം സ്ഥാനം നേടി. വിയ്യൂർ യുവജന സംഘം മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, മികച്ച അച്ചടക്കത്തിനുള്ള പുരസ്കാരവും അയ്യന്തോൾ ദേശം സംഘാടകസമിതി നേടി.

വടക്കുന്നാഥൻ്റെ പ്രദക്ഷിണ വഴിയിൽ 459 പുലികളുടെ താണ്ഡവം

നാലോണ നാളിൽ സ്വരാജ് റൗണ്ടിനെ വിറപ്പിച്ചുകൊണ്ട് 9 ദേശങ്ങളിൽ നിന്നായി 459 പുലികളാണ് കളത്തിൽ നിറഞ്ഞാടിയത്. വൈകുന്നേരം നാലരയോടെ മന്ത്രി ഒ ജെ ജനീഷ് പുലിക്കളി ഫ്ലാഗ് ഓഫ് ചെയ്തു. വിയ്യൂർ യുവജന സംഘം, കുട്ടൻകുളങ്ങര, സീതാറാം മിൽ, ചക്കാമുക്ക്, നായ്ക്കനാൽ, പാട്ടുരായ്ക്കൽ, ശങ്കരംകുളങ്ങര, അയ്യന്തോൾ, ഒളരിക്കര എന്നീ 9 സംഘങ്ങളിലായി കുട്ടിപ്പുലികളും പെൺപുലികളും മുതിർന്ന പുലികളും അടക്കം മാറ്റുരച്ചു.

നടുവിലാലിലെ ഗണപതി ക്ഷേത്രത്തിൽ നാളികേരമുടച്ചാണ് ഓരോ സംഘവും റൗണ്ടിലേക്ക് പ്രവേശിച്ചത്. കാഴ്ച്ചക്കാർക്ക് കൗതുകമുണർത്തി ഫ്ലൂറസെൻ്റ് പുലികളും കരിമ്പുലികളും ഇത്തവണ തെരുവുകളെ വർണ്ണാഭമാക്കി. പുരാണകഥകൾക്കൊപ്പം 'ഓപ്പറേഷൻ തൂഫാൻ' ഉൾപ്പെടെയുള്ള സമകാലിക ബോധവൽക്കരണ വിഷയങ്ങൾ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളും ശ്രദ്ധേയമായി.

ചരിത്രമെഴുതി പത്തുകാരി ആരാധ്യ: പുലിപ്പടയെ നയിച്ച പെൺകരുത്ത്

ഇത്തവണത്തെ പുലിക്കളിയുടെ പ്രധാന ആകർഷണം അയ്യന്തോൾ ദേശത്തിൻ്റെ പുലിപ്പടയെ നയിച്ച ആരാധ്യ എന്ന പത്ത് വയസ്സുകാരിയായ 'പെൺപുലി' ആയിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു പെൺകുട്ടി ഒരു ദേശത്തിൻ്റെ മുഴുവൻ പുലിപ്പടയുടെയും നായകത്വം ഏറ്റെടുക്കുന്നത്. 2016 ൽ പെൺപുലികളെയും 2021 ൽ ട്രാൻസ്ജെൻഡർ പുലിയെയും കളത്തിലിറക്കി മാറ്റങ്ങൾക്ക് തുടക്കമിട്ട അയ്യന്തോൾ ദേശം, ആരാധ്യയിലൂടെ മറ്റൊരു വിപ്ലവകരമായ ചരിത്രം കൂടി കുറിക്കുകയായിരുന്നു.

പുലർച്ചെ മുതൽ തുടങ്ങിയ ചായം പൂശലുകൾക്ക് ശേഷം നഗരത്തിലെത്തിയ പുലിക്കൂട്ടങ്ങളുടെ ആവേശം കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ആളുകളാണ് തൃശൂർ നഗരത്തിൽ തമ്പടിച്ചത്. വിധികർത്താക്കളുടെ ദീർഘനേരത്തെ പരിശോധനകൾക്ക് ശേഷമാണ് അർദ്ധരാത്രിയോടെ സമ്മാനങ്ങൾ പ്രഖ്യാപിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News